Categories
national

വാക്‌സിന്‍ ഡിപ്ലോമസി വിനയായി , കയറ്റുമതി ചെയ്തവര്‍ ഇറക്കുമതി ചെയ്യുന്നു!

വാക്‌സിൻ കയറ്റുമതി ചെയ്തവര്‍ ഇപ്പോൾ ഇറക്കുമതി ചെയ്യുന്നു

Spread the love

ലോകത്തിന് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ പോകുന്നത് ഇന്ത്യയാണ് എന്ന പ്രചാരണത്തിന്റെ എതിര്‍ദിശയിലേക്കാണ് യാഥാര്‍ഥ്യബോധത്തോടെ നരേന്ദ്രമോദി സര്‍ക്കാരിന്റെ പുതിയ തീരുമാനം. വിദേശ വാക്‌സിനുകള്‍ ഇറക്കുമതി ചെയ്യാനുള്ള നിയന്ത്രണം നീക്കിയ തീരുമാനം ഉറപ്പായും ഇന്ത്യയെപ്പോലെ ജനസംഖ്യ കൂടുതലുള്ള രാജ്യത്തിന് കൊവിഡ് പ്രതിരോധ വാക്‌സിനേഷന് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കിയേക്കും. അതേസമയം കോര്‍പറേറ്റ് ബഹുരാഷ്ട്ര മരുന്നുകമ്പനികളുടെ വിപണി സര്‍ക്കാര്‍ പ്രത്യേകമായി നിയന്ത്രിച്ചില്ലെങ്കില്‍ ചൂഷണം വ്യാപകമാകുകയും ചെയ്യും.

സ്പുട്‌നിക്-വി എന്ന റഷ്യന്‍ വാക്‌സിനാണ് ആദ്യം ഇന്ത്യ അനുമതി നല്‍കിയത്. ഇതോടെ ഇവിടെ ഉപയോഗിക്കാന്‍ പോകുന്ന മൂന്നാമത്തെ വാക്‌സിന്‍ ആയി റഷ്യന്‍ വാക്‌സിന്‍ മാറിയിരിക്കുന്നു. ഈ വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ അഞ്ച് കമ്പനികള്‍ അനുമതി നേടിയിട്ടുണ്ട്. വര്‍ഷത്തില്‍ 85 മില്യണ്‍ ഡോസുകള്‍ നല്‍കാന്‍ കഴിയുമെന്നാണ് സ്പുട്‌നികിന്റെ ഉടമസ്ഥര്‍ പറയുന്നത്. ഈ മാസം അവസാനത്തോടെ മരുന്ന് ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങും.
ഇതിനു തൊട്ടു പിറകെ മറ്റ് വിദേശ വാക്‌സിനുകളും ഇറങ്ങിത്തുടങ്ങും. അതിനുള്ള നടപടികള്‍ വേഗത്തിലാക്കിയിരിക്കയാണ്. മോഡേണ, ഫിസ്സര്‍, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ കമ്പനികളുടെ വാക്‌സിനുകളാണ് പെട്ടെന്ന് ഇന്ത്യന്‍ വിപണിയിലെത്താന്‍ പോകുന്നത്. അമേരിക്ക, യൂറോപ്പ്, ബ്രിട്ടന്‍, ജപ്പാന്‍, ലോകാരോഗ്യ സംഘടന എന്നിവയുടെ അനുമതി ഉള്ളവയാണ് ഈ കമ്പനികളുടെ വാക്‌സിനുകള്‍.

thepoliticaleditor

മോദിയുടെ അവകാശവാദം

ഇന്ത്യയാണ് ലോകത്തിന് മാര്‍ഗം കാട്ടുന്നതെന്ന് കാണിക്കാന്‍ നരേന്ദ്രമോദി നയിച്ച ഒരു പ്രചാരണമായിരുന്നു ലോകത്തിന് വാക്‌സിന്‍ നല്‍കാന്‍ പോകുന്നത് ഇന്ത്യയാണ് എന്നത്. ലോകത്തിലെ 72 രാജ്യങ്ങള്‍ക്ക് ഞങ്ങള്‍ വാക്‌സിന്‍ നല്‍കുന്നു എന്ന് കഴിഞ്ഞ മാര്‍ച്ച് 17ന് വിദേശകാര്യമന്ത്രി ജയശങ്കര്‍ രാജ്യസഭയില്‍ പ്രഖ്യാപിച്ച് മോദിയുടെ വാക്‌സിന്‍ മൈത്രി വിളംബരം ചെയ്തത് ഇതിന്റെ ഭാഗമായിരുന്നു.

ട്രയല്‍ മുഴുവന്‍ പൂര്‍ത്തിയാകും മുമ്പേ കൊവാക്‌സിന്‍ എന്ന മരുന്നിന് അനുമതി നല്‍കിയതിനു പിന്നിലെ കാര്യം കൊവാക്‌സിന്‍ ഇന്ത്യയുടെതായതിനാല്‍ ഇന്ത്യ ആദ്യമായി വാക്‌സിന്‍ വികസിപ്പിച്ചു എന്ന് അവകാശപ്പെടാനായിരുന്നു . എന്നാല്‍ പരീക്ഷണത്തിന്റെ അവസാനഘട്ടം പിന്നിടും മുമ്പേ കേന്ദ്ര ആരോഗ്യവകുപ്പ് അനുമതി നല്‍കിയ കൊവാക്‌സിന്‍ സ്വീകരിക്കാന്‍ ഐ.എം.എ. ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആരും തയ്യാറായില്ല.
ഇന്ത്യയ്ക്കു മുമ്പേ ജര്‍മ്മനി, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ഫലപ്രദമായ അവരുടെ വാക്‌സിനുകള്‍ ഉപയോഗിച്ചു തുടങ്ങിയിരുന്നു.

പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കൊവി ഷീല്‍ഡ് ആണ് രാജ്യത്തിനകത്ത് എല്ലായിടത്തും ആദ്യഘട്ടത്തില്‍ വിശ്വാസ്യതയോടെ എല്ലാ സംസ്ഥാനങ്ങളും ധൈര്യത്തോടെ ഉപയോഗിച്ചുവരുന്നത്. എന്നാല്‍ ഈ വാക്‌സിന്‍ കോടിക്കണക്കിന് ഡോസുകള്‍ മോദി വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതിക്ക് നിര്‍ബാധം അനുമതി നല്‍കി.

ആഭ്യന്തര ക്ഷാമം കടുത്തു നില്‍ക്കുമ്പോൾ കയറ്റുമതി

അതേസമയത്ത് ഇന്ത്യയ്ക്കകത്ത് പല സംസ്ഥാനങ്ങളും, രാജ്യ തലസ്ഥാനമായ ഡെല്‍ഹി ഉള്‍പ്പെടെ വാക്‌സിന്‍ ക്ഷാമത്താല്‍ വലയുകയായിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്–അതും മഹാരാഷ്ട്രയില്‍ കൊവിഡ് ഭീകരമായി കൂടിയപ്പോള്‍ നടന്ന വെളിപ്പെടുത്തലിലൂടെ. മഹാരാഷ്ട്രക്കു പുറമേ, ഡെല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും വാക്‌സിന്‍ കിട്ടാതായി. ഉത്തർപ്രദേശിലെ പല ജില്ലകളിൽ നിന്നും വാക്സിൻ കുറവുള്ളതായി റിപ്പോർട്ടുകൾ ഉണ്ട്. പ്രതിദിനം 2 ലക്ഷം ആളുകൾക്ക് വാക്സിനുകൾ പ്രയോഗിക്കാൻ തുടങ്ങിയാൽ, സ്റ്റോക്ക് രണ്ട് ദിവസത്തിനുള്ളിൽ തീരുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞിരുന്നു.. 7 മുതൽ 10 ദിവസം വരെ കൊടുക്കാനുള്ള വാക്സിൻ മാത്രമാണ് രാജ്യതലസ്ഥാനമായ ഡൽഹിയിൽ അവശഷിക്കുന്നത് എന്ന് വെളിവാക്കപ്പെട്ടു.. ആഭ്യന്തര ക്ഷാമം കടുത്തു നില്‍ക്കുമ്പോഴാണ് വിദേശകയറ്റുമതിക്ക് പ്രോല്‍സാഹനം നല്‍കിയത്. ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം ആദ്യത്തേതിനേക്കാള്‍ രൂക്ഷമാകുന്ന സാഹചര്യത്തിലും എത്രയും വേഗം കൂടുതല്‍ വാക്‌സിന്‍ ഇന്ത്യയിലുള്ളവരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതിനു പകരം ലോകത്തിനു മുന്നില്‍ ഞെളിയാന്‍ കിട്ടുന്ന അവസരം ഉപയോഗിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്ന് വിമര്‍ശനം ഉയരുകയും ചെയ്തു.

Spread the love
English Summary: central govt approves the import of kovid vaccines

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick