അധ്യാപകരുടെയും രക്ഷിതാക്കളുടെയും കനത്ത പ്രതിഷേധത്തെ തുടർന്ന് സിബിഎസ്ഇ ഈ വർഷം നടപ്പാക്കാനൊരുങ്ങിയ മലയാളം സിലബസ് പരിഷ്കരണം റദ്ദാക്കി.പതിനാല് ജില്ലകളിലെയും സഹോദയ കമ്മറ്റിക്കുമുൻപാകെ പരാതിപ്രളയമായതിനെ തുടർന്നാണ് ബോർഡ് ഈ തീരുമാനം കൈകൊണ്ടത്.അക്കാദമിക് തലങ്ങളിൽ കാവിവല്കരണത്തിന്റെ ആദ്യപടിയാണ് സിലബസ് പരിഷ്കരണമെന്ന ആരോപണവും ഈ പിന്മാറ്റത്തിന് പിന്നിലുണ്ട് എന്നതാണ് ലഭിക്കുന്ന വിവരം.
മലയാളം സിലബസില്‍ അമിതഭാരം കയറ്റിവെച്ച് മലയാള പഠനം നിരുല്‍സാഹപ്പെടുത്തുന്ന ഉത്തരേന്ത്യന്‍ ലോബിയുടെ നീക്കത്തിനെതിരെ ‘ ദ് പൊളിറ്റിക്കല്‍ എഡിറ്റര്‍’ ഇന്ത്യയിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും വാര്‍ത്ത നല്‍കിയത് വ്യാപകമായി വായിക്കപ്പെട്ടിരുന്നു. സിലബസ് പരിഷ്‌കരണത്തിന്റെ പിന്നാമ്പുറ രഹസ്യങ്ങള്‍ ഇതോടെ കൂടുതല്‍ വെളിവാക്കപ്പെട്ടു. പ്രതിഷേധവും വ്യാപിച്ചു.

എസ്.സി.ആർ.ടി.യുടെ കേരളപാഠാവലിയിലേയും അടിസ്ഥാനപാഠാവലിയിലേയും തെരഞ്ഞെടുത്ത പത്തു പാഠങ്ങളും ഒരു ഉപപാഠപുസ്തകവുമായിരുന്നു കഴിഞ്ഞ വർഷം വരെ പഠിപ്പിച്ചിരുന്നത്. എന്നാൽ പരിഷ്കരിച്ച സിലബസ്സിൽ കേരളാപാഠാവലിയിലേയും അടിസ്ഥാന പാഠാവലിയിലേയും മുഴുവൻ പാഠങ്ങളും ഒമ്പതിലേയും പത്തിലേയും കുട്ടികൾ പഠിക്കേണ്ടതായി വന്നിരുന്നു.ഇതോടെ കുട്ടികളുടെ മേല്‍ അമിതഭാരം എടുത്തു വെച്ച ശേഷം അവരെ മലയാളത്തില്‍ നിന്നും പിന്തിരിപ്പിക്കാനാണ് നീക്കമെന്ന ആരോപണം ഉയർന്നു.കൂടുതല്‍ വലിയ സിലബസുളള മലയാളം പഠിച്ചാല്‍ മാര്‍ക്ക് കുറയുമെന്നും ഹിന്ദി, സംസ്‌കൃതം എന്നിവ പഠിച്ചാല്‍ മാര്‍ക്ക് കൂടുതല്‍ കിട്ടും എന്ന മാനേജ്‌മെന്റുകളുടെ വ്യാജപ്രചരണം കൂടിയായപ്പോൾ മലയാളം അധ്യാപകരും രക്ഷിതാക്കളും ഭാഷാസ്നേഹികളുടെ സംഘടനകളും ഇതിനെതിരെ ശക്തമായി രംഗത്ത് വരികയായിരുന്നു.വിദ്യാഭ്യാസവിചക്ഷണന്മാരും ഈ തീരുമാനത്തിൽ എതിർപ്പ് പ്രകടിപ്പിച്ചതോടെ സിലബസ് പരിഷ്കരണത്തിൽനിന്നും പൂർണ്ണമായും പിന്മാറുകയും പഴയ സിലബസ് പുനഃസ്ഥാപിക്കുകയും ചെയ്തു.
ഭാരതീയ വിദ്യാഭവന്‍, ചിന്‍മയ വിദ്യാലയ, സരസ്വതീ വിദ്യാഭവന്‍, അമൃത വിദ്യാലയം തുടങ്ങിയ വിദ്യാലയ ശൃംഖലകളില്‍ നിലവിൽ മലയാളത്തിന് പ്രധാന്യം വളരെ കുറവാണെന്നും ആക്ഷേപമുണ്ട്. .കോർപറേറ്റ് മാനേജുമെന്റുകളുടെ കീഴിലുള്ള ഈ സ്ഥാപനങ്ങളുടെ ചില സെന്ററുകളിൽ സംസ്കൃതപഠനം ഭാരതീയസംസ്കാരത്തിന്റെ ഭാഗമായിട്ടുള്ളതാണ് അതുകൊണ്ട് നിർബന്ധമായും സംസ്കൃതം പഠിക്കേണ്ടതുണ്ട് എന്നുള്ള നിബന്ധനകളും രഹസ്യമായി പറഞ്ഞുവക്കുന്നുണ്ട്.സംഘപരിവാറിന്റെ ആശയസ്വാധീനമാണ് ഈ നിലപാടിന് കാരണമെന്നും പറയപ്പെടുന്നു.