ഇപ്പോഴത്തെനിയമസഭയുടെ കാലാവധി അവസാനിക്കും മുമ്പ് രാജ്യസഭാ തിര. നടത്താൻ ഹൈക്കോടതി ഇടക്കാല ഉത്തരവ്.
സി.പി.എമ്മും നിയമസഭാ സെക്രട്ടറിയും സമർപ്പിച്ച ഹർജിയിൽ രാജ്യസഭാതിരഞ്ഞെടുപ്പു നടപടികൾ പൂർത്തിയാക്കാനും ഹൈക്കോടതി തിരഞ്ഞെടുപ്പു കമ്മീഷന് നിർദ്ദേശം നൽകി. നിലവിലെ നിയമസഭാ അംഗങ്ങൾക്കാണ് വോട്ടവകാശമെന്നതിനാൽ മേയ് 2ന് മുമ്പ് തിരഞ്ഞെടുപ്പ് നടത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു.
കേന്ദ്ര സർക്കാരിനും ബി ജെ പി ക്കും കനത്ത തിരിച്ചടിയാണ് കോടതിയുടെ ഉത്തരവ്. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ അഭിപ്രായം മാനിച്ചു തിരഞ്ഞെടുപ്പ് കമ്മീഷനും തെറ്റായ, ഭരണ ഘടനാ വിരുദ്ധമായ തീരുമാനം ആണ് എടുത്തത് എന്ന വിമര്ശനം ഉയർന്നിരുന്നു. രാജ്യസഭ ഒരു സ്ഥിരം സംവിധാനമാണ്. അതിലെ അംഗങ്ങളുടെ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് തുടര്‍ച്ചയായി നികത്തിക്കൊണ്ടിരിക്കണം എന്നാണ് ഭരണഘടന പറയുന്നത്. കേരളത്തിലെ നിലവിലെ നിയമസഭാകാലാവധിക്കാലത്താണ് മൂന്ന് അംഗങ്ങളുടെ കാലാവധി അവസാനിച്ചത്. ആ ഒഴിവ് ഉടനെതന്നെ നികത്തേണ്ടതുമാണ്. അതിനായി പുതിയ നിയമസഭ വരുന്നതു വരെ കാത്തുനില്‍ക്കുന്നത് തന്നെ ഭരണഘടനാ വിരുദ്ധമാണെന്ന് ഒട്ടേറെ ഭരണഘടനാവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
