Categories
kerala

കേരളത്തിലെ ഒരു കൊവിഡ് കാല പകല്‍ക്കൊള്ള ഒടുവില്‍ അവസാനിക്കുന്നു, ഒരു വര്‍ഷം വൈകി…

ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഇല്ലാത്ത രീതിയില്‍ കൊവിഡിന്റെ ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്ക് കേരളത്തിലെ സ്വകാര്യ ലാബ് ഉടമകള്‍ ഈടാക്കിയിരുന്ന വന്‍തുക ഒടുവില്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. അന്യസംസ്ഥാനങ്ങളില്‍ ഈടാക്കിയിരുന്നതിന്റെ മൂന്നിരട്ടി തുകയാണ് കേരളത്തില്‍ വാങ്ങിയിരുന്നത്. ഇത് തടയാന്‍ ആരും മുന്‍കൈ എടുത്തില്ല. 1700 രൂപ വാങ്ങുന്നതിനെതിരെ നീങ്ങിയ സര്‍ക്കാര്‍ അത് 1500 ആയി കുറയ്ക്കാന്‍ ഉത്തരവിട്ടപ്പോള്‍ ലാബുകാര്‍ ഹൈക്കോടതിയില്‍ പോയി പഴയ തുക തന്നെ പുനസ്ഥാപിച്ചു. ഇതിനെതിരെ സര്‍ക്കാര്‍ പിന്നീട് പ്രതികരിച്ചില്ല.
എന്നാല്‍ കേരളം വിട്ടാല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് 400 രൂപ മുതല്‍ പരമാവധി 700 രൂപ വരെയേ ഉള്ളൂ എന്നത് കേരളത്തിലെ പാവപ്പെട്ട പ്രവാസികളും തൊഴിലന്വേഷകരും ചൂണ്ടിക്കാട്ടിയിട്ടും ഫലമുണ്ടായില്ല.
കൊവിഡ് ടെസ്റ്റിനുള്ള കിറ്റിന് വലിയ വിലയാണ് എന്നാണ് സ്വകാര്യലാബുടമകള്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഒരു സ്റ്റാന്‍ഡാര്‍ഡ് കിറ്റിനും അനുബന്ധസാധനങ്ങള്‍ക്കും 135 മുതല്‍ 240 വരെ രൂപ മാത്രമാണ് എന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരം. കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനമായ സംസ്ഥാന മെഡിക്കല്‍ സെയില്‍സ് കോര്‍പ്പറേഷന്‍ ഒരു ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റിന് നിശ്ചയിച്ച നിരക്ക് 448.22 രൂപയാണ്. ഇതാണ് ഇതുവരെ രോഗികളെയും തൊഴിലന്വേഷിച്ച് പുറം നാടുകളിലേക്കു പോകുന്ന പാവപ്പെട്ടവരെയും വിദ്യാര്‍ഥികളെയും ഇത്രയും കാലം പിഴിഞ്ഞ് സ്വകാര്യ ലാബുകള്‍ മൂന്നിരട്ടിയിലധികം തുക പിടിച്ചുവാങ്ങിയിരുന്നത് എന്ന് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുകയാണ്.
മാധ്യമങ്ങളിലൂടെ ഇക്കാര്യം വിവാദമായപ്പോഴാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശക്തമായ നടപടിയിലേക്ക് നീങ്ങുകയും പരിശോധനാ ഫീസ് 500 രൂപയാക്കി കുറയ്ക്കുകയും ചെയ്തിരിക്കുന്നത്. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍സെക്രട്ടറി രാജന്‍ ഖോബ്രഗഡെ ഒപ്പിട്ട ഉത്തരവ് വെള്ളിയാഴ്ച ഉച്ചയോടെ ഇറങ്ങി. ഉടന്‍ പ്രാബല്യത്തില്‍ വരുന്ന രീതിയിലാണ് ഉത്തരവ്.

Spread the love
English Summary: govt released order to reduce the fees of rtpcr test in the state

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick