മോഹമുക്തനായ കോണ്‍ഗ്രസുകാരന്‍ എന്ന് വിശേഷണമുള്ള ചെറിയാന്‍ ഫിലിപ്പ് വീണ്ടും മോഹമുക്തനായി തന്നെ ജീവിക്കാന്‍ അനുവദിച്ചുകൊണ്ടാണ് സി.പി.എമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി പട്ടിക വന്നിരിക്കുന്നത്.. ഇടതു സഹയാത്രികനും മുഖ്യമന്ത്രി പിണറായി വിജയന്റെ അടുപ്പക്കാരനുമായ ചെറിയാന് രാജ്യസഭാ സീറ്റ് നല്‍കും എന്ന് ശക്തമായ അഭ്യൂഹം ഉണ്ടായിരുന്നു. ചെറിയാനും ഇത് ഏകദേശം ഉറപ്പിച്ച് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം വിധി വേറെയായി.
സി.പി.എം. സ്ഥാനാര്‍ഥി അഭ്യൂഹ പട്ടികയില്‍ ചെറിയാന്‍ ഫിലിപ്പ് ഒഴിച്ചാല്‍ എല്ലാ പേരുകളും കണ്ണൂരുകാരുടെതായിരുന്നു. ഒടുവില്‍ രണ്ട് കണ്ണൂര്‍ക്കാര്‍ക്കു തന്നെയാണ് സി.പി.എം. സീറ്റുകള്‍ നല്‍കിയതും–ജോണ്‍ബ്രിട്ടാസിനും ഡോ.വി.ശിവദാസനും. ഡെല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സി.പി.എം. കേന്ദകമ്മിറ്റി അംഗവും മറ്റൊരു കണ്ണൂര്‍ക്കാരനുമായ വിജു കൃഷ്ണനും സീറ്റ് നല്‍കുമെന്ന് പ്രതീക്ഷിക്കപ്പെട്ടവരുടെ പട്ടികയിലുണ്ടായിരുന്നു. ഒപ്പം നിലവില്‍ രാജ്യസഭംഗമായ വേറൊരു കണ്ണൂര്‍ക്കാരന്‍ കെ.കെ.രാഗേഷിന് ഒരുവട്ടം കൂടി നല്‍കുമെന്നും അഭ്യൂഹം ഉണ്ടായിരുന്നു.

കോണ്‍ഗ്രസില്‍ ആദര്‍ശധീരന്‍ എ.കെ.ആന്റണിയുടെ പാദം പിന്തുടര്‍ന്ന് ജീവിച്ച ചെറിയാന്‍ പാര്‍ടിയില്‍ വിയര്‍ത്തു ജോലി ചെയ്ത വ്യക്തിയായിരുന്നു. പക്ഷേ ഒരിക്കല്‍ പോലും ചെറിയാനെ നല്ലൊരു പാര്‍ലമെന്ററി പദവിയിലേക്ക് കടത്തിവിടാന്‍ ആന്റണി തയ്യാറായില്ല. ഏറ്റവും ഒടുവില്‍ തോല്‍വി ഉറപ്പായ നിയമസഭാ സീറ്റ് നല്‍കി അപമാനിക്കുകയും ചെയ്തു. ഇതിലൊക്കെ മനം മടുത്ത് കോണ്‍ഗ്രസ് വിട്ട ചെറിയാന്‍ പതുക്കെ ഇടതു പാളയത്തിലേക്ക് അടുക്കുകയായിരുന്നു. ഇടതുപക്ഷം അദ്ദേഹത്തെ ടൂറിസം വികസന കോര്‍പറേഷന്‍ ചെയര്‍മാനാക്കി ഉറപ്പിച്ചു നിര്‍ത്തി. ഇപ്പൊഴത്തെ പിണറായി ഭരണകാലത്ത് ക്ഷേമപദ്ധതികളുടെ ഏകോപനച്ചുമതല നല്‍കി സെക്രട്ടരിയറ്റില്‍ മികച്ച ഇരിപ്പിടവും ഓഫീസുമൊക്കെ നല്‍കി പിണറായി ചെറിയാനെ പരിഗണിക്കുകയും ചെയ്തിരുന്നു. രാജ്യസഭാ സീറ്റ് ചെറിയാന് നല്‍കുമെന്ന് നേരത്തേ തന്നെ വാര്‍ത്തയുണ്ടായിരുന്നു.

മാധ്യമപ്രവര്‍ത്തകനായി ഡല്‍ഹിയിലെത്തിയ കണ്ണൂര്‍ കേളകം സ്വദേശിയായ ബ്രിട്ടാസ് കൈരളി ടിവി എംഡിയായി 2003ല്‍ ഡല്‍ഹി വിടുന്നതുവരെ പാര്‍ലമെന്റ് ഗ്യാലറിയിലെ സാന്നിധ്യമായിരുന്നു. ദേശാഭിമാനിയില്‍ ആദ്യം, പിന്നീട് കൈരളിയുടെ ഡല്‍ഹി ബ്യൂറോ ചീഫായി പ്രവര്‍ത്തിച്ച ബ്രിട്ടാസ് 2003 സെപ്റ്റംബര്‍ 11നാണ് കൈരളി ടിവി മാനേജിങ് ഡയറക്ടറായി നിയമിതനാകുന്നത്. രണ്ടുവര്‍ഷക്കാലം ഏഷ്യാനെറ്റ് ചാനല്‍ ഹെഡ് ആയി പ്രവര്‍ത്തിച്ച ശേഷം 2013ല്‍ ഒരിക്കല്‍ കൂടി കൈരളിയുടെ മാനേജിങ് ഡയറക്ടറായി. ചീഫ് എഡിറ്റര്‍ കൂടിയായ ജോണ്‍ ബ്രിട്ടാസ് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്നു. അഞ്ച് തവണ മികച്ച അവതാരകനുള്ള സംസ്ഥാന പുരസ്‌കാരത്തിനര്‍ഹനായി.
കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ഡോ. വി.ശിവദാസന്‍ എസ്.എഫ്.ഐ.യുടെ മുന്‍ അഖിലേന്ത്യാ അധ്യക്ഷനായിരുന്നു. പഠിക്കുക പോരാടുക എന്ന മുദ്രാവാക്യം അക്ഷരാര്‍ഥത്തില്‍ പാലിച്ച നേതാവായിരുന്നു. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റും ജവഹര്‍ലാല്‍ സര്‍വ്വകലാശാലയില്‍ നിന്നും പോസ്റ്റ് ഡോക്ടറല്‍ ബിരുദവും നേടിയ ശിവദാസന്‍ ഈ മന്ത്രിസഭയുടെ കാലത്ത് കേരളത്തില്‍ വൈദ്യുതി ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചു. സി.പി.എം. സംസ്ഥാനസമിതി അംഗമാണിപ്പോള്‍.