കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ആറിന് ഉത്തര്‍പ്രദേശ് പൊലീസിന്റെ പിടിയിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഇപ്പോള്‍ കൊവിഡ് ബാധിതനായി ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ റെയ്ഹാനത്ത്. പുതിയതായി സ്ഥാനമേറ്റ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണയക്ക് റെയ്ഹാനത്ത് എഴുതിയ കത്തില്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. ആശുപത്രിയേക്കാളും ജയിലാണ് ഭേദം, അതിനാല്‍ ദയവായി കാപ്പനെ ജയിലിലേക്ക് തന്നെ തിരിച്ചയക്കണമെന്നാണ് ഭാര്യയുടെ അഭ്യര്‍ഥന. കഴിഞ്ഞ ദിവസം വിരമിച്ച ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ കാപ്പന്റെ കാര്യത്തില്‍ ഇടപെടാതിരുന്നത് കോടതിയുടെ ചരിത്രത്തില്‍ തന്നെ കളങ്കമുണ്ടാക്കിയ ഒന്നാണെന്ന് രാജ്യാന്തര പ്രശസ്തനായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഇന്നലെ രണ്ടു ദിവസം മുമ്പ് അഭിപ്രായപ്പെടുകയുണ്ടായി.
ഹത്രാസ് പെണ്‍കുട്ടിയെ ചുട്ടുകൊന്ന സംഭവം അന്വേഷിക്കാന്‍ പോയ സിദ്ധിഖ് കാപ്പനെ യു.പി. പോലീസ് പിടിച്ച് അതീവ കഠിനമായ വകുപ്പുകള്‍ ചുമത്തി ജാമ്യം നല്‍കാതെ മാസങ്ങളായി മഥുര ജയിലില്‍ ഇട്ടിരിക്കയാണ്. ജയിലില്‍ കൊവിഡ് ബാധിതനായ കാപ്പനെ മഥുരയിലെ മെഡിക്കല്‍ കോളേജിലേക്കു മാറ്റിയപ്പോള്‍ ജയിലില്‍ നേരിട്ടതിനെക്കാളും ഭീകരമാണ് കാര്യങ്ങള്‍. ആശുപത്രിയില്‍ കാപ്പനെ കട്ടിലിനോട് ചേര്‍ത്ത് ചങ്ങലയ്ക്കിട്ടിരിക്കയാണെന്നാണ് റെയ്ഹാനത്ത് പറയുന്നത്. കക്കൂസില്‍ ഇഷ്ടാനുസരണം പോകാനെ ഭക്ഷണം കഴിക്കാനോ കഴിയാത്ത ജീവിതമാണ് കഴിഞ്ഞ നാലു ദിവസമായി സിദ്ദിഖ് കാപ്പന്‍ ആശുപത്രിയില്‍ നേരിടുന്നത്. എത്രയും പെട്ടെന്ന് കാപ്പനെ വിട്ടയക്കണമെന്ന ആവശ്യമാണ് മലയാളി അഭിഭാഷകന്‍ അഡ്വ. വില്‍സ് മാത്യു മുഖേന റെയ്ഹാനത്ത് ചീഫ് ജസ്റ്റിസ് മുമ്പാകെ ഉന്നയിച്ചിരിക്കുന്നത്. ആശുപത്രിയില്‍ നിര്‍ത്തിയാല്‍ കാപ്പന്റെ ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കാമെന്ന അവസ്ഥയാണെന്നും കത്തില്‍ പറയുന്നു.
സിദ്ദിഖ് കാപ്പനെ പിടിച്ചുകൊണ്ടുപോയി കുടുംബത്തിനോ സുഹൃത്തുക്കള്‍ക്കോ ഒരു വിവരവും കിട്ടാത്ത സാഹചര്യത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നേതൃത്വം കൊടുത്ത് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ആറിന് ഫയല്‍ ചെയ്ത ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഈ വര്‍ഷം മാര്‍ച്ച് 9-ന് തീര്‍പ്പാക്കാന്‍ വെച്ചിരിക്കയായിരുന്നുവെങ്കിലും ഇതുവരെയും പരിഗണിച്ചിട്ടില്ല. ഏഴു തവണയായി സുപ്രീംകോടതി ഈ ഹേബിയസ് കോര്‍പസ് ഹര്‍ജി മാറ്റി വെക്കാന്‍ തുടങ്ങിയിട്ട്.
കാപ്പന്റെ മോചനം ആവശ്യപ്പെട്ട് വീണ്ടും ഇക്കഴിഞ്ഞ 22-ന് ഫയല്‍ ചെയ്യപ്പെട്ട ഹര്‍ജി സുപ്രീംകോടതി മെന്‍ഷന്‍ കാത്തിരിക്കായണെങ്കിലും ഒരു ഇടക്കാലാശ്വാസം എന്ന നിലയില്‍ സിദ്ധിഖ് കാപ്പനെ ഉടനെ ആശുപത്രിയില്‍ നിന്നും ജയിലിലേക്കു തന്നെ തിരിച്ചയക്കാന്‍ ഉത്തരവിടണമെന്ന് ഭാര്യ റെയ്ഹാനത്ത് കത്തിലൂടെ ആവശ്യപ്പെടുന്നു. ജയിലാണ് ആശുപത്രിയേക്കാളും ഭേദം എന്ന അവസ്ഥയാണിപ്പോള്‍. നിയമത്തിന്റെ നടപടിക്രമങ്ങള്‍ അറിയാമെങ്കിലും നേരിട്ട് കത്തെഴുതുന്നതും അഭ്യര്‍ഥിക്കുന്നതും തന്റെ ഭര്‍ത്താവ് നേരിടുന്ന ദയനീയ സ്ഥിതി കാരണമാണെന്ന് റെയ്ഹാനത്ത് വിശദീകരിക്കുന്നു.
കാപ്പന്‍ ജയിലിലായിരിക്കെ ബാത്ത്‌റൂമില്‍ വഴുതിവീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികില്‍സയുടെ ഭാഗമായ പരിശോധയിലാണ് കോവിഡ് സ്ഥിരീകരിച്ചതും മഥുര മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതും. കാപ്പനെ ചികില്‍സാര്‍ഥം ഡെല്‍ഹി എയിംസിലേക്കോ സഫദര്‍ജങ് ആശുപത്രിയിലേക്കോ മാറ്റണം എന്നാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളവര്‍ക്കൊപ്പം യാത്ര ചെയ്തതായി കാണിച്ച് യു.എ.പി.എ. പ്രകാരമാണ് യു.പി. പോലീസ് കാപ്പനെ ജയിലില്‍ ഇട്ടിരിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന, ഭീകരപ്രവര്‍ത്തനത്തിന് ധനസഹായം സ്വീകരിക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങളാണ് യു.പി. പൊലീസ് ചുമത്തിയിരിക്കുന്നത്.