കാലിത്തീറ്റ കുംഭകോണക്കേസില്‍ കഴിഞ്ഞ മൂന്നേകാല്‍ക്കൊല്ലം ജയിലില്‍ കിടക്കുകയായിരുന്നു മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി മിശിഹായുമായ ലാലു പ്രസാദ് യാദവിന് ഒടുവില്‍ കോടതിയുടെ ജാമ്യം. ഝാര്‍ഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. ഒരു ലക്ഷം രൂപയുടെ ബോണ്ടും പത്ത് ലക്ഷം പിഴയും നല്‍കണം. ഹൈക്കോടതിയുടെ അനുവാദമില്ലാതെ രാജ്യം വിട്ടു പോകരുത്. വിലാസമോ മൊബൈല്‍ നമ്പറോ മാറ്റാന്‍ പാടില്ല.
പല കേസുകളില്‍ ജയില്‍ ശിക്ഷ നേരിടുകയായിരുന്ന ലാലു പ്രസാദ് യാദവിന് നേരത്തെ ദുംക ട്രഷറി കേസിലും ചായ്ബാസ ട്രഷറി കേസിലും ജാമ്യം കിട്ടിയിരുന്നെങ്കിലും പുറത്തു വരാന്‍ കഴിഞ്ഞിരുന്നില്ല. 2017 ഡിസംബര്‍ 23-നാണ് കാലിത്തീറ്റ കേസില്‍ ലാലു ജയിലിലായത്.
പിതാവിന് ജയില്‍ മോചനം ലഭിച്ചതില്‍ തേജസ്വി യാദവ് ആഹ്‌ളാദം പ്രകടിപ്പിച്ചു. കോടതിക്ക് അദ്ദേഹം നന്ദി പറഞ്ഞു. ലാലുവിന്റെ ആരോഗ്യാവസ്ഥയില്‍ താന്‍ ഉല്‍കണ്ഠാകുലനാണെന്നും തേജസ്വി പറഞ്ഞു. കഴിഞ്ഞ ജനുവരി മുതല്‍ ലാലു ഗുരുതരമായ അസുഖങ്ങളെ തുടര്‍ന്ന് വിവിധ എയിംസ് ആശുപത്രികളില്‍ ചികില്‍സയിലാണ്.
കാലിത്തീറ്റ കേസ് എന്ന പേരില്‍ ലാലുവിന്റെ പേരില്‍ നാല് പണംതിരിമറിക്കേസുകള്‍ നിലവിലുണ്ട്. ട്രഷറികേസ് എന്നാണ് ഇവ അറിയപ്പെടുന്നത്. ചായ്ബാസ ട്രഷറികേസില്‍ 37.7 കോടി രൂപ അനധികൃതമായി പിന്‍വലിച്ചു എന്നതാണ് കുറ്റം. ശിക്ഷ അഞ്ച് വര്‍ഷത്തേക്കായിരുന്നു.
ദയോഘര്‍ ട്രഷറികേസില്‍ 84.53 ലക്ഷം പിന്‍വലിച്ചു എന്നതാണ് കുറ്റം. ലാലുവിനെ മൂന്നര വര്‍ഷത്തേക്ക് ശിക്ഷിച്ചു.
വീണ്ടും ഒരു ചായ്ബാസ ട്രഷറിത്തട്ടിപ്പില്‍ 33.67 കോടി രൂപ തട്ടിയെടുത്തു എന്ന കുറ്റത്തിന് അഞ്ച് വര്‍ഷം തടവ്.
നാലാമത്തേത് ദുംക ട്രഷറി കേസ്. 3.13 കോടി രൂപ പിന്‍വലിച്ച കുറ്റം. രണ്ടു വകുപ്പുകളിലായി ഏഴ്, ഏഴ് വര്‍ഷം തടവ്.
ഇങ്ങനെ നോക്കിയാല്‍ ആകെ 27 വര്‍ഷത്തെ തടവാണ് ലാലുവിന് ട്രഷറി തട്ടിപ്പുകേസുകളില്‍ മാത്രം അനുഭവിക്കേണ്ടത്.
മുന്‍പ് പല തവണ ജയിലില്‍ കിടന്ന ചരിത്രവും ഈ സോഷ്യലിസ്റ്റ് നേതാവിനുണ്ട്. 1997 ജൂലായില്‍ ആയിരുന്നു ആദ്യ ജയില്‍വാസം. അന്ന് 135 ദിവസം കിടന്നു. 1998 ഒക്ടോബറില്‍ വീണ്ടും ജയിലിലായി. 73 ദിവസം കിടന്നു. പിന്നെ, 2000 ഏപ്രലിലും നവംബറിലും ആകെ 12 ദിവസം, 2013-ല്‍ 70 ദിവസം കാലിത്തീറ്റ കേസില്‍ ജയിലില്‍. കാലിത്തീറ്റ കേസില്‍ തന്നെ 2017-ല്‍ ഇപ്പോളത്തെ ദീര്‍ഘ ജയില്‍വാസം. ചായ്ബാസ ട്രഷറിയില്‍ നിന്നും 37 കോടി തട്ടിയെടുത്ത കേസ് ആണ് കാലിത്തീറ്റ കുംഭകോണം എന്ന പേരില്‍ സി.ബി.ഐ. അന്വേഷിച്ച കേസ്.