Categories
latest news

‘നമ്മള്‍ തോറ്റു പോയിരിക്കുന്നു’…ഡെല്‍ഹി ഹൈക്കോടതി മുറിയില്‍ വികാര നിര്‍ഭരമായ രംഗങ്ങള്‍

രാജ്യതലസ്ഥാനത്തെ ഹൈക്കോടതി മുറി ഇന്ന് അത്യപൂര്‍വ്വമായൊരു രംഗത്തിന് സാക്ഷ്യം വഹിച്ചു. ഈ മഹാമാരിക്കാലത്ത് നീതിന്യായപീഠം മരണത്തിനു മുന്നില്‍ പകച്ചു നിന്ന നിമിഷം, നിസ്സഹായതയാല്‍ നിരാശയാല്‍ കോടതി തന്നെ നമ്മള്‍ തോറ്റുപോയിരിക്കുന്നു എന്ന് ഉരുവിട്ട നിമിഷം…
തലസ്ഥാനത്തെ ആശുപത്രികളിലെ ഓക്‌സിജനും കിടക്കകളും ഇല്ലായ്മയെ സംബന്ധിച്ച് ഏറെ ദിവസമായി ഡെല്‍ഹി ഹൈക്കോടതി വാദം കേട്ടുകൊണ്ടിരിക്കയായിരുന്നു. കേന്ദ്രസര്‍ക്കാരിനെയും ചിലപ്പോള്‍ ഡെല്‍ഹി സര്‍ക്കാരിനെയും കണക്കറ്റ് വിമര്‍ശിക്കുന്ന രംഗങ്ങളായിരുന്നു കോടതിയില്‍ ഇക്കഴിഞ്ഞ നാളുകളിലെല്ലാം…
അതിനിടയിലാണ് ഹൈക്കോടതിയിലെ ഒരു വക്കീല്‍ അദ്ദേഹത്തിന്റെ ഭാര്യാസഹോദരന്‍ ഗുരുതരാവസ്ഥയിലാണെന്നും തീവ്രപരിചരണ വിഭാഗത്തില്‍ കിടക്ക ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചത്. സഹപ്രവര്‍ത്തകര്‍ ഏറെ ശ്രമിച്ചിട്ടും അതിന് ഇതുവരെ സാധിച്ചിട്ടില്ല. തലേദിവസം രാത്രി സഫദര്‍ജങ് ആശുപത്രിയില്‍ ചികില്‍സ കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും നടന്നില്ല. ആശുപത്രികളില്‍ നിന്നും ആശുപത്രികളിലേക്ക് രോഗിയെയും കൊണ്ട് പോയെങ്കിലും ഒന്നും ഫലിച്ചിരുന്നില്ല.

ഇന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കേസ് വാദം തുടങ്ങിയപ്പോള്‍ അഭിഭാഷകന്‍ വീണ്ടും കോടതിയോട് തന്റെ ബന്ധുവിന് ഐ.സി.യു. കിടക്ക കിട്ടിയില്ലെങ്കില്‍ അപകടകരമാകുമെന്ന് അറിയിച്ചു. കോടതി ഉടന്‍ മുറിയില്‍ വിവിധ രാഷ്ട്രീയപാര്‍ടികളെ പ്രതിനിധീകരിച്ചു വന്ന വക്കീലന്‍മാരോടെല്ലാം അഭ്യര്‍ഥന നടത്തി–ഏതെങ്കിലും സ്വാധീനം ഉപയോഗിച്ച് ഒരു ആശുപത്രിയില്‍ ഐ.സി.യു.കിടക്ക ഏര്‍പ്പാടാക്കി നല്‍കാന്‍.

thepoliticaleditor

അല്‍പ നേരം കഴിഞ്ഞപ്പോള്‍, പൊടുന്നനെ പരാതിക്കാരനായ അഭിഭാഷകന്‍, ഇനി തനിക്കു വേണ്ടി കൂടുതല്‍ പരിശ്രമം ആവശ്യമില്ലെന്നും തന്റെ ബന്ധു ഏതാനും നിമിഷം മുമ്പ് മരിച്ചു പോയെന്നും കോടതിയെ അറിയിച്ചു…
‘ ഞാന്‍ തോറ്റു പോയി’ വിതുമ്പിക്കൊണ്ട് ആ അഭിഭാഷകന്‍ പറഞ്ഞു.
ഇതു കേട്ട കോടതി ഒരു നിമിഷം നിശ്ശബ്ദമായി. പിന്നെ ജഡ്ജി പ്രസ്താവിച്ചു–ഈ രാജ്യം തോറ്റിരിക്കുന്നു, നമ്മള്‍ തന്നെ തോറ്റു പോയിരിക്കുന്നു.’–വാര്‍ത്താ ഏജന്‍സി ഇങ്ങനെ റിപ്പോര്‍ട്ടു ചെയ്തു.
കോടതിമുറി കുറേ നിമിഷം മൗനം പൂണ്ടു..പിന്നെ പരേതന് അനുശോചനം രേഖപ്പെടുത്തി. പൗരന്‍മാരുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടിരിക്കുന്നു–കോടതി നിരീക്ഷിച്ചു.

Spread the love
English Summary: delhi high court room witnesses for a haeartbreaking incident on friday

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick