ഇന്നലെ, ഏപ്രില്‍ എട്ടാം തീയതി ബിജാപൂര്‍ ജില്ലയിലെ, നിബിഡ വനത്തിനകത്തു സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തില്‍ തടിച്ചുകൂടിയത് 20 ഗ്രാമങ്ങളിലെ 2000-ത്തിലധികം ജനങ്ങള്‍. അവരെ വിളിച്ചു വരുത്തിയതായിരുന്നു മാവോയിസ്റ്റുകള്‍. ഈ ജനക്കൂട്ടത്തിനു മുന്നിലാണ് രാകേശ്വര്‍ സിങ് എന്ന സി.ആര്‍.പി.എഫ്. ഭടനെ സായുധധാരികളായ മാവോയിസ്റ്റുകള്‍ ഹാജരാക്കിയത്.
ബിജാപൂര്‍ ജില്ലയില്‍ നിന്നും 85 കിലോമീറ്റര്‍ ദൂരെയുള്ള ജോനഗുഡ ഗ്രാമത്തിലേക്കെത്താനായിരുന്നു മധ്യസ്ഥരുടെ സംഘത്തോട് മമാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയോടെ അവിടെയെത്തിയ മധ്യസ്ഥര്‍ ഉള്‍വനത്തിലേക്ക് 15 കിലോമീറ്ററോളം ഉള്ളിലേക്ക് നയിക്കപ്പെട്ടു. അവിടെ തടിച്ചുകൂടിയ ജനക്കൂട്ടത്തിനു മുന്നില്‍ മധ്യസ്ഥര്‍ ഹാജരാക്കപ്പെട്ടു. ആറ് മാധ്യമപ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകനായ ധരംപാല്‍ സെയ്‌നിയും ഉള്‍പ്പെട്ട സംഘമായിരുന്നു മധ്യസ്ഥരുടെത്. നിഷ്പക്ഷരായ മധ്യസ്ഥരെ അയച്ചാല്‍ ജവാനെ വിട്ടയക്കാമെന്നായിരുന്നു മാവോയിസ്റ്റുകള്‍ അറിയിച്ചിരുന്നത്.
ജനക്കൂട്ടത്തെ സായുധരായ മാവോയിസ്റ്റുകള്‍ വളഞ്ഞു. മധ്യസ്ഥരെ വേറൊരു കൂട്ടം നിരീക്ഷിച്ചുകൊണ്ടിരുന്നു. ബന്ധിക്കപ്പെട്ട നിലയില്‍ രാകേശ്വര്‍ സിങ് അവര്‍ക്കിടയിലേക്ക് കൊണ്ടുവരപ്പെട്ടു.
ആയിരക്കണക്കിന് ജനങ്ങള്‍ക്കിടയില്‍ നിന്നു കൊണ്ടുള്ള മണിക്കൂറുകള്‍ നീണ്ട് മധ്യസ്ഥ ശ്രമം. സര്‍ക്കാര്‍ ഇതുവരെ വെളിപ്പെടുത്താത്ത ഒരു രഹസ്യ കൈമാറ്റം കൂടി അവിടെ നടന്നു. അഞ്ച് ദിവസം മുമ്പ് നടന്ന ബീജാപൂരിലെ ഏറ്റുമുട്ടലിനിടയില്‍ സി.ആര്‍.പി.എഫ്. പിടികൂടിയ ഒരു ആദിവാസി ഉണ്ടായിരുന്നു. കുഞ്ചാം സുക്ക എന്നാണയാളുടെ പേര്. ജവാനെ മോചിപ്പിക്കണമെങ്കില്‍ ഈ ആദിവാസിയെ ആദ്യം കൈമാറണം എന്ന ഡിമാന്‍ഡ് മാവോയിസ്റ്റുകള്‍ നേരത്തെ അറിയിച്ചിരുന്നു. ഇതനുസരിച്ച് ഈ ആദിവാസിയെയും കൊണ്ടായിരുന്നു മധ്യസ്ഥര്‍ കാട്ടിനകത്തെത്തിയത്.
മധ്യസ്ഥരായി എത്തിയവരില്‍ ബിജാപൂരിലെയും സുക്മയിലെയും മാധ്യമപ്രവര്‍ത്തകരായ ആറുപേര്‍–ഗണേഷ് മിശ്ര, രാജന്‍ ദാസ്, മുകേഷ് ചന്ദ്രാകര്‍, യുകേഷ് ചന്ദ്രാകര്‍, ശങ്കര്‍, ചേതന്‍ എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു. പത്മശ്രീ ജേതാവായ സാമൂഹ്യ പ്രവര്‍ത്തകന്‍ ധരംപാല്‍ സെയ്‌നിയുടെ നേതൃത്വത്തിലായിരുന്നു സംഘം. ജേര്‍ണലിസ്റ്റുകളാണ് കാട്ടിനകത്തെ നാടകീയ രംഗങ്ങള്‍ ഇപ്പോള്‍ പുറത്തറിയിച്ചിരിക്കുന്നത്.
മധ്യസ്ഥര്‍ എത്തിയതോടെ അന്തരീക്ഷം കൂടുതല്‍ പിരിമുറുക്കമുള്ളതായി. ജവാനെ ആദ്യമൊന്നും മാവോയിസ്റ്റുകള്‍ പുറത്തു കൊണ്ടുവന്നില്ല. അവര്‍ ആദ്യം അന്തരീക്ഷം നന്നായി നിരീക്ഷിച്ചു. പിന്നെ ചടുലമായ ചില നീക്കങ്ങള്‍. 35 മുതല്‍ 40 വരെ അംഗങ്ങള്‍ ഉള്‍പ്പെട്ട സായുധ മാവോയിസ്റ്റ് കമാന്‍ഡോകള്‍ ജവാനെ ജനങ്ങള്‍ക്കിടയിലേക്ക് കൊണ്ടുവന്നു.
അതോടെ ജനക്കൂട്ടം മുഴുവന്‍ കമാന്‍ഡോകളുടെ നിയന്ത്രണത്തിലായി. മധ്യസ്ഥരെ അവര്‍ വട്ടമിട്ടു നിന്നു. കമാന്‍ഡോകളെ മുഴുവന്‍ നിയന്ത്രിച്ചിരുന്നത് ഒരു വനിതയായിരുന്നു എന്ന മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. ഒരാള്‍ പോലും ക്യാമറ പ്രവര്‍ത്തിപ്പിക്കരുത്–കമാന്‍ഡോകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കര്‍ക്കശ നിര്‍ദ്ദേശം നല്‍കി. എല്ലാവരും അനുസരിക്കയല്ലാതെ വേറെ വഴിയില്ലായിരുന്നു.
ഗ്രാമവാസികള്‍ക്കിടയില്‍ നിന്നും ഗോത്രത്തിന്റെ പ്രതിനിധികളെ മാവോയിസ്റ്റുകള്‍ വിളിച്ചു, ചിലതെന്തൊക്കെയോ സംസാരിച്ചു. പിന്നീട് ജനക്കൂട്ടത്തോട് ഇങ്ങനെ പറഞ്ഞു- അബോധാവസ്ഥയിലാണ് ജവാനെ ഞങ്ങള്‍ക്ക് കിട്ടിയത്. അയാള്‍ക്ക് ചില മുറിവുകളും ഉണ്ടായിരുന്നു. അത് ഞങ്ങള്‍ ചികില്‍സിച്ചിട്ടുണ്ട്. ഇപ്പോള്‍ അയാള്‍ സുരക്ഷിതനാണ്. ഇപ്പോള്‍ അയാളെ വിട്ടയക്കുകയാണ്.
അടുത്ത നിമിഷത്തില്‍ മാവോയിസ്റ്റ് കമാന്‍ഡോകളില്‍ പ്രമുഖന്റെ ചോദ്യം ഉയര്‍ന്നു–എവിടെ നിങ്ങള്‍ പിടിച്ചുവെച്ച ആദിവാസി. മധ്യസ്ഥര്‍ ഉടനെ തങ്ങളുടെ ഒപ്പം ഉള്ള കുഞ്ചം സുക്ക എന്ന എന്ന ഗ്രാമീണനെ സായുധ സംഘത്തിന് കൈമാറി. ജനക്കൂട്ടം അതിന് സാക്ഷിയായി. തുടര്‍ന്ന് ജവാനെ തിരിച്ചും കൈമാറി. തുടര്‍ന്ന മാവോയിസ്റ്റ് നേതാവ് മാധ്യമ പ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചു–ഇനി ക്യാമറ ഓണ്‍ ചെയ്യാം.
അപ്രതീക്ഷിതമായി അപ്പോള്‍ ഒരു കാര്യം സംഭവിച്ചു. ജനക്കൂട്ടം ഒന്നായി ആക്രോശിച്ചു–ജവാനെ വിട്ടയക്കരുത്. നിങ്ങള്‍ ചെയ്യുന്നത് തെറ്റാണ് എന്നും മാവോയിസ്റ്റുകളോട് ജനക്കൂട്ടം വിളിച്ചു പറയുന്നുണ്ടായിരുന്നു. ജവാനെ വിടരുത്, പോകാന്‍ അനുവദിക്കരുത് എന്നീ ആവശ്യങ്ങളും ജനക്കൂട്ടത്തില്‍ നിന്നും ഉയരുന്നതിനിടെ തന്നെ ഒരു ജേര്‍ണലിസ്റ്റിന്റെ ബൈക്കിനു പിറകിലിരുന്ന് ജവാന്‍ രാകേശ്വര്‍ സിങ് മന്‍ഹാസ് കാട്ടില്‍ നിന്നും പുറത്തേക്ക്, അഞ്ചുനാള്‍ നീണ്ട മാവോ തടങ്കലില്‍ നിന്നും സ്വതന്ത്രനായി മുന്നോട്ടു കുതിച്ചു. അപ്പോള്‍ സമയം ആറു മണിയാകാറായിരുന്നു, കാട്ടില്‍ ഇരുട്ട് വീണു തുടങ്ങിയിരുന്നു.
ഒറ്റപ്പെട്ട സായുധ സംഘത്തിന്റെ നടപടികളല്ല, പകരം കാട്ടിലെ മുഴുവന്‍ ജനത്തിന്റെയും പിന്തുണയുള്ള, പ്രാദേശികമായി വലിയ സ്വാധീനവും ശക്തിയുമുള്ള ഭരണകൂട സ്വഭാവമുള്ള ഒരു സംഘടനയുടെ ലോകമാണ് ആ കാട്ടിനകത്ത് മധ്യസ്ഥര്‍ക്ക് കാണാന്‍ കഴിഞ്ഞത് എന്ന കാര്യം ശ്രദ്ധേയമാണ്.