ഇരട്ട വോട്ട് വിഷയത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരട്ട വോട്ടുണ്ടെങ്കില്‍ കമ്മീഷന്‍ അത് കണ്ടെത്തി തിരുത്തുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രാദേശികതലത്തില്‍ അപാകതകള്‍ കണ്ടെത്താനും തിരുത്താനും ഇടത് പക്ഷം ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞു. ഇത് യുഡിഎഫ് ചെയ്യുന്നുണ്ടോയെന്ന് ചോദിച്ച മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് ആളുകളെ കള്ളവോട്ടര്‍മാരായി ചിത്രീകരിക്കുകയായിരുന്നുവെന്ന് ആരോപിച്ചു.
നാലര ലക്ഷം പേരെ കള്ളവോട്ടര്‍മാരായി പ്രതിപക്ഷ നേതാവ് ചിത്രീകരിക്കുകയാണ്. ഇരട്ട സഹോദരങ്ങളെ അടക്കമാണ് ഇങ്ങനെ കള്ളവോട്ടര്‍മാരാക്കിയതെന്ന് പിണറായി വിജയന്‍ ആരോപിച്ചു.
പ്രതിപക്ഷ നേതാവിന്‍്റെ വീട്ടില്‍ തന്നെ കള്ളവോട്ട് ഉണ്ടായില്ലേയെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തെ അപമാനിക്കാനുള്ള ശ്രമം ഉണ്ടായെന്ന് പറഞ്ഞ മുഖ്യമന്ത്രി ബംഗ്ലാദേശില്‍ നിന്നുള്ള 20 ലക്ഷം കള്ളവോട്ടുണ്ടെന്ന് വലതു പക്ഷ ഹാന്‍ഡിലുകള്‍ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടി.
കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് നേതൃത്വം കൊടുത്തതെന്നാണ് മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തല്‍. ഡാറ്റാ സുരക്ഷിതത്വം, സ്വകാര്യത എന്നിവ വിളിച്ചു പറഞ്ഞയാള്‍ ഇപ്പോള്‍ സ്വീകരിച്ച നടപടി എന്താണെന്നും പരാജയ ഭീതി ഉണ്ടാകുമ്ബോള്‍ ഇത്തരം കാര്യങ്ങളുമായി പുറപ്പെടാമോയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ ലോകത്തിന് മുന്നില്‍ അപമാനിക്കുന്ന നിലപാട് ആയി ഇതെന്നും കൊവിഡ് രോഗ വിശകലനത്തിന് ഡാറ്റാ ശേഖരിച്ചപ്പോള്‍ വിമര്‍ശിച്ചത് പ്രതിപക്ഷ നേതാവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസനം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം തയ്യാറാകുന്നില്ല. പകരം ഇരട്ട വോട്ട് ചര്‍ച്ച ചെയ്യാമെന്നാണ് പ്രതിപക്ഷം പറയുന്നതെന്ന് പിണറായി ആക്ഷേപിക്കുന്നു. ആരോപണങ്ങള്‍ ഇനിയും ധാരാളം വരുമെന്നും അദാനിയുമായി ബന്ധപ്പെടുത്തി പ്രതിപക്ഷ നേതാവ് കൊണ്ടുവന്ന അടുത്ത ബോംബായിരിക്കും ഇതെന്നുമായിരുന്നു പുതിയ ആരോപണത്തോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. അതും ചീറ്റിപ്പോയെന്ന് പറഞ്ഞ പിണറായി വൈദ്യുതി കരാറുകള്‍ എല്ലാം കെ എസ് ഇ ബിയുടെ വെബ്സൈറ്റില്‍ ഉണ്ടെന്നും വൈദ്യുതി മേഖലയുടെ മുന്നേറ്റം ഇല്ലാതാക്കാനാണ് ഈ നീക്കമെന്നും ആക്ഷേപിച്ചു.