കേരളത്തിലും കൊവിഡ് വ്യാപനം വര്‍ധിക്കുന്നതായി കഴിഞ്ഞ ഏതാനും ദിവസത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 1700-1800 കേസുകള്‍ ഉണ്ടായിരുന്നതില്‍ നിന്നും ഇപ്പോള്‍ 2802 ആയി കൂടിയിരിക്കുന്നു. ഇന്നലെയും മിനിയാന്നും ഉള്‍പ്പെടെ ക്രമമായി കേസുകള്‍ വര്‍ധിക്കുകയാണ്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മുമ്പ് 1.92 വരെയായി കുറഞ്ഞിരുന്നത് ഇന്നലെ 6.2 ആയി വര്‍ധിച്ചിരിക്കുന്നു. രോഗബാധ വര്‍ധിക്കുന്നു എന്നതിന്റെ തെളിവാണിത്. കണ്ണൂര്‍, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ പ്രതിദിന കേസുകളുടെ എണ്ണം ഒരാഴ്ചയ്ക്കു മുമ്പുള്ളതിന്റെ ഇരിട്ടിയോളമായിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രക്രിയ കഴിയുന്നതോടെ കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധന രേഖപ്പെടുത്താന്‍ എല്ലാ സാധ്യതയും ഉണ്ട്. ക്വാറന്റൈനും ശാരീരിക അകലവും ഇപ്പോള്‍ എല്ലായിടത്തും ലംഘിക്കപ്പെട്ടിരിക്കയാണ്.
സംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 403, എറണാകുളം 368, കണ്ണൂര്‍ 350, മലപ്പുറം 240, കോട്ടയം 230, തൃശൂര്‍ 210, കാസര്‍ഗോഡ് 190, തിരുവനന്തപുരം 185, കൊല്ലം 148, പാലക്കാട് 133, ഇടുക്കി 113, ആലപ്പുഴ 99, പത്തനംതിട്ട 74, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 45,171 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.20 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 10 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4668 ആയി.