രാജ്യസഭയിലേക്കു ഇടതുപക്ഷം നല്‍കുമെന്ന് ആഗ്രഹിച്ചിരുന്ന ടിക്കറ്റ് കിട്ടാതിരുന്നതോടെ മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ഇടതു സഹയാത്രികനുമായ ചെറിയാന്‍ ഫിലിപ്പ് ഇനി തീരുമാനിച്ചിരിക്കുന്നത്, രാഷ്ട്രീയം എഴുതാനാണ്. താന്‍ പണ്ടെഴുതിയ കാല്‍ നൂറ്റാണ്ട്-ന് രണ്ടാം ഭാഗം എഴുതാനാണ് പദ്ധതി.
പുതിയ പുസ്തകം ഉടന്‍ എഴുതി തുടങ്ങുമെന്നും ‘ഇടതും വലതും’ എന്നായിരിക്കും പേര് എന്നും ഫേസ് ബുക്കിൽ എഴുതിയ കുറിപ്പില്‍ പറയുന്നു. കേരള രാഷ്ട്രീയചരിത്രം പറയുന്ന ‘കാല്‍ നൂറ്റാണ്ട്’ എന്ന പുസ്തകം രചിച്ചതിനുശേഷം തുടര്‍ന്നുള്ള ചരിത്രമെഴുതാന്‍ രാഷ്ട്രീയ തിരക്കുമൂലം കഴിഞ്ഞില്ല.
കാല്‍ നൂറ്റാണ്ടിനുശേഷമുള്ള രാഷ്ട്രീയ ചരിത്രം ഉടന്‍ എഴുതിത്തുടങ്ങും. രാഷ്ട്രീയ പാര്‍ട്ടികളിലെ പുറത്തറിയാത്ത അന്തര്‍ നാടകങ്ങളും വിഭാഗീയതയും പുസ്തകത്തില്‍ പ്രതിപാദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇടതും വലതും -എഴുതി തുടങ്ങുന്നു
നാൽപതു വർഷം മുൻപ് ഞാൻ രചിച്ച ‘കാൽ നൂറ്റാണ്ട്’ എന്ന കേരള രാഷ്ട്രീയ ചരിത്രം ഇപ്പോഴും രാഷ്ട്രീയ, ചരിത്ര, മാധ്യമ വിദ്യാർഥികളുടെ റഫറൻസ് ഗ്രന്ഥമാണ്. ഇഎംഎസ്, സി. അച്ചുതമേനോൻ, കെ. കരുണാകരൻ, എ.കെ. ആന്റണി, ഇ.കെ. നായനാർ, പി.കെ..വാസുദേവൻ നായർ, സി.എച്ച്. മുഹമ്മദ് കോയ, ഉമ്മൻ ചാണ്ടി, കെ.എം. മാണി, ആർ. ബാലകൃഷ്ണപിള്ള എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തിരുന്നു.
ബുദ്ധിപരമായ സത്യസന്ധത പുലർത്തുന്ന പുസ്തകം എന്നാണ് ഇഎംഎസ് വിശേഷിപ്പിച്ചത്. ഈ പുസ്തകത്തിന് നിരവധി അവാർഡുകൾ ലഭിച്ചിരുന്നു. ഈ പുസ്തകത്തിന്റെ പിന്തുടർച്ചയായ നാൽപതു വർഷത്തെ ചരിത്രം എഴുതാൻ രാഷ്ട്രീയ തിരക്കുമൂലം കഴിഞ്ഞില്ല.
കാൽനൂറ്റാണ്ടിനു ശേഷമുള്ള ഇതുവരെയുള്ള കേരള രാഷ്ട്രീയ ചരിത്രം ഉടൻ എഴുതി തുടങ്ങും. ചരിത്രഗതിവിഗതികളോടൊപ്പം വിവിധ കക്ഷികളിലെ പുറത്തറിയാത്ത അന്തർനാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും നൂറു ശതമാനം സത്യസന്ധമായും നിക്ഷ്പക്ഷമായും പ്രതിപാദിക്കും.
ഇടതും വലതും – എന്നായിരിക്കും ചരിത്ര പുസ്തകത്തിൻ്റെ തലക്കെട്ട്.