അടിമുടി നാടകീയതയുമായി ‘വൂള്‍ഫ്’ ഇന്ന് റിലീസ് ചെയ്യുന്നു.
വിവാഹം നിശ്ചയിക്കുമ്പോഴേക്കും തന്നെ പുരുഷന്‍ ഒരു പെണ്ണിന്റെ മേല്‍ പ്രയോഗിച്ചു തുടങ്ങുന്ന അധികാരക്കോയ്മ, കല്യാണം കഴിയും മുമ്പേ തുടങ്ങുന്ന ആണധികാരത്തില്‍ മനം മടുക്കുന്ന യുവതി ചെന്നു ചാടുന്ന ചതിക്കുഴികള്‍–അതിനാടകീയത നിറഞ്ഞെ ഒരു കഥയുടെ സിനിമാ രൂപം.
പ്രശസ്ത കഥാകൃത്ത് ജി.ആര്‍.ഇന്ദുഗോപന്റെ വൂള്‍ഫ് എന്ന കഥ യുവ സംവിധായകരില്‍ പ്രതിഭ തെളിയിച്ച ഷാജി അസീസ് ആണ് വെള്ളിത്തിരയിലെത്തിച്ചിരിക്കുന്നത്. കൊവിഡ് കാലത്തെ റീലീസിങ് പ്രത്യേകതയായ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലാണ് ഈ സിനിമയുടെയും റിലീസ്. എന്നാല്‍ മറ്റൊരു സവിശേഷത കൂടിയുണ്ട് വൂള്‍ഫിന്–സീ -5 എന്ന ഒ.ടി.ടി.ക്കൊപ്പം ടി.വി.യിലും സിനിമ ഇന്ന് റിലീസ് ചെയ്യുന്നുണ്ട്. ഞായറാഴ്ച വൈകീട്ട് 3.30 മണിക്ക് zee കേരളം ടി.വി. ചാനലില്‍ ഈ സിനിമ പ്രേക്ഷകര്‍ക്ക് കാണാം.
പുരുഷന്റെ ഉള്ളില്‍ പലപ്പോഴും ഒരു ചെന്നായ ഉണ്ടെന്നും അത് പലരില്‍ പല തരത്തിലാണെന്നും അത് തിരിച്ചറിയാന്‍ സ്ത്രീകള്‍ പലപ്പോഴും വൈകിപ്പോകുന്നുവെന്നും ഈ സിനിമ രസകരമായി പറഞ്ഞുവെക്കുന്നു. പ്രണയത്തിലും വിവാഹത്തിലുമെല്ലാം ഇത്തരം വൂള്‍ഫുകള്‍ സ്ത്രീയെ തെറ്റിദ്ധരിപ്പിക്കുന്നു. അവര്‍ ഇതറിയുന്നത് മോശം അനുഭവങ്ങള്‍ അവരെ വരിഞ്ഞു ശ്വാസം മുട്ടിക്കുമ്പോള്‍ മാത്രമാണ്. ഇതാണ് വൂള്‍ഫിന്റെ നാടകീയത നിറഞ്ഞ പ്രമേയം. വലിയൊരു സസ്‌പെന്‍സിലേക്ക് വന്ന് അവസാനിക്കുന്ന സിനിമ പല നിലയിലും ഒരു പാട് സമകാല പ്രാധാന്യം നിറഞ്ഞതാണ്.
സ്ത്രീയുടെ കണ്ണിലൂടെ പുരുഷനെ നിര്‍വ്വചിക്കുകയും തെറ്റിപ്പോയെന്ന് മനസ്സിലാക്കപ്പെടുകയും ചെയ്യുന്ന കഥ കൂടിയാണിത്. താന്‍ അറിഞ്ഞതല്ല പുരുഷന്‍ എന്ന യാഥാര്‍ഥ്യം രണ്ട് പുരുഷന്‍മാരിലൂടെ–ഒരാള്‍ പ്രതിശ്രുത വരന്‍, മറ്റെയാള്‍ തന്റെ കാമുകന്‍–അനുഭവിച്ചറിയുന്ന നായിക. നല്ലതെന്ന് വിചാരിച്ച വ്യക്തിയിലെ ക്രൗര്യം അപ്രതീക്ഷിതമായി പുറത്തുവരുന്നതു കണ്ട് പകച്ചു പോകുന്ന യുവതി. പുറമേ ശാന്തം, അകത്ത് ചെന്നായയുടെ മുഖം. എന്നാല്‍ പുറത്ത് പരുക്കന്‍ എന്ന് പറഞ്ഞ് വിവാഹം ഉറപ്പിച്ച ആളെ ഉപേക്ഷിക്കാന്‍ തുടങ്ങുമ്പോള്‍ പെട്ടെന്ന് കഥയിലുണ്ടാകുന്ന ട്വിസ്റ്റ്…നാടകീയത നിറഞ്ഞ ഈ സിനിമ സോഷ്യല്‍മീഡിയക്കാലത്തെ പ്രണയത്തിന്റെയും വിവാഹത്തിന്റെയും പുരുഷാധികാരത്തിന്റെയും സജീവമായ മുഹൂര്‍ത്തങ്ങള്‍ അനുഭവിപ്പിക്കുന്നു. ചര്‍ച്ച ചെയ്യേണ്ട സിനിമയായി വൂള്‍ഫ് മാറുന്നത് ഇങ്ങനെയാണ്.
അര്‍ജുന്‍ അശോകനും സംയുക്ത മേനോനും ടൈറ്റില്‍ റോളുകളിലെത്തുന്ന ഈ സിനിമയില്‍ ഷൈന്‍ ടോം ചാക്കോ എന്നിവരും ശ്രദ്ധേയമായ അഭിനയം കാഴ്ച വെക്കുന്നുണ്ട്. കഥയെഴുതിയ ജി.ആര്‍.ഇന്ദുഗോപന്റെതു തന്നെയാണ് തിരക്കഥയും.