ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ഔദ്യോഗിക വസതിയിലെത്തി ചോദ്യം ചെയ്തതിന് പിന്നാലെ സഹോദരന്റെ പേട്ടയിലെ ഫ്‌ളാറ്റിലും തെരച്ചില്‍ നടത്തി കസ്റ്റംസ്.
ശ്രീരാമകൃഷ്ണന്റെ വിദേശത്തുള്ള സഹോദരന്റെ ഫ്‌ളാറ്റില്‍ വെച്ചാണ് ഡോളര്‍ കൈമാറിയതെന്ന് സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഫ്‌ളാറ്റിലും തെരച്ചില്‍ നടത്തിയിരിക്കുന്നത്. പണമടങ്ങിയ ബാഗ് കൈമാറിയിട്ടില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ കസ്റ്റംസിനെ അറിയിച്ചു. സ്വപ്നയെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ അറിയാം. പരിചയവും സൗഹൃദവും ഉണ്ട്. സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ല. സഭയുടെ മുദ്രയുള്ള ബാഗ് പലര്‍ക്കും സമ്മാനമായി നല്‍കിയിട്ടുണ്ടെന്നും സ്പീക്കർ കസ്റ്റംസിനെ അറിയിച്ചു.
രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കൊച്ചിയില്‍ നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച ഔദ്യോഗിക വസതിയില്‍ നേരിട്ടെത്തിയാണ് ചോദ്യം ചെയ്തത്. കസ്റ്റംസ് സൂപ്രണ്ടന്റ് സലിലിന്റെ നേതൃത്വത്തില്‍ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
ഇതിനു മുമ്പ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും വോട്ടെടുപ്പിന് ശേഷം എത്താമെന്ന് മറുപടി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും നോട്ടീസ് നല്‍കിയത്. എന്നാല്‍ സുഖമില്ലെന്ന കാരണം കാണിച്ച് ചോദ്യം ചെയ്യലില്‍ നിന്നും വീണ്ടും ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ വസതിയില്‍ നേരിട്ടെത്തി.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥര്‍ തന്റെ സൗകര്യം ചോദിച്ചറിഞ്ഞ് എത്തിയതാണ് എന്നും തനിക്കെതിരെ ഉയര്‍ന്നിട്ടുള്ള എല്ലാ വിവാദങ്ങള്‍ക്കും വിശദീകരണം നല്‍കാന്‍ തയ്യാറാണെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു. നിയമസഭയുടെ ഭരണഘടനാ പദവിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സ്പീക്കറുടെ സൗകര്യം കസ്റ്റംസ് ചോദിച്ചറിയുകയായിരുന്നെന്നുമാണ് ശ്രീരാമകൃഷ്ണന്റെ ഓഫീസ് വ്യക്തമാക്കുന്നത്.
ഡോളർ കടത്തു കേസിൽ ചോദ്യം ചെയ്യലിനു വിധേയനായ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും, ബന്ധുനിയമനക്കേസിൽ ലോകായുക്തയുടെ പരാമർശത്തിന് വിധേയനായ മന്ത്രി കെ.ടി.ജലീലും രാജി വയ്ക്കണമെന്നു കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. ഇവർ രാജിവയ്ക്കാൻ തയാറല്ലെങ്കിൽ രാജി എഴുതി വാങ്ങാനുള്ള ആർജവം മുഖ്യമന്ത്രിക്കുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ പൊതുരംഗത്തിനു ശുദ്ധീകരണം ആവശ്യമാണ്. ഇക്കാര്യത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഉത്തരവാദിത്തം നിർവഹിക്കണം. ഇല്ലെങ്കിൽ ജനങ്ങൾക്കു രാഷ്ട്രീയത്തിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുമുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.