Categories
exclusive

മോദി ഭാരതം വാക്‌സിന്‍ അസമത്വത്തിലേക്ക്

വാക്‌സിനേഷന്‍ എന്നത് ഇത്രയും കാലമായി ദേശീയ രോഗപ്രതിരോധ പദ്ധതിയുടെ ഭാഗമായിരുന്നു. കേന്ദ്രഗവണ്‍മെന്റിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇന്ത്യയിലെ ഇതുവരെയുള്ള എല്ലാ വാക്‌സിനേഷനും സൗജന്യമായി നടത്തി വരുന്നത്

Spread the love

ഇന്ത്യയിലെ ജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള ബാധ്യതയില്‍ നിന്നും പതുക്കെ തലയൂരാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നയം ദൂരവ്യാപകമായ പ്രത്യാഘാതമാണ് രാജ്യത്തിന്റെ രോഗപ്രതിരോധ രംഗത്ത് ഉണ്ടാക്കാന്‍ പോകുന്നത്. വാക്‌സിനേഷന്‍ എന്നത് ഇത്രയും കാലമായി ദേശീയ രോഗപ്രതിരോധ പദ്ധതിയുടെ ഭാഗമായിരുന്നു. കേന്ദ്രഗവണ്‍മെന്റിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇന്ത്യയിലെ ഇതുവരെയുള്ള എല്ലാ വാക്‌സിനേഷനും സൗജന്യമായി നടത്തി വരുന്നത്. കുട്ടികള്‍ക്കുള്ള പ്രതിരോധ വാക്‌സിനുകള്‍ മുതല്‍ പോളിയോ നിര്‍മ്മര്‍ജ്ജനം വരെ ഈ രീതിയിലുള്ള കേന്ദ്ര പദ്ധതികളാണ്. പൗരന്‍മാരുടെ ക്ഷേമത്തിനായുള്ള കേന്ദ്രസര്‍ക്കാരിന്റെ എല്ലാക്കാലത്തെയും ബൃഹത്തായ പദ്ധതിയാണ് ഈ വാക്‌സിനേഷന്‍ പദ്ധതി. (മറ്റൊന്ന് പൊതുവിതരണ സമ്പ്രാദയം ആയിരുന്നു. ഇത് നേരത്തെ യു.പി.എ. സര്‍ക്കാര്‍ തന്നെ കടയ്ക്കല്‍ കത്തി വെച്ച് ഏകദേശം മൃതപ്രായമാക്കിയിട്ടുണ്ട്.

അതായത് വാക്‌സിനേഷനും പൂര്‍ണ സൗജന്യവും കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളിലും സ്വന്തം ഉത്തരവാദിത്വത്തില്‍ വാക്‌സിന്‍ എത്തിച്ചു നല്‍കുന്നതുമായ ഒരു പദ്ധതിയാണ്. അതാണ് മോദിസര്‍ക്കാര്‍ തകര്‍ക്കാന്‍ പോകുന്നത് എന്ന സംശയം ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. രാജ്യത്ത് വാക്‌സിന്‍ അസമത്വം എന്ന ഭീകരമായ അവസ്ഥയിലേക്കാണ് കേന്ദ്രത്തിന്റെ പുതിയ നയം എത്തിക്കുക എന്ന ആശങ്ക അസ്ഥാനത്തല്ല.

thepoliticaleditor

വാക്‌സിന്‍ സംസ്ഥാനങ്ങള്‍ നേരിട്ടു വാങ്ങുക എന്ന നയം കൊണ്ടുവന്നത് വലിയ സൗകര്യമാണ് എന്ന നാട്യത്തിലാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ തൊട്ടുപിറകെ വ്യക്തമാക്കിയ കാര്യങ്ങള്‍ ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെ വയറ്റത്തടിക്കുന്നതായിരുന്നു. വാക്‌സിന്‍ കമ്പനികള്‍ക്ക് വാക്‌സിന്‍ സര്‍ക്കാരിന് നല്‍കുന്നതിനേക്കാള്‍ ലാഭം ആഭ്യന്തര പൊതു വിപണിയിലും, അതു പോലെ ആഭ്യന്തര വിപണിയില്‍ നല്‍കുന്നതിനേക്കാള്‍ ലാഭം വിദേശത്ത് നൽകുന്നതുമാണ്.

150 രൂപയ്ക്ക് കേന്ദ്രസര്‍ക്കാരിന് കൊവിഷീല്‍ഡ് വാക്‌സിന്‍ ഡോസ് നല്‍കാന്‍ സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കുന്നു. ഉല്‍പാദിപ്പിക്കുന്ന അമ്പത് ശതമാനം ഡോസുകള്‍ സര്‍ക്കാരിന് നല്‍കണം. ബാക്കി അമ്പത് ശതമാനം ഉല്‍പാദകകമ്പനിക്ക് പൊതുവിപണയിലോ സംസ്ഥാനസര്‍ക്കാരുകള്‍ക്കോ വില്‍ക്കാം. ജനത്തിന് പണം നല്‍കി വാക്‌സിന്‍ സ്വീകരിക്കാം. ഇതാണ് ഇടപാട്. സര്‍ക്കാര്‍ പരമാവധി 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ 600 രൂപയ്ക്കും വാക്‌സിന്‍ ജനത്തിന് നല്‍കണം എന്നതാണ് കേന്ദ്രസര്‍ക്കാര്‍ വെച്ചിരിക്കുന്ന നിബന്ധന. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, പി.ചിദംബരം എന്നിവര്‍ ആഞ്ഞടിച്ചിരിക്കയാണ്. ഇന്ത്യയിലെ എത്ര പേര്‍ക്ക് ഒരു ഡോസിന് 400-600 രൂപ വെച്ച്, അതായത് രണ്ട് ഡോസുകള്‍ക്ക് 800-1200 രൂപ നല്‍കി വാക്‌സിന്‍ എടുക്കാന്‍ കഴിയും എന്നാണ് പി.ചിദംബരം ചോദ്യമുന്നയിച്ചിരിക്കുന്നത്.
ലോകത്തില്‍ ഏറ്റവും വാക്‌സിന്‍ സുരക്ഷിതത്വം ആദ്യം ജനത്തിന് നല്‍കാവുന്ന രാജ്യമാണ് ഇന്ത്യ. കാരണം ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ ഉല്‍പാദനകമ്പനി ഇന്ത്യയിലാണ്– സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്ന പൂനെയിലെ സ്ഥാപനം. എന്നാല്‍ നരേന്ദ്രമോദി സ്വീകരിച്ച ഉദാസീന നയം ആ സ്ഥാപനത്തിന്റെ ശേഷി മുഴുവന്‍ ഉപയോഗപ്പെടുത്തുന്നതിലേക്ക് നയിച്ചില്ല. ഇന്ത്യയില്‍ ആദ്യമായി കൊവിഡ് വാക്‌സിന്‍ ഉല്‍പാദനത്തിന് അനുമതി ലഭിച്ചതും സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനായിരുന്നു. കൊവി ഷീല്‍ഡ് വാക്‌സിനായിരുന്നു അത്. ഇത് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ആയിരുന്നു. മോദി ആവട്ടെ കാര്യമായി ഉയര്‍ത്തിക്കാട്ടിയത് അഹമ്മദാബാദിലെ ഭാരത് ബയോ ടെക് ഉണ്ടാക്കാന്‍ തീരുമാനിച്ച് കൊവാക്‌സിന്‍ എന്ന തദ്ദേശീയ വാക്‌സിന്‍ ആയിരുന്നു. ഈ വാക്‌സിന്റെ പരീക്ഷണം പോലും പൂര്‍ത്തിയാകുന്നതിനു മുമ്പേ അനുമതി നല്‍കാനുള്ള മെഡിക്കല്‍ അധാര്‍മികതയും കേന്ദ്രസര്‍ക്കാര്‍ കാണിച്ചു. ഇത് വന്‍ വിമര്‍ശനത്തിന് കാരണമായി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പോലും തള്ളിപ്പറഞ്ഞു.

കൊവിഷീല്‍ഡ് ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ 3000 കോടി രൂപ ധനസഹായം നല്‍കണമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനാവാല കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും ഇതു വരെ അനുവദിച്ചിട്ടില്ല. നേരത്തെ തന്നെ വേണ്ടത്ര ഫണ്ട് നല്‍കി സഹായിച്ചിരുന്നെങ്കില്‍ തുച്ഛമായ നിരക്കില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് രാജ്യത്തിനാവശ്യമായ മുഴുവന്‍ വാക്‌സിനും നല്‍കിയേനെ. ഇപ്പോഴും അവരുടെതാണ് രാജ്യത്തെ എന്നല്ല, ലോകത്തിലെ തന്നെ മുന്‍നിര വാക്‌സിനുകളുടെ നിരക്കുകളില്‍ ഏറ്റവും കുറഞ്ഞ വില എന്നും ഓര്‍ക്കുക. കേന്ദ്രസര്‍ക്കാര്‍ ഉറങ്ങുകയായിരുന്നുവോ എന്ന ചോദ്യം ഇവിടെയും ഉയരുകയാണിപ്പോള്‍.

കൊവിഡ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ മൂന്നാംനാള്‍ മോദി സ്വയം ഒരു ഫണ്ട് പ്രഖ്യാപിച്ചിരുന്നു–പി.എം.കെയേഴ്‌സ് ഫണ്ട്. കൊവിഡ് പ്രതിരോധത്തിന് സഹായിക്കാനുള്ള ഫണ്ട് സ്വരൂപണം. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നു പോലും ഒഴിവാക്കപ്പെട്ട ആ ഫണ്ടിന്റെ വിശദാംശങ്ങള്‍ ദുരൂഹമാണ്. വാക്‌സിന്‍ ഗവേഷണത്തിനായി ഉപയോഗിച്ചത് 100 കോടി രൂപ മാത്രമാണ് എന്നാണ് പുറത്തു വരുന്ന വിവരം. വാക്‌സിന്‍ വാങ്ങാന്‍ എത്ര രൂപ ഉപയോഗിക്കുന്നുണ്ട് എന്നത് വ്യക്തമല്ല. എന്നാല്‍ ഈ ഫണ്ടില്‍ കഴിഞ്ഞ വര്‍ഷം അവസാനം വരെ കിട്ടിയത് 9690 കോടി രൂപയാണെന്ന കണക്ക് പുറത്തു വന്നിട്ടുണ്ട്. ഈ തുക ഉപയോഗിച്ചാല്‍ രാജ്യത്തെ 18-നും 45-നും ഇടയില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിനേഷന്‍ നടത്താന്‍ കഴിയും. കാരണം സെന്‍സസ് കണക്കു പ്രകാരം 18-45 വിഭാഗത്തില്‍ 45 കോടി പൗരന്‍മാരാണ് ഇന്ത്യയിലുള്ളത്. 45 കോടി പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കിയ വിലനിരക്ക് പ്രകാരം 9000-13000 കോടി രൂപ മതി. കേന്ദ്രബജറ്റില്‍ 25,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട് എന്ന പ്രഖ്യാപനമുണ്ടായിരുന്നു. ഇന്ത്യയിലെ എല്ലാ ജനത്തിനും സൗജന്യ വാക്‌സിനേഷന് ഈ പണം ധാരാളമാണ്.

എന്നാല്‍ ഇപ്പോള്‍ സ്ഥിതി ദയനീയമാണ്. 45 വയസ്സിനു മേല്‍ പ്രായമുള്ളവര്‍ക്കുള്ള വാക്‌സിന്‍ നല്‍കല്‍ ആരംഭിച്ചതോടെ ഇന്ത്യയില്‍ എല്ലായിടത്തും വാക്‌സിന്‍ ക്ഷാമം ഉണ്ടായിരിക്കുന്നു. ഇത് എന്തു കൊണ്ടാണ്. ഒന്നാമതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടത്ര ധനസഹായം നല്‍കി കൂടുതല്‍ ഉല്‍പാദനത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. മോദിയുടെ വാക്‌സിന്‍ നയം പാളിപ്പോയിരിക്കുന്നു. രണ്ട്–വാക്‌സിന്‍ നയതന്ത്രത്തിലൂടെ പ്രശസ്തി വര്‍ധിപ്പിക്കാനുള്ള മോദിയുടെ തന്ത്രം തിരിച്ചടിച്ചടിച്ചു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പാദിപ്പിച്ച് കേന്ദ്രസര്‍ക്കാരിന് കൈമാറിയ 12 കോടി വാക്‌സിനില്‍ ആറേകാല്‍ കോടി ഡോസും മോദി നല്‍കിയത് വിദേശത്തേക്കാണ്. ഇന്ത്യയാണ് ലോകത്തിന്റെ മരുന്നു ദാതാക്കള്‍ എന്ന് പേരു സമ്പാദിക്കാനായിരുന്നു നീക്കം. ദരിദ്രരാജ്യങ്ങള്‍ക്ക് മരുന്നു നല്‍കുന്നതിനു മുമ്പേ ഇന്ത്യയില്‍ ലഭ്യത ഉറപ്പു വരുത്താന്‍ മോദി എന്തെങ്കിലും ചെയ്‌തോ എന്ന ചോദ്യം ഇപ്പോള്‍ ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു.
കൊവിഷീല്‍ഡിന്റെയും കൊവാക്‌സിന്റെയു ഉല്‍പാദനം പരമാവധി വര്‍ധിപ്പിച്ച് വാക്‌സിന്‍ ക്ഷാമം തീര്‍ത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയുമായിരുന്നിടത്ത് ഇപ്പോള്‍ സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാക്കി, അവര്‍ വേണമെങ്കില്‍ വാക്‌സിന്‍ ഉയര്‍ന്ന വിലയ്ക്ക് വാങ്ങി ഉപഭോക്താക്കള്‍ കൂടിയ വില നല്‍കി ഉപയോഗിക്കട്ടെ എന്ന അത്യധികം ജനവിരുദ്ധമായ നയമാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. സി.പി.എം. ജനറല്‍ സെക്രട്ടരി സീതാറാം യെച്ചൂരിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും ഇതിനെതിരെ രംഗത്ത് വന്നു കഴിഞ്ഞു.
പ്രധാനപ്പെട്ട വേറൊരു ചോദ്യം വരുന്നത് ഇതാണ്–കുറഞ്ഞ വിലയില്‍ കേന്ദ്രസര്‍ക്കാര്‍ വാങ്ങുന്ന 50 ശതമാനം വാക്‌സിന്‍ എന്തു ചെയ്യാനാണ് ഉദ്ദേശ്യം. സ്വന്തം പ്രതിച്ഛായ വര്‍ധനവിനായി വിദേശ കയറ്റുമതിക്കാണോ ഇതുപയോഗിക്കുക. 50 ശതമാനം വാക്‌സിന്‍ എന്നു പറയുമ്പോള്‍ അത് വലിയൊരു അളവാണ്.
ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ ഉല്‍പാദക കമ്പനി കയ്യിലുണ്ടായിട്ടും ഇന്ത്യയില്‍ ആദ്യഘട്ടത്തില്‍ തന്നെ വാക്‌സിന്‍ ക്ഷാമം എന്നത് ലോകത്ത് തന്നെ അത്ഭുതമായിരിക്കയാണ.് വാക്‌സിന്‍ മാത്രമല്ല, മെഡിക്കല്‍ ഓക്‌സിജന്‍ പോലും ഇല്ല. കൊവിഡ് പ്രതിരോധത്തിന് ഫണ്ട സ്വീകരിക്കാന്‍ തിടുക്കം കാട്ടിയ സര്‍ക്കാര്‍ ആ ഫണ്ടുപയോഗിച്ച് പ്രതിരോധത്തിനുള്ള എന്ത് പ്ലാനിങ് ആണ് നടത്തിയത് എന്ന ചോദ്യം ഇപ്പോള്‍ ഉയരുന്നുണ്ട്.

ഡെല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ഇക്കാര്യത്തിന് കേന്ദ്രസര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചത്. ആ നേരത്ത് സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിക്ക് ഒരു ഉറപ്പാണ് കൊടുത്തത്–നാല് ഓക്‌സിജന്‍ പ്ലാന്റുകള്‍ ഉടനെ ആരംഭിക്കാന്‍ നടപടി സ്വീകരിക്കാം!!! അവിടെ ഉണ്ടാക്കിയ ഓക്‌സിജന്‍ എത്തുമ്പോഴേക്കും മോദിഭാരതത്തിലെ എത്ര പൗരന്‍മാര്‍ പ്രാണവായു കിട്ടാതെ മരിച്ചിരിക്കും എന്നത് ആര്‍ക്കു അറിയാനാവില്ല. കാരണം ഗുജറാത്തില്‍ ഉള്‍പ്പെടെ എത്ര പേര്‍ മരിക്കുന്നു എന്ന് കൃത്യമായ കണക്കു പോലും പുറത്തു വരാത്ത കാലമാണിത്.

Spread the love
English Summary: MODI BHARATHAM TO VACCINE INEQUALITY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick