ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെതിരേ ഗൂഢാലോചന അന്വേഷിച്ച ജസ്റ്റിസ് ജയിന്‍ അധ്യക്ഷനായ സമിതി റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍നടപടി സ്വീകരിക്കാന്‍ സുപ്രീംകോടതി സി.ബി.ഐക്ക് നിര്‍ദ്ദേശം നല്‍കി.
റിപ്പോര്‍ട്ട് പരസ്യപ്പെടുത്തേണ്ടതില്ലെന്നും സീല്‍ വെച്ച കവറില്‍ വേണം സി.ബി.ഐ.ക്ക് നല്‍കാനെന്നും കോടതി പറഞ്ഞു. മാധ്യമങ്ങളിലോ പൊതുമധ്യത്തിലോ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കപ്പെടുന്നതും കോടതി വിലക്കി. റിപ്പോര്‍ട്ടിന്‍രെ ഒരു കോപ്പി തനിക്ക് നല്‍കാന്‍ ഉത്തരവിടണമെന്ന് ചാരക്കേസ് അന്വേഷിച്ച പൊലീസ് ഓഫീസര്‍ സിബി മാത്യൂസ് നടത്തിയ അഭ്യര്‍ഥന കോടതി അംഗീകരിച്ചില്ല. നമ്പിനാരായണന് റിപ്പോര്‍ട്ട് കോപ്പി അനുവദിക്കണമെന്ന ആവശ്യവും നിരസിച്ചു. റിപ്പോര്‍ട്ടിന്‍മേല്‍ എന്തു നടപടി സ്വീകരിച്ചു എന്നത് സി.ബി.ഐ. മൂന്നു മാസത്തിനകം കോടതിയെ അറിയിക്കണം.

ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സമിതി റിപ്പോര്‍ട്ട് പ്രാഥമിക റിപ്പോര്‍ട്ടായി കണക്കാക്കാനും കോടതി സിബിഐക്ക് നിര്‍ദേശം നല്‍കി.
രണ്ടര വര്‍ഷം നീണ്ട സിറ്റിങുകള്‍ക്കും അന്വേഷണത്തിനും ഒടുവിലാണ് ജസ്റ്റിസ് ഡികെ ജെയിന്‍ അധ്യക്ഷനായ സമിതി മുദ്ര വച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ദേശീയപ്രാധാന്യമുള്ള കേസാണെന്ന് മുന്‍കൂറായി തന്നെ സോളിസിറ്റര്‍ ജനറല്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് തയ്യാറാണെന്ന് മുന്‍പ് പലഘട്ടങ്ങളിലും കേന്ദ്രം വ്യക്തമാക്കിയിരുന്നു. മുന്‍ ഡിജിപി സിബി മാത്യൂസ്, റിട്ടയേര്‍ഡ് എസ്.പിമാരായ കെകെ ജോഷ്വ, എസ് വിജയന്‍, ഐബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരെയായിരുന്നു നമ്പി നാരായണന്റെ ആരോപണങ്ങള്‍. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വാദിഭാഗവും പ്രതിഭാഗവും ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ കോടതി തയാറായിരുന്നില്ല.