“ടൈംസ് നൗ ടി.വി.” യുടെ മാധ്യമ പ്രവർത്തന നയത്തെ അതിനിശിതമായി വിമര്‍ശിച്ചു കൊണ്ട് മുന്‍ ജീവനക്കാരും ഇപ്പോഴത്തെ ജീവനക്കാരും ചേര്‍ന്നെഴുതിയ കത്ത് വലിയ ചര്‍ച്ചയാകുന്നു. ബി.ജെ.പി.യുടെ അജണ്ട നടപ്പാക്കാനാണ് ടൈംസ് നൗ ചാനലിലെ എഡിറ്റോറിയല്‍ ബോര്‍ഡ് ശ്രമിച്ചു വരുന്നതെന്നും മനുഷ്യരുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും കത്തില്‍ പറയുന്നു.
ചാനലിലെ എഡിറ്റർമാരും അവതാരകരും ആയ രാഹുല്‍ ശിവശങ്കര്‍, നവിക കുമാര്‍, പദ്മജ ജോഷി എന്നിവരെ ഉദ്ദേശിച്ചാണ് കത്ത് എഴുതിയിരിക്കുന്നത്.
ചാനല്‍ എഡിറ്റര്‍മാര്‍ക്ക് അവരുടെ പത്രധര്‍മവും മൂല്യങ്ങളും ഓര്‍മിപ്പിച്ചുകൊണ്ട് ഇങ്ങനെ ഒരു തുറന്ന കത്ത് എഴുതേണ്ടിവരുമെന്ന് ഓര്‍ത്തിരുന്നില്ല എന്ന് പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്. ജേര്‍ണലിസ്റ്റുകള്‍ എന്ന നിലയില്‍ ഞങ്ങള്‍ മനസ്സിലാക്കിയ പ്രാഥമിക പാഠം, എപ്പോഴും ജനങ്ങള്‍ക്കൊപ്പം, മനുഷ്യത്വത്തിനൊപ്പം നില്‍ക്കുക എന്നതാണ്. എന്നാല്‍ ടൈംസ് നൗ ഇപ്പോള്‍ ജേര്‍ണലിസത്തിന്റെ ലേബലില്‍ ചെയ്യുന്നത് കേന്ദ്രസര്‍ക്കാരിനു വേണ്ടി പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനം നടത്തുകയാണ്.–കത്തില്‍ ആരോപിക്കുന്നു.
ചാനല്‍ അതിന്റെ എഡിറ്റോറിയല്‍ നയം ബി.ജെ.പി.ക്കു വേണ്ടി അടിയറ വെച്ചിരിക്കയാണ്. നിങ്ങള്‍ ഇനി എന്നാണ് ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കുക. എപ്പോഴാണ് സ്വന്തം എഡിറ്റോറിയല്‍ ടീമിനോട് ബി.ജെ.പി. അജണ്ടക്കനുസരിച്ച് ജോലി ചെയ്യുന്നത് നിര്‍ത്താന്‍ ആവശ്യപ്പെടുക. സര്‍ക്കാരിന്റെ ഉത്തരവാദിത്വം ചൂണ്ടിക്കാട്ടാന്‍ ഇനി നിങ്ങള്‍ക്ക് എത്ര മൃതദേഹങ്ങള്‍ കൂടി കാണണം. നിങ്ങള്‍ക്ക് ചിലരോടുള്ള താല്‍പര്യം മൂലം, സമൂഹത്തിലെ അടിസ്ഥാന ജനത നേരിടുന്ന ദുരിതത്തെ കാണാനുള്ള നിങ്ങളുടെ അവകാശത്തെ അന്ധമാക്കിയിരിക്കയാണോ. നിങ്ങളുടെ കൈകളില്‍ ഇനിയും എത്ര രക്തം പുരളണം എന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്–കത്തില്‍ ചോദിക്കുന്നു.
ആയിരക്കണക്കിന് മനുഷ്യര്‍ രാജ്യത്തുടനീളം പിടഞ്ഞു മരിക്കുന്നു. സര്‍ക്കാരിന് ഇക്കാര്യത്തിലുള്ള ഉത്തരവാദിത്വം എടുത്തു കാട്ടാന്‍ പോലും ടൈംസ് നൗ എഡിറ്റര്‍മാര്‍ തയ്യാറാകുന്നില്ല. ജനങ്ങള്‍ മരിച്ചു വീഴുമ്പോള്‍ ചുരുങ്ങിയത് ചില ചോദ്യങ്ങള്‍ സര്‍ക്കാരിനോട് ചോദിക്കാനെങ്കിലും, യാഥാര്‍ഥ്യമെന്തെന്ന് തുറന്നുകാട്ടാനെങ്കിലും തയ്യാറാകുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ നമ്മള്‍ ബി.ജെ.പി. ഇതര സര്‍ക്കാരിനെ ലക്ഷ്യം വെക്കുകയും മൃദുവായ സംഗതികള്‍ മാത്രം വിഷയമാക്കുകയും ചെയ്തു കൊണ്ട് ബി.ജെ.പി.യുടെ ഐ.ടി. വിഭാഗത്തിന്റെ അജണ്ടയാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
വിലപ്പെട്ട സംപ്രേഷണ സമയം ഉപയോഗിക്കുന്നത് കര്‍ഷക പ്രക്ഷോഭത്തെ വിമര്‍ശിക്കാനാണ്. അത് സ്വാഭാവികമായും ബി.ജെ.പി.യുടെ താല്‍പര്യത്തിന് യോജിച്ചതാണ്. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ മാറ്റാന്‍ എങ്ങിനെ മാധ്യമങ്ങള്‍ ശ്രമിക്കുന്നു എന്നതിന്റെ അസ്സല്‍ ഉദാഹരണമാണിത്.
പ്രധാനമന്ത്രിയോട് അദ്ദേഹത്തിന്റെ ഭരണവൈകല്യത്തെപ്പറ്റി ചോദ്യങ്ങള്‍ ചോദിക്കുന്നതിനു പകരം മോദിയുടെ പ്രതിച്ഛായ സംരക്ഷിക്കാനും അദ്ദേഹത്തിനെ ദുഷ്‌പേരില്‍ നിന്നും രക്ഷപ്പെടുത്താനുമാണ് ചാനല്‍ ശ്രമിക്കുന്നത്. ബി.ജെ.പി.യുടെ ഐ.ടി. വിഭാഗത്തിന്റെ പ്രചാരണത്തിന്റെ തനിപ്പകര്‍പ്പായി മാറിയിരിക്കയാണ് ചാനലിലെ പ്രൈം ടൈം സംവാദങ്ങള്‍- കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ബഹുമാന്യ എഡിറ്റര്‍മാരേ…നിങ്ങളുടെ തിരഞ്ഞെടുപ്പ് വളരെ ലളിതമാണ്. നിങ്ങള്‍ മനുഷ്യത്വത്തിന്റെ പക്ഷത്തോ അതോ ബി.ജെ.പി.യുടെ പക്ഷത്തോ. രണ്ടാമത്തെ പക്ഷമാണ് തിരഞ്ഞെടുക്കുന്നത് എങ്കില്‍ നിങ്ങള്‍ ഈ ജോലിയെ മാത്രമല്ല, രാജ്യത്തെയും ഇവിടത്തെ ജനങ്ങളെയും തന്നെ തോല്‍പിക്കുകയാണ് എന്നാണര്‍ഥം.–കത്ത് തുടരുന്നു.
മറ്റ് ദേശീയ മാധ്യമങ്ങളിലെ ജേര്‍ണലിസ്റ്റുകളോടും അഭ്യര്‍ഥന നടത്തിയാണ് കത്ത് അവസാനിക്കുന്നത്. അവരോട് സധൈര്യം മുന്നോട്ടു വന്ന് സംസാരിക്കാന്‍ ആവശ്യപ്പെടുന്നു. ഇപ്പോള്‍ നിങ്ങളത് ചെയ്യുന്നില്ലങ്കില്‍, ചരിത്രം നിങ്ങള്‍ക്ക് മാപ്പ് തരില്ല എന്ന മുന്നറിയിപ്പോടെയാണ് ജീവനക്കാരുടെ കത്ത് അവസാനിക്കുന്നത്.