കോവിഡിന്റെ അതിതീവ്ര വ്യാപനം രാജ്യത്തെ ആരോഗ്യ പരിപാലന സംവിധാനങ്ങളെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയെന്നും ഇന്നത്തെ സാഹചര്യത്തില്‍ രാഷ്ട്രീയവും മതപരവുമായ ചടങ്ങുകള്‍ രാജ്യത്താകെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ് എന്നും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ.
ആശുപത്രി കിടക്കകളുടെ എണ്ണവും മറ്റ് സൗകര്യങ്ങളും ഉടന്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. കോവിഡ് രോഗികളുടെ എണ്ണം കുറച്ചുകൊണ്ടുവരേണ്ടതും അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് കേസുകള്‍ അതിവേഗം വര്‍ധിച്ചതിന് പിന്നില്‍ രണ്ട് കാരണങ്ങളാണുള്ളത്. ജനുവരി-ഫെബ്രുവരിയോടെ വാക്‌സിനേഷന്‍ തുടങ്ങുകയും കോവിഡ് കേസുകള്‍ കുറയുകയും ചെയ്തതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കുന്നതില്‍ അലംഭാവം കാട്ടി. അതോടൊപ്പം വൈറസിന് ജനിതകമാറ്റം സംഭവിക്കുകയും വ്യാപനം അതിവേഗത്തിലാകുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പുകളും വിവിധ മതചടങ്ങുകളും നടക്കുന്ന സമയമാണിത്. ആരുടെയും മതവികാരം വൃണപ്പെടാത്ത രീതിയില്‍ നിയന്ത്രണത്തോടെ അവ നടത്തേണ്ടത് കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് അത്യാവശ്യമാണ്.