ഇനി കഞ്ചാവടിച്ചാലും കയ്യില്‍ വെച്ചാലും കേസില്ല…ഇന്ത്യയിലെ കാര്യമല്ല ന്യൂയോര്‍ക്കിലെതാണ് എന്നു മാത്രം.
കഞ്ചാവ്(മരിജുവാന) ഉപയോഗിക്കുന്നത് നിയമവിധേയമാക്കാന്‍ ന്യൂയോര്‍ക്ക് തീരുമാനിച്ചു. ഇതോടെ അമേരിക്കയിലെ 15-ാമത് സംസ്ഥാനമാണ് കഞ്ചാവുപയോഗത്തിന് അനുമതി നല്‍കുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ സമൂഹത്തിന് നീതി നല്‍കാന്‍ ഈ തീരുമാനം ഉപകരിക്കുമെന്നാണ് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോ പറഞ്ഞു. ഏറെ വാഗ്വാദത്തിനു ശേഷം 49-ന് എതിരെ 109 വോട്ടിനാണ് കഞ്ചാവനുകൂല പ്രമേയം പാസ്സായത്.
ന്യൂയോര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളിലും അറസ്റ്റുകളിലും 94 ശതമാനം വരെ മരിജുവാന ഉപയോഗവുമായി ബന്ധപ്പെട്ടതാണ്. കറുത്ത വര്‍ഗക്കാരാണ് അധികവും പിടിയാകുന്നത്. ന്യൂയോര്‍ക്കില്‍ കഞ്ചാവുപയോഗത്തില്‍ വെളുത്ത വംശജരാണ് കറുത്തവരേക്കാള്‍ ഏറെ അധികമെങ്കിലും കേസുകളെല്ലാം വന്നു വീഴാറുള്ളത് കറുത്തവരുടെ മേലേക്കാണ് എന്നതാണ് അവസ്ഥ. ഈ അനീതി അവസാനിപ്പിക്കാനാവും എന്നതാണ് ഈ പുതിയ നിയമാനുകൂല്യത്തോടെ സംജാതമാകുന്നത്.
വര്‍ഷത്തില്‍ 350 മില്യന്‍ ഡോളറിന്റെ വരുമാനവും 60,000 പുതിയ തൊഴിലവസരങ്ങളും പുതിയ നിയമം വഴി ഉണ്ടാവുമെന്നാണ് കണക്കുകൂട്ടുന്നത്. എന്നാല്‍ പുതിയ നിയമത്തിനെതിരെ ന്യൂയോര്‍ക്കിലെ അധ്യാപക-രക്ഷാകര്‍ത്തൃ സംഘടന ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കുട്ടികളെ ഇത് മോശമായി ബാധിക്കും എന്നതാണ് ഇവരുടെ ആശങ്കയ്ക്ക് കാരണം. ഒരു ബോധവല്‍ക്കരണ പരിപാടി കൂടി ഇതിന്റെ ഭാഗമായി നടപ്പാക്കി സ്‌കൂള്‍ കുട്ടികളില്‍ കഞ്ചാവുപയോഗം കുറയ്ക്കാനാണ് പരിപാടി.