ബി.ബി.സി. ന്യൂസ് ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇന്ത്യയുടെ കൊവിഡ് പ്രതിരോധ സംവിധാനത്തിലെ കുറ്റകരമായ അനാസ്ഥയെ നിശിതമായി വിമര്‍ശിക്കുന്ന സാഹചര്യത്തില്‍ ഇന്ന് നടന്ന പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിലെ മോദിയുടെ ആഹ്വാനങ്ങള്‍ ചര്‍ച്ചയാകുന്നു. കേള്‍ക്കുന്നതെല്ലാം വ്യാജപ്രചാരണങ്ങള്‍ ആണെന്നും ഒന്നും വിശ്വസിക്കില്ലെന്ന് താന്‍ ആഗ്രഹിക്കുന്നതായും ഇപ്പോള്‍ പോസിറ്റീവ് തിങ്കിങ് ആണ് വേണ്ടതെന്നും മനസ്സില്‍ നിന്നുള്ള ഭാഷണത്തില്‍ മോദി പറഞ്ഞു. എല്ലാവരും ശ്രമിക്കുന്നുണ്ട്. വാക്‌സിന്‍ സൗജന്യമായി തുടരും. എല്ലാവരും പോസിറ്റീവായി ചിന്തിക്കണം–മോദി ആഹ്വാനം ചെയ്തു.
ഇതിനു തൊട്ടുപിറകെ എത്തിയ മാധ്യമറിപ്പോര്‍ട്ടനുസരിച്ച്, സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെ വിമര്‍ശിച്ച് പ്രമുഖര്‍ ഉള്‍പ്പെടെ ഇട്ട ട്വീറ്റുകള്‍ ഐ.ടി. മന്ത്രാലയം ഇടപെട്ട് നീക്കം ചെയ്തതായി വിവരമുണ്ട്. ജനപ്രതിനിധികള്‍, സിനിമാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നടത്തിയ ട്വീറ്റുകളാണ് അക്കൗണ്ടുകളില്‍ നിന്നും നീക്കം ചെയതത്. എന്നാല്‍ വ്യാജ വാര്‍ത്തകള്‍ മാത്രമാണ് നീക്കിയതെന്ന് സര്‍ക്കാര്‍ പറയുന്നു.
അതേസമയം, രാജ്യത്ത് ഓക്‌സിജന്‍ ലഭ്യത ഉണ്ടാക്കാന്‍ 551 ഓകസിജന്‍ പ്ലാന്‍ുകള്‍ സ്ഥാപിക്കും എന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. പി.എം.കെയേര്‍സ് ഫണ്ടില്‍ നിന്നും ഇതിന് പണം ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. ഇതോടെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വലിയ അനാസ്ഥയാണ് നേരത്തെ കാണിച്ചതെന്നും ശ്വാസകോശത്തെ തകര്‍ത്തുകളയുന്ന കൊവിഡിനെ പ്രതിരോധിക്കാനും ജീവന്‍ രക്ഷിക്കാനും അത്യാവശ്യമായ ഓക്‌സിജന്‍ മതിയായ അളവില്‍ ലഭ്യത ഉറപ്പാക്കാനുള്ള മുന്‍കൂര്‍ പ്ലാനിങ്ങ് സര്‍ക്കാരിന് ഇല്ലായിരുന്നു എന്നും സമ്മതിക്കുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോഴത്തെ ഗുരുതരാവസ്ഥ പരിഹരിക്കണമെങ്കില്‍ അടിയന്തിരമായി വിദേശത്തു നിന്നടക്കം ഓക്‌സിജന്‍ പ്ലാന്റുകള്‍ എത്തിച്ചാലേ സാധ്യമാകൂ എന്നും ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. രാജ്യ തലസ്ഥാനമായ ഡെല്‍ഹിയില്‍ ഓക്‌സിജന്‍ ഇല്ലാതെ പല പ്രധാന ആശുപത്രിയിലൂം ഇപ്പോള്‍ പുതിയ രോഗികളെ അഡ്മിറ്റ് ചെയ്യുന്നില്ല. രോഗികളുടെ ബന്ധുക്കള്‍ സ്വന്തം നിലയില്‍ ഓക്‌സിജന്‍ സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലുമാണ്. ഇന്നലെ 20 പേര്‍ മരിച്ച ഡെല്‍ഹിയിലെ ജയ്പൂര്‍ ഗോള്‍ഡന്‍ ഹോസ്പിറ്റലില്‍ വീണ്ടും കടുത്ത ഓക്‌സിജന്‍ ക്ഷാമം ആണെന്ന് റിപ്പോര്‍ട്ടുണ്ട്.