ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. പമ്പ ഗണപതികോവിലില്‍ നിന്നും ഇരുമുടികെട്ടുനിറച്ച് മലകള്‍ നടന്നുകയറിയാണ് ഗവര്‍ണര്‍ സന്നിധാനത്ത് എത്തിയത്. പതിനെട്ടാം പടി കയറി സന്നിധാനത്ത് എത്തിയ അദേഹം തൊഴുതശേഷം മേല്‍ശാന്തിയുടെ കൈയ്യില്‍ നിന്നും പ്രസാദവും വാങ്ങി. തുടര്‍ന്ന് നെയ്‌തേങ്ങ അയ്യപ്പന് സമര്‍പ്പിച്ച് മാളികപ്പുറത്തും ദര്‍ശനം നടത്തി.
ഞായറാഴ്ച വൈകിട്ട് നാലോടെയാണ് ഗവര്‍ണര്‍ പമ്പ ഗസ്റ്റ് ഹൗസില്‍ എത്തിയത്. തുടര്‍ന്ന് ഗണപതികോവിലില്‍ നിന്നും ഇരുമുടികെട്ടുനിറച്ച് മലകയറി. ഡോളി സംവിധാനം ഏര്‍പ്പെടുത്തിയെങ്കിലും കാല്‍നടയായി മലകയറുകയാണെന്ന് ഗവര്‍ണര്‍ അറിയിക്കുകയായിരുന്നു.
വൈകിട്ടത്തെ ദീപാരാധനയും അത്താഴപൂജയും ദര്‍ശിച്ചശേഷം ഗവര്‍ണര്‍ സന്നിധാനത്തെ ഗസ്റ്റ് ഹൗസില്‍ തങ്ങും.പുലര്‍ച്ചെ വീണ്ടും ശ്രീകോവിലിലെത്തി ദര്‍ശനം നടത്തിയശേഷം ഉച്ചയോടെ അദേഹം മലയിറങ്ങും. ഗവര്‍ണറുടെ സന്ദര്‍ശനം പ്രമാണിച്ച് പ്രസിഡന്റ് എന്‍. വാസു ഉള്‍പ്പെടെയുള്ള ദേവസ്വം ഭാരവാഹികള്‍ ശബരിമലയില്‍ എത്തി.(ഫോട്ടോയ്ക്ക് കടപ്പാട്: ജന്മഭൂമി)