കൊവിഡ് വ്യാപനം രണ്ടാം തരംഗം ഉത്തരേന്ത്യയില്‍ വിതച്ചുകൊണ്ടിരിക്കുന്ന മനുഷ്യദുരിതവും ജീവഹാനിയും ഏത് സര്‍ക്കാരിനും പരമ നാണക്കേടായി മാറുന്നതാണെങ്കിലും അപ്പോഴും ആത്മപ്രശംസയ്ക്കാണ് ഇന്ത്യയുടെ ഭരണാധികാരികള്‍ തയ്യാറാകുന്നത്. കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ട് നില്‍ക്കുകയാണ് കേന്ദ്രഭരണകക്ഷി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മുഴുവന്‍. എന്നിട്ടും പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുക എന്ന രക്ഷാമാര്‍ഗം മാത്രമാണ് കേന്ദ്രമന്ത്രിമാര്‍ക്ക്.
കൊവിഡ് പ്രതിരോധിക്കാന്‍ പണം സ്വരൂപിക്കാന്‍ പ്രധാനമന്ത്രി തുടങ്ങിയ പി.എം.കെയേര്‍സ് ഫണ്ടിന്റെ ഉപയോഗം സുതാര്യമല്ലെന്ന് പ്രതിപക്ഷം നേരത്തേ തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നതാണ്. എന്നാല്‍ പ്രധാനമന്ത്രി അത് അവഗണിച്ചതേയുള്ളൂ. ആ ഫണ്ടില്‍ എത്ര തുക ലഭിച്ചു എന്ന കാര്യം പോലും പലര്‍ക്കും അറിയില്ല.
2020 മാര്‍ച്ച് 27-ന് അതായത് രാജ്യം ലോക്ഡൗണിലായി മൂന്നാം ദിവസം ആണ് പി.എം.കെയേര്‍സ് ഫണ്ട് തുടങ്ങിയത്. ആ ഫണ്ട് ബോര്‍ഡില്‍ അംഗങ്ങള്‍ നാല് പേര്‍ മാത്രം. നരേന്ദ്രമോദി, രാജ്‌നാഥ് സിങ്, അമിത് ഷാ, നിര്‍മ്മല സീതാരാമന്‍. ഈ ഫണ്ടില്‍ ഇതുവരെ എത്ര രൂപ കിട്ടി എന്നറിയാന്‍ പലരും ശ്രമിച്ചു. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നു പോലും ഈ ഫണ്ടിനെ ഒഴിവാക്കിയിരിക്കയാണ് . ഒടുവില്‍ സംഭാവന ചെയ്തവര്‍ തന്നെ എത്ര തുക നല്‍കി എന്ന കാര്യം വ്യക്തമാക്കാന്‍ തുടങ്ങി. കഴിഞ്ഞ ജൂണ്‍ നാലിന്റെ കണക്കനുസരിച്ച് 9,690 കോടി രൂപ ഫണ്ടിലേക്ക് എത്തി എന്നാണ് മാധ്യമങ്ങള്‍ ശേഖരിച്ച കണക്കുകളിലുളളത്.
ഈ തുക എങ്ങിനെ ചെലവാക്കുന്നു…ഇത് വ്യക്തമല്ല. സര്‍ക്കാര്‍ പറയുന്ന ചില കണക്കുകള്‍ മാത്രമാണ് മാധ്യമങ്ങളുടെ കയ്യിലുള്ളത്. അര ലക്ഷം വെന്റിലേറ്ററുകള്‍ വാങ്ങാന്‍ രണ്ടായിരം കോടി രൂപ ചെലവാക്കി എന്ന് പറയുന്നു. അതു പോലെ കുടിയേറ്റ തൊഴിലാളികളെ തിരിച്ചയക്കാന്‍ ആയിരം കോടി ചെലവാക്കി. 100 കോടി വാക്‌സിന്‍ ഗവേഷണത്തിന് നല്‍കി. 2021 ഫെബ്രുവരി രണ്ടിന് പി.എം. കെയര്‍ ഫണ്ടിന്റെ സെക്രട്ടറി പ്രഖ്യാപിച്ചത് കൊവിഡ് വാക്‌സിന്‍ വാങ്ങാന്‍ ചെലവഴിച്ചിരിക്കുന്നത് ഫണ്ടിലെ പണം ആണ് എന്നാണ്. ഇപ്പോള്‍ മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ ഉണ്ടാക്കാനായി 100 ആശുപത്രികള്‍കക്ക് പണം നല്‍കാന്‍ തീരുമാനിച്ചു എന്നും വാര്‍ത്തയായി.
ഈ പറഞ്ഞ കാര്യങ്ങളില്‍ സംഭവിച്ച യാഥാര്‍ഥ്യങ്ങള്‍ കെടുകാര്യസ്ഥതയുടെയും അനാസ്ഥയുടെയും ചിത്രങ്ങളാണ് നല്‍കുന്നത്. ആന്ധ്ര സര്‍ക്കാരിന്റെ കമ്പനിക്കും(atmz) ഗുജറാത്തിലെ ഒരു സ്വകാര്യ കമ്പനിക്കും(jyothi cnc) വെന്റിലേറ്റര്‍ കരാര്‍ കൊടുത്തെങ്കിലും ഇരുവരും ക്ലിനിക്കല്‍ ട്രയലില്‍ പരാജയപ്പെട്ട കമ്പനികളായിരുന്നു എന്നാണ് വിവരാവകാശരേഖയിലെ സൂചന. ഗുജറാത്ത് കമ്പനി 121 കോടി രൂപയ്ക്ക് അയ്യായിരം വെന്റിലേറ്ററുകളും ആന്ധ്ര കമ്പനി 500 കോടി രൂപയ്ക്ക് 13,500 വെന്റിലേറ്ററുകളും നിര്‍മ്മിക്കാനായിരുന്നു കരാര്‍. നോയിഡയിലുള്ള വേറൊരു സ്വകാര്യ കമ്പനി agva പതിനായിരം എണ്ണവും നിര്‍മ്മിക്കാന്‍ കരാറാക്കിയിരുന്നു. ഇവരും രണ്ടു തവണ ക്ലിനിക്കല്‍ ട്രയലില്‍ പരാജയപ്പെട്ടു. എങ്കിലും പ്രവൃത്തി തുടര്‍ന്നു. ആ കമ്പനിയുടെ സി.ഇ.ഒ. പിന്നീട് ഒരു പ്രസ്താവനയില്‍ പറഞ്ഞത്, അവര്‍ പതിനായിരം വെന്റിലേറ്ററുകള്‍ നിര്‍മിച്ചു എന്നും ഒരു വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ 5000 എണ്ണം മാത്രമാണ് എടുത്തുകൊണ്ടുപോയത് എന്നാണ്. ബാക്കി 5000 എണ്ണം കമ്പനിയുടെ ഗോഡൗണില്‍ കിടക്കുകയാണ്.
പിന്നീട് ഹിന്ദുസ്ഥാന്‍ ഏയറോനോട്ടിക്‌സിന് 13,500 വെന്റിലേറ്റര്‍ നിര്‍മ്മിക്കാന്‍ കരാര്‍ നല്‍കിയെങ്കിലും പിന്നീടത് പതിനായിരമാക്കി ചുരുക്കിി. ചെന്നൈ ആസ്ഥാനമായ ട്രിവിട്രോണ്‍ എന്ന കമ്പനിക്കും നല്‍കി പതിനായിരം വെന്റിലേറ്ററിന്റെ കരാര്‍, 373 കോടി രൂപയ്ക്ക്. ഈ കരാറുകളും കൃത്യമായി പ്രാവര്‍ത്തികമായില്ല എന്നാണ് റിപ്പോര്‍ട്ട്. ഈ കരാര്‍ പ്രകാരമുള്ള ഒറ്റ വെന്റേിലേറ്ററും വിതരണം നടന്നിട്ടില്ലെന്നും ഉത്തേരേന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
വാക്‌സിന്‍ ഗവേഷണത്തിനും വാക്‌സിന്‍ വാങ്ങാനും 80 ശതമാനം തുകയും ഉപയോഗിച്ചു എന്ന് അവകാശപ്പെടുമ്പോഴും ഇന്ത്യ വാക്‌സിന്‍ ക്ഷാമത്താല്‍ കിതയ്ക്കുകയാണ്. 12 സംസ്ഥാനങ്ങളില്‍ മെഡിക്കല്‍ ഓക്‌സിജന് വന്‍ ലഭ്യതക്കുറവാണുള്ളത്. ഓക്‌സിജനും വെന്റിലേറ്ററും കിടക്കയും കിട്ടാതെ രോഗികള്‍ മരിച്ചു വീഴുന്ന ദുരവസ്ഥയാണ് ബി.ജെ.പി. ഉള്‍പ്പെടെ ഭരിക്കുന്ന വലിയ സംസ്ഥാനങ്ങളില്‍. അപ്പോഴും പ്രധാനമന്ത്രി ആത്മപ്രശംസയുടെ ലഹരിയിലാണെന്ന് കഴിഞ്ഞ ദിവസത്തെ അവകാശവാദങ്ങള്‍ തെളിയിക്കുന്നു.
നോട്ട് നിരോധനം പോലെ, ജി.എസ്.ടി. പോലെ, പി.എം. കെയേര്‍സ് ഫണ്ടും അമ്പേ പാളിയ പരീക്ഷണം ആയി മാറുകയാണോ എന്നത് ചര്‍ച്ച ചെയ്യപ്പെടുന്നു. പി.എം.കെയേര്‍സിലേക്ക് ഒഴുകി വന്ന സഹസ്രകോടി രൂപ ഏതു രീതിയില്‍ ഉപയോഗപ്പെട്ടു എന്ന് അറിയാന്‍ പോലും അവകാശമില്ലാത്ത ജനതയായി ഇന്ത്യക്കാര്‍ മാറിയിരിക്കുന്നു.