അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ചോദ്യം ചെയ്യലിനായി കെ.എം.ഷാജി എംഎല്‍എ വീണ്ടും വിജിലന്‍സിനു മുന്നിൽ ഹാജരായി. നടപടികളിൽ നിന്നും രക്ഷപ്പെടാൻ മാറിനിന്ന ഷാജിക്ക് വിജിലൻസ് വീണ്ടും നോട്ടീസ് നൽകേണ്ടി വന്നു.
ഇന്ന് രാവിലെ പത്തുമണിയോടെയാണ് തൊണ്ടയാടുള്ള വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഓഫിസില്‍ ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഇന്നലെ കെ.എം.ഷാജിക്ക് നോട്ടിസ് നൽകിയിരുന്നു. ഷാജിയുടെ വീടുകളിൽനിന്ന് കണ്ടെടുത്തത് 48 ലക്ഷം രൂപയെന്ന് സ്ഥിരീകരിച്ച വിജിലന്‍സ് സംഘം കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ പ്രാഥമിക റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു.
കണ്ടെടുത്ത തുക ബന്ധുവിന്റെ ഭൂമി ഇടപാടിനും കച്ചവട ആവശ്യത്തിനും സൂക്ഷിച്ചിരുന്നതെന്നാണ് ഷാജി വ്യക്തമാക്കിയിരുന്നു. അവയുടെ രേഖകൾ താൻ ഹാജരാക്കുമെന്നും അതിനു ഒരു ദിവസം സമയം അനുവദിക്കണമെന്നും ഷാജി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഷാജിയെ കണ്ടുകിട്ടിയില്ല. യാത്രയിലാണെന്ന് വിശദീകരണം വന്നതിനു പിന്നാലെയാണ് വീണ്ടും ഹാജരാക്കാൻ വിജിലൻസ് നോട്ടീസ് നോട്ടീസ് നൽകിയത്.