നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത്-വലത് മുന്നണികള്‍ക്ക് ഏകദേശം ഉറപ്പിക്കാവുന്ന രാഷ്ട്രീയക്കണക്കുകള്‍ വടക്കന്‍ കേരളത്തിലെത് മാത്രമാണ്. എന്നാല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അത് സാധ്യമായിട്ടുമില്ല പലപ്പോഴും.
മുസ്ലീം ന്യൂനപക്ഷ വോട്ട്
വടക്കന്‍ കേരളത്തില്‍ നിര്‍ണ്ണായകമായ ഒരു ഘടകം മുസ്ലീം ന്യൂനപക്ഷ വോട്ടുകളാണ്, ഒപ്പം കുടിയേറ്റ മേഖലയിലെ രാഷ്ട്രീയച്ചാഞ്ചാട്ടങ്ങളും പ്രധാനമാണ്. മുസ്ലീം ലീഗിന് നിര്‍ണായക സ്വാധീനമുള്ള ജില്ലകളാണ് കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം എന്നിവ, അവരുടെ മൊത്തം ജയിക്കുന്ന സീറ്റുകളില്‍ 99 ശതമാനവും ഇവിടെയാണ്.
മുസ്ലീം ഐഡന്റിറ്റിയുള്ള പാര്‍ടികളില്‍ നേരത്തെ മുസ്ലീം ലീഗ് പതാകവാഹകരായിരുന്നു എങ്കില്‍ ഈ തിരഞ്ഞെടുപ്പോടെ മറ്റ് ചില ആള്‍ക്കാരും നിര്‍ണായക വോട്ടുബാങ്കായി മാറാന്‍ ശ്രമിക്കുന്ന കാഴ്ച വടക്കെ മലബാറിലുണ്ട്. അതിലൊന്ന് ജമാ അത്തെ ഇസ്ലാമിയാണ്. അവര്‍ നേരത്തെ സി.പി.എം. ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്കും വോട്ട് നല്‍കാറുണ്ടെങ്കിലും സ്വന്തമായി പാര്‍ടി ഉണ്ടാക്കുകയും അതിന്റെ ബലത്തില്‍ സ്വകാര്യമായി സഖ്യം ഉണ്ടാക്കി വോട്ടുബാങ്ക് പൊളിറ്റിക്‌സിലേക്ക് വരികയും ചെയ്തിരിക്കുന്നു. എന്നാല്‍ ഇവര്‍ക്ക് മുസ്ലീം സമുദായത്തിന്റെ പത്ത് ശതമാനത്തെ പോലും ഉള്‍ക്കൊള്ളുന്നില്ല എന്നത് വസ്തുതയാണ്. എന്നാല്‍ മുസ്ലീംലീഗിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ജമാ അത്തെ ഇസ്ലാമിക്ക് കഴിയും എന്നതിനാല്‍ ഇത്തവണ ലീഗ് നേരത്തേ കാലത്തേ തന്നെ അവരുമായി ചര്‍ച്ച നടത്തി ബന്ധത്തിലേര്‍പ്പെട്ടു.
മലയോരങ്ങളും വയനാടും
വടക്കന്‍ ജില്ലകളിലെ മലയോര രാഷ്ട്രീയവും വിശേഷിച്ച് വയനാട്ടിലെ രാഷ്ട്രീയവും പൊതുവെ യു.ഡി.എഫിന് അനുകൂലമാകാറാണ് പതിവെങ്കിലും ഇത്തവണ ആകെ കലങ്ങി മറിഞ്ഞ നിലയിലാണ്. കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗം ഇടതു മുന്നണി ഘടക കക്ഷിയായതോടെയാണ് ഇതു സംഭവിച്ചിരിക്കുന്നത്. നാളത്തെ വിധിയെഴുത്തില് ഇത് സ്വാധീനം ചെലുത്തുന്ന ഘടകം ആണ്.
വയനാട്ടിലാകട്ടെ കോണ്‍ഗ്രസില്‍ വന്‍തോതിലാണ് പടല പിണക്കങ്ങള്‍ ഉണ്ടായത്. വലിയ നേതാക്കളാണ് പാര്‍ടി വിട്ട് ഇടതുഭാഗത്തേക്ക് പോയത്. അത് പക്ഷേ സാധാരണ ജനത്തിന്റെ വിധിയെഴുത്തില് സ്വാധീന ഘടകമാകുമോ എന്നറിയണമെങ്കില്‍ സുല്‍ത്താന്‍ ബത്തേരിയിലെ ഫലം പുറത്തുവരിക തന്നെ വേണം.
കാസര്‍ഗോഡ്, കണ്ണൂര്‍
സംഘപരിവാര്‍ രാഷ്ട്രീയത്തിന് നല്ല വളക്കൂറുള്ള മണ്ണാണ് കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകള്‍. മഞ്ചേശ്വരം അവരുടെ സൂപ്പര്‍ ക്ലാസ് മണ്ഡലമാണ്. കെ.സുരേന്ദ്രനെ നിയമസഭയില്‍ എത്തിക്കുക എന്ന പ്രധാന ടാര്‍ജറ്റ് വെച്ചാണ് അദ്ദേഹത്തെ രണ്ടിടത്ത് നിര്‍ത്താന്‍ പാര്‍ടി ദേശീയ നേതൃത്വം അനുമതി നല്‍കിയത്. ്അതിലൊന്ന് മഞ്ചേശ്വരമാണ്. വെറും 89 വോട്ടിന് കഴിഞ്ഞ തവണ നഷ്ടമായ മണ്ഡലം. ഇത്തവണ ബി.ജെ.പി.യെ തോല്‍പിക്കണം എങ്കില്‍ യു.ഡി.എഫും ഇടതുപക്ഷവും ഒരുമിച്ച് ധാരണയായാലേ സാധ്യമാകൂ എന്നതാണ് സ്ഥിതി. തലശ്ശേരിയില്‍ ബി.ജെ.പി. സ്ഥാനാര്‍ഥയുടെ പത്രിക തള്ളിപ്പോയ സംഭവം ദേശീയ തലത്തില്‍ തന്നെ അവര്‍ക്ക് വന്‍ നാണക്കേടാണ് ഉണ്ടാക്കിയിട്ടുള്ളത്. അമിത് ഷാ പ്രചാരണം നടത്താനെത്താനിരുന്ന മണ്ഡലമാണ് തലശ്ശേരി എ്ന്നത് മാത്രം മതി അവര്‍ ഈ മണ്ഡലത്തെ എത്രമാത്രം മാര്‍ക്ക് ചെയ്തിരുന്നു എന്ന് മനസ്സിലാക്കാന്‍.
ഇടതുപക്ഷം ജയിക്കുന്ന മണ്ഡലമായ വടകരയില്‍ കെ.കെ.രമയുടെ മല്‍സരം സവിശേഷമായ ഒന്നാണ്. പിണറായിയുടെ സമഗ്രാധിപത്യത്തിനെതിരായ ശബ്ദം എന്ന നിലയില്‍ വടക്കന്‍ കേരളത്തിലെ പിണറായി വിരുദ്ധ ഇടതുവിമത ചേരിക്ക് പൊതുവെ ഊര്‍ജ്ജം നല്‍കിയിട്ടുള്ള സ്ഥാനാര്‍ഥിത്വമാണ് രമയുടെത്. കെ.കെ.രമ വിജയിച്ചേക്കുമെന്ന തോന്നലാണ് പൊതുവെ നിലനില്‍ക്കുന്നത്. കാരണം അവരുടെ പാര്‍ടിയായ ആര്‍.എം.പി. 2016-ലെ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് നേടിയ 20000 വോട്ടുകളും ഇപ്പോള്‍ യു.ഡി.എഫിന്റെ വോട്ടുകളും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായ ഇടതുപക്ഷ പരാജയവും എല്ലാമാണ് ഈ തോന്നലിന് പിന്നില്‍. രമയുടെ വിജയം സി.പി.എം.വിരുദ്ധ ചേരിയിലെ വോട്ടുകള്‍ ഒന്നിപ്പിക്കും എന്ന വിശ്വാസവും ഉണ്ട്.
മുസ്ലീംലീഗിതര വോട്ടുകള്‍
കണ്ണൂര്‍,കോഴിക്കോട്,മലപ്പുറം ജില്ലകളിലെ മുസ്ലീംലീഗിതര വോട്ടുകള്‍ നേടിയെടുക്കാന്‍ ഇടതുപക്ഷം വളരെ കാര്യമായി പ്രചാരണം നടത്തിയിട്ടുണ്ട്. പൗരത്വനിയമഭേദഗതിയിലെ നിലപാട് പ്രധാനമായും ഉയര്‍ത്തിപ്പിടിച്ചാണ് ഇത്. ഇക്കാര്യത്തില്‍ മുസ്ലീംലീഗില്‍ തന്നെ നല്ലൊരു വിഭാഗം ഇടതുപക്ഷം ചെയ്തത് ശരിവെക്കുന്നവരാണ്. പക്ഷേ അത് ഒരിക്കലും വോട്ടായി മാറാനിടയില്ല. കാരണം അവര്‍ക്ക് യു.ഡി.എഫ്.ഭരണം വന്നേ തീരൂ. എന്നാല്‍ മുസ്ലീംലീഗിതര മുസ്ലീങ്ങളെ സ്വാധീനിക്കാന്‍ പൗരത്വനിയമവും, കാശ്മീരില്‍ സ്വീകരിച്ച നിലപാടുകളും സഹായിക്കുമെന്നാണ് പ്രതീക്ഷ.
കേരളത്തില്‍ ഏറ്റവും അധികം മണ്ഡലങ്ങള്‍ ഉള്ള ജില്ലയാണ് മലപ്പുറം. അവിടുത്തെ 16 സീറ്റുകളില്‍ നിലവില്‍ സി.പി.എമ്മിന് നാല് സീറ്റ് ഉണ്ട്. ഇത്തവണത്തെ കാഴ്ച ഈ സീറ്റുകള്‍ നിലനിര്‍ത്താന്‍ ഇടതുമുന്നണി വിയര്‍ക്കേണ്ടി വരും എ്ന്നതാണ്. നിലവിലുള്ള ഒന്നോ രണ്ടോ നഷ്ടപ്പെടാനും പുതിയ ഒന്നോ രണ്ടോ കിട്ടാനുമുള്ള ചില സാധ്യതകളും ഉണ്ട്. എങ്കിലും നാല് നിലനിര്‍ത്തുക എന്നത് പ്രധാനപ്പെട്ടതാണ്. പെരിന്തല്‍മണ്ണ, വള്ളിക്കുന്ന് എന്നിവയാണ് ഇടതുപക്ഷത്തിന് പിടിച്ചെടുക്കാന്‍ കഴിയുന്ന മണ്ഡലങ്ങള്‍. ഇടതുപക്ഷ വോട്ടുകള്‍ ധാരാളം ഉള്ള മണ്ഡലങ്ങളാണിവ രണ്ടും. 2006-ല്‍ പെരിന്തല്‍മണ്ണ സി.പി.എമ്മിന് കിട്ടിയിട്ടുണ്ട്. ഇത്തവണ മുന്‍ ലീഗുകാരനും മലപ്പുറം നഗരസഭാചെയര്‍മാനായിരുന്ന ആളും സര്‍വ്വോപരി ബിസിനസ്, കുടുംബ ബന്ധങ്ങള്‍ വ്യാപകമായുള്ള വ്യക്തിയുമായ കെ.പി. മുഹമ്മദ് മുസ്തഫയാണ് പെരിന്തല്‍മണ്ണയിലെ ഇടതു സ്ഥാനാര്‍ഥി. അതു കൊണ്ടു തന്നെ കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷം മാത്രമുള്ള മഞ്ഞളാംകുഴി അലി അവിടെ നിന്നും മാറി മങ്കടയിലേക്കു തിരിച്ചുപോവുകയും ചെയ്തു എ്ന്ന പ്രചാരണവും കൊഴുക്കുന്നുണ്ട്. വള്ളിക്കുന്നില്‍ സിറ്റിങ് എം.എല്‍.എ. ആയ ലീഗ് മുന്‍ ജില്ലാ സെക്രട്ടറി പി.അബ്ദുള്‍ ഹമീദിനെതിരെ പ്രതിഷേധം വ്യാപകമായുണ്ട്. കോളനികളിലെ വികസനം, റോഡുകള്‍ തുടങ്ങിയവയില്‍ അശ്രദ്ധ കാണിച്ചു എന്നതാണ് പ്രധാന വിമര്‍ശനം. ഇടതു സ്ഥാനാര്‍ഥി ഐ.എന്‍.എല്ലിലെ പ്രൊഫ.അബ്ദുള്‍ വഹാബ് ഇതെല്ലാം കണ്ടറിഞ്ഞ് പ്രചാരണം നടത്തിവരുന്നുണ്ട്. സി.പി.ഐ. വിട്ട് ലീഗിലേക്ക് ചേക്കേറിയ കെ.എന്‍.എ.ഖാദറിനെ ജയിപ്പിച്ച മണ്ഡലമാണ് വള്ളിക്കുന്ന്.
കണ്ണൂരിലെ അഴീക്കോട്, കോഴിക്കോട്ടെ കൊടുവള്ളി എന്നിവ മുസ്ലീംലീഗിന് പ്രസ്റ്റീജ് സീറ്റുകളാണ്. അവിടുത്തെ വിജയങ്ങള്‍ പാര്‍ടിക്ക് നിലവില്‍ നല്ല വെല്ലുവിളിയാണ്, അതേസമയം നിര്‍ണായകവും.
കെ.സി.ജോസഫിനെ പോലെ പ്രായമായവര്‍ മാറി നിന്ന് ഏറ്റവും ചെറുപ്പമുള്ള സ്ഥാനാര്‍ഥിപട്ടികയുമായി ഇറങ്ങി എന്നതാണ് കോണ്‍ഗ്രസിന്റെ വാദം. മലബാറിലെ സീറ്റുകള്‍ ഇത്തവണ കൂട്ടാമെന്ന് യു.ഡി.എഫ്. കരുതുന്നുണ്ട്. കണ്ണൂരില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയെ തോല്‍പിക്കാനാവുമെന്നും കോഴിക്കോട് നോര്‍ത്തില്‍ ജയിക്കാനാവുമെന്നും പൊന്നാനിയിലും തവനൂരിലും മന്ത്രിയെയും സ്പീക്കറുടെ സ്വാധീനത്തിളക്കത്തെയും മറികടക്കാനാവുമെന്നും ഒക്കെ കോണ്‍ഗ്രസ് കണക്കു കൂട്ടുന്നു. പൊന്നാനിയിലും തവനൂരിലും പക്ഷേ ഇത് ബുദ്ധിമുട്ടുള്ള കാര്യമാണ്. കണ്ണൂരില്‍ മന്ത്രി കടന്നപ്പള്ളിയുടെ ജനകീയതയ്ക്ക് വലിയ സ്വീകാര്യത കിട്ടും എങ്കിലും എതിരാളിയായ ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ട് സതീശന്‍ പാച്ചേനി ഉയര്‍ത്തുന്ന ഭീഷണി ഒട്ടും അസ്ഥാനത്തല്ല. സതീശനെതിരായി കാര്യമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടില്ല എന്നത് ശ്രദ്ധേയം.
കണ്ണൂരിലെ ലീഗിന്റെ നിര്‍ണായക സീറ്റായ അഴീക്കോട് കെ.എം.ഷാജിയുടെ വിജയം അവര്‍ക്ക് പ്രധാനമാണ്. ഇടതു പക്ഷത്താവട്ടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷന്‍ കെ.വി.സുമേഷ് ഏറ്റവും മികച്ച സ്ഥാനാര്‍ഥിയാണെന്നു മാത്രമല്ല, അത്രയധികം കമ്മിറ്റഡ് ആയ വ്യക്തിയുമാണ്. പക്ഷേ ഷാജിക്കനുകൂലമായി ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള ന്യൂനപക്ഷവോട്ടുകളുടെ കേന്ദ്രീകരണം ഉണ്ടാകുന്നു എന്നാണ് കരുതേണ്ടത്. ഷാജി നിരവധി ആരോപണം നേരിടുന്നത് ലീഗിനകത്തു നിന്നു തന്നെയാണ്. അതിനാല്‍ പാര്‍ടിയിലെ സാധാരണക്കാര്‍ തീരുമാനിച്ചാല്‍ ഷാജിയുടെ പതനം ഉറപ്പാണ്. സുമേഷ് ജയിക്കുമെന്ന വലിയ പ്രതീക്ഷ ഇടതുക്യാമ്പിന് ഉണ്ടാകുന്നതും ഇതു കൊണ്ടാണ്.
പാലക്കാട്
തൃത്താലയിലെ മല്‍സരപ്പൂരമാണ് മറ്റൊരു മലബാര്‍ ചര്‍ച്ച. വി.ടി. ബലറാമിനെ തറ പറ്റിക്കാനാണ് എം.ബി.രാജേഷിനെ തന്നെ ഇറക്കി കാടിളക്കി പ്രചാരണം നടത്തിയിരിക്കുന്നത് ഇടതുപക്ഷം. പ്രചാരണാഘോഷത്തിന്റെയും പൊലിമയുടെയും കാര്യത്തില്‍ കേരളത്തില്‍ തന്നെ ഏറ്റവും തിളക്കമുണ്ടായ മണ്ഡലമാണ് തൃത്താല. എന്നാല്‍ ബല്‍റാമിനു വേണ്ടി നിശ്ശബ്ദമായ ചില പിന്തുണയിടങ്ങള്‍ മണ്ഡലത്തിനും പുറത്തും ഉണ്ട് എന്നത് ഇടതുപക്ഷത്തിന് തിരിച്ചറിയാവുന്ന കാര്യമാണ്. തൃത്താലയിലെ ജാതിബോധത്തിനും ബല്‍റാമിന്റെ വിജയത്തിനും തമ്മില്‍ വലിയ ബന്ധമുണ്ട്. സി.പി.എം. ആരെ നിര്‍ത്തിയാലും ജയിക്കുന്ന മണ്ഡലം എന്ന ഖ്യാതിയുണ്ടായിരുന്ന ഇടമായിരുന്നു തൃത്താല. എന്നാല്‍ അടുത്ത കാലത്ത് പൊതുമണ്ഡലത്തില്‍ വികസിച്ചു വന്ന ജാതിവേരുകളുടെ സ്വാധീനമാണ് പച്ചയായി പറഞ്ഞാല്‍ അന്ന് ഒന്നുമല്ലാതിരുന്ന ബല്‍റാമിന് വിജയം ഒരുക്കിയത്. മമ്മിക്കുട്ടി എന്ന സി.പി.എം. സഖാവിനെതിരെ ബല്‍റാം നേടിയ ആദ്യ വിജയം എല്ലാവരെയും ഞെട്ടിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള മണ്ഡലമെങ്കിലും ഉയര്‍ന്ന ഹിന്ദുക്കളുടെ ഉയര്‍ന്ന ജാതിക്കാരായ സമൂഹം പ്രബലമായ മണ്ഡലം കൂടിയാണ് തൃത്താല. അവരുടെ ചില ജാതിവൈകാരിക ബോധങ്ങളെ ആദ്യമായി തൃപ്തിപ്പെടുത്താന്‍ പോന്ന സ്ഥാനാര്‍ഥിയായിരുന്നു ബല്‍റാം. സ്വന്തം ആള്‍ക്ക് വോട്ടു ചെയ്യാന്‍ കിട്ടിയ അവസരം എന്ന ബോധം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞു എന്നും പറയാം. ഇത്തവണ എം.ബി.രാജേഷ് വരുന്നതോടെ അതിന് പ്രസക്തിയില്ലാതായി. മാത്രമല്ല, എ.കെ.ജി.യെ ഉള്‍പ്പെടെ ആക്ഷേപിച്ചതില്‍ ബല്‍റാമിനെതിരെ തൃത്താലയിലെ ഇടതുപക്ഷ സമൂഹം കടുത്ത അതൃപ്തിയിലുമാണ്. രാജേഷിന്റെ വിജയമല്ല, വലിയ ഭൂരിപക്ഷത്തിലുള്ള വിജയം മറ്റൊരു വലിയ ഉത്തരവും ആകാം.
പാലക്കാട് സി.പി.എമ്മില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ചേരിതിരിവ് പെട്ടെന്ന് നിര്‍വീര്യമാക്കാന്‍ നേതൃത്വം തുനിഞ്ഞത് ആ ജില്ലയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍കക്ക് മൊത്തത്തില്‍ സഹായകമായി. മലമ്പുഴയില്‍ ബി.ജെ.പി. ഉയര്‍ത്തുന്ന വെല്ലുവിളി വളരെ വലുതാണ്. വി.എസിന്റെ പഴയ തട്ടകത്തില്‍ സി.പി.എം.സ്ഥാനാര്‍ഥി വി.എസിന്റെ പഴയ പക്ഷക്കാരന്‍ തന്നെയാണ്.
പാലക്കാട്ടെ താരമല്‍സരത്തില്‍ മുന്നില്‍ ഷാഫി പറമ്പില്‍ തന്നെയാണ്. ഇ.ശ്രീധരന്‍ നേടുന്ന വോട്ടുകള്‍ ബി.ജെ.പി.യുടെത് മാത്രമായിരിക്കില്ല, കോണ്‍ഗ്രസിന്റെ കൂടിയായിരിക്കും എ്ന്നതാണ് സി.പി.എമ്മിന് ആശ്വാസത്തിന് വക നല്‍കുന്നത്. എന്നാല്‍ ന്യൂനപക്ഷവോട്ടുകളും കൂടുതലുള്ള പാലക്കാട് ഷാഫിക്ക് സുരക്ഷിതമാണെന്നാണ് കോണ്‍ഗ്രസ് വാദം.
ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളില്‍ ഇത്തവണ ഇടതുപക്ഷത്തിന് തിരിച്ചടി ഉണ്ടാവും എന്ന് വിശ്വസിക്കുന്നവരുണ്ട്.
ചുരുക്കത്തില്‍, വയനാട് ഒഴികെയുള്ള വടക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ച് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഇടതുപക്ഷത്തിന് നിലവിലുള്ളതില്‍ നിന്നും ചില നഷ്ടങ്ങള്‍ ഉണ്ടാവുമെന്ന നിരീക്ഷണം ഒരു വശത്ത് ഉണ്ട്. മലപ്പുറത്തും വയനാട്ടിലും കോഴിക്കോടും അപ്രതീക്ഷിതമായി ചില സീറ്റുകള്‍ നേട്ടമായിത്തീരുമെന്നും ഊഹിക്കപ്പെടുന്നു.
(തുടരും)