കൊവിഡ് മഹാമാരിയില്‍ ലോകത്തിന് മാര്‍ഗം കാട്ടുന്നത് ഇന്ത്യയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എപ്പോഴും വീമ്പിളക്കാറുണ്ട്. കൊവിഡിന്റെ മേല്‍ ഇന്ത്യയുടെ പ്രതിരോധം ലോകത്തിന് മാതൃക എന്ന് മേനി പറയുന്ന അതേ സമയത്താണ് ലോകത്തില്‍ അമേരിക്ക, ബ്രസീല്‍ എന്നിവ കഴിഞ്ഞാല്‍ കൊവിഡ് ബാധയില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യ എത്തിയത് എന്ന കറുത്ത സത്യം ആര് ഓര്‍ക്കാന്‍!!
വാക്‌സിന്‍ കാര്യത്തിലും മോദി സ്വന്തം പ്രശസ്തിക്കായി ആദ്യമേ കളിച്ചത് വ്യക്തമായതാണ്. ട്രയല്‍ മുഴുവന്‍ പൂര്‍ത്തിയാകും മുമ്പേ കൊവാക്‌സിന്‍ എന്ന മരുന്നിന് അനുമതി നല്‍കിയതിനു പിന്നിലെ കാര്യം അന്നേ ചര്‍ച്ചയായതാണ്. പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ കൊവി ഷീല്‍ഡിന്റെ ഉല്‍പാദകരായ സിറം ഇന്‍സ്റ്റിറ്റിയട്ടിനെ മോദി എടുത്തു കാട്ടിയില്ല. കാരണം, കൊവിഷീല്‍ഡ് ഓക്‌സ്‌ഫോര്‍ഡ് വികസിപ്പിച്ച വാക്‌സിന്‍ ആണ്. കൊവാക്‌സിന്‍ ഇന്ത്യയുടെതായതിനാല്‍ ഇന്ത്യ ആദ്യമായി വാക്‌സിന്‍ വികസിപ്പിച്ചു എന്ന് അവകാശപ്പെടാനായിരുന്നു മോദിയുടെ അപക്വമായ, അപകടകരമായ നീക്കം.
എന്നാല്‍ പരീക്ഷണത്തിന്റെ അവസാനഘട്ടം പിന്നിടും മുമ്പേ കേന്ദ്ര ആരോഗ്യവകുപ്പ് അനുമതി നല്‍കിയ കൊവാക്‌സിന്‍ സ്വീകരിക്കാന്‍ ഐ.എം.എ. ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആരും തയ്യാറായില്ല. ധൃതിപ്പെട്ട്, അധാര്‍മികമായി നല്‍കിയ അനുമതിയില്‍ നിന്നും സര്‍ക്കാരിന് പിന്‍വാങ്ങേണ്ടിയും വന്നു. ഇന്ത്യയ്ക്കു മുമ്പേ ജര്‍മ്മനി, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ഫലപ്രദമായ അവരുടെ വാക്‌സിനുകള്‍ ഉപയോഗിച്ചു തുടങ്ങിയിരുന്നു എന്ന് ലോകം അറിഞ്ഞതോടെ മോദിയുടെ വാദം അവിടെയും പാളി.
പിന്നീട് മോദി കളിച്ചത് വാക്‌സിന്‍ കയറ്റുമതി ചെയ്ത് ഇന്ത്യ ലോകത്തിന് മരുന്നു നല്‍കി ലോകത്തിന്റെ കൊവിഡ് പ്രതിരോധചാമ്പ്യന്‍ ആകുന്നു എന്ന് പ്രചാരണം നടത്തി ആളാവാനാണ്. പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കൊവി ഷീല്‍ഡ് ആണ് രാജ്യത്തിനകത്ത് എല്ലായിടത്തും ആദ്യഘട്ടത്തില്‍ വിശ്വാസ്യതയോടെ എല്ലാ സംസ്ഥാനങ്ങളും ധൈര്യത്തോടെ ഉപയോഗിച്ചുവരുന്നത്. എന്നാല്‍ ഈ വാക്‌സിന്‍ കോടിക്കണക്കിന് ഡോസുകള്‍ മോദി വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതിക്ക് നിര്‍ബാധം അനുമതി നല്‍കി. അതേസമയത്ത് ഇന്ത്യയ്ക്കകത്ത് പല സംസ്ഥാനങ്ങളും, രാജ്യ തലസ്ഥാനമായ ഡെല്‍ഹി ഉള്‍പ്പെടെ വാക്‌സിന്‍ ക്ഷാമത്താല്‍ വലയുകയായിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്–അതും മഹാരാഷ്ട്രയില്‍ കൊവിഡ് ഭീകരമായി കൂടിയപ്പോള്‍ നടന്ന വെളിപ്പെടുത്തലിലൂടെ. മഹാരാഷ്ട്രക്കു പുറമേ, ഡെല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും വാക്‌സിന്‍ കിട്ടാതായിരിക്കുന്നു. ഉത്തർപ്രദേശിലെ പല ജില്ലകളിൽ നിന്നും വാക്സിൻ കുറവുള്ളതായി റിപ്പോർട്ടുകൾ ഉണ്ട്. പ്രതിദിനം 2 ലക്ഷം ആളുകൾക്ക് വാക്സിനുകൾ പ്രയോഗിക്കാൻ തുടങ്ങിയാൽ, സ്റ്റോക്ക് രണ്ട് ദിവസത്തിനുള്ളിൽ തീരുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നു. 7 മുതൽ 10 ദിവസം വരെ കൊടുക്കാനുള്ള വാക്സിൻ മാത്രമാണ് രാജ്യതലസ്ഥാനത്ത് അവശേഷിക്കുന്നതെന്ന് പറയപ്പെടുന്നു.
ആഭ്യന്തര ക്ഷാമം കടുത്തു നില്‍ക്കുമ്പോഴാണ് വിദേശകയറ്റുമതിക്ക് പ്രോല്‍സാഹനം നല്‍കിയത്.
വിദേശത്തേക്ക് അയച്ചാലാണ് ലാഭം നന്നായി കിട്ടുക എന്നതിനാല്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനും അതാണ് കൂടുതല്‍ താല്‍പര്യം. എന്നാല്‍ ഇന്ത്യയില്‍ കൂടുതല്‍ നല്‍കണമെങ്കില്‍ 1000 കോടി രൂപ സബ്‌സിഡി നല്‍കണമെന്ന് കഴിഞ്ഞ ദിവസമാണ് കമ്പനി എം.ഡി. അദാര്‍ പൂനാവാല ആവശ്യപ്പെട്ടത്.
ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം ആദ്യത്തേതിനേക്കാള്‍ രൂക്ഷമാകുന്ന സാഹചര്യത്തിലും എത്രയും വേഗം കൂടുതല്‍ വാക്‌സിന്‍ ഇന്ത്യയിലുള്ളവരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതിനു പകരം ലോകത്തിനു മുന്നില്‍ ഞെളിയാന്‍ കിട്ടുന്ന അവസരം ഉപയോഗിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്ന് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പരസ്യമായി രംഗത്തു വന്നു കഴിഞ്ഞു.