ഏഷ്യാനെറ്റ് ചാനലില്‍ ചര്‍ച്ചകളില്‍ സി.പി.എമ്മിനെ നിരന്തരം അവഹേളിച്ചതിനെതിരെ ചാനല്‍ ചര്‍ച്ച സി.പി.എം. ബഹിഷ്‌കരിച്ചപ്പോള്‍ ആദ്യം എം.ജി.രാധാകൃഷ്ണനും പിന്നെ വാര്‍ത്താവതാരകന്‍ വിനു വി.ജോണും എ.കെ.ജി. സെന്ററിലെത്തി ക്ഷമ ചോദിച്ചുവെന്ന് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ പ്രസ്താവിച്ചു. പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ അപവാദം പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ് ബ്യൂറോയ്ക്കു മുന്നില്‍ സി.പി.എം. നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയരാജന്‍. ഏഷ്യാനെറ്റ് ന്യൂസിനു പിന്നില്‍ ദുഷ്ട ചിന്താഗതിക്കാര്‍ പ്രവര്‍ത്തിക്കുന്നതായി ജയരാജന്‍ ആരോപിച്ചു. മുന്‍പ് ചാനല്‍ ചര്‍ച്ചയ്ക്കിടെ സി.പിഎമ്മിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ പരാമര്‍ശങ്ങള്‍ വിനു വി ജോണ്‍ നടത്തിയതിന് സിപിഎം ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ച ബഹിഷ്‌കരിച്ചതാണ്. സിപിഎമ്മിന്റെ ഒരാളെ വിളിച്ച് അയാള്‍ക്ക് മതിയായ സമയം നല്‍കാതെ കോണ്‍ഗ്രസ്, ബിജെപി, വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകര്‍, അവതാരകനായ വിനു.വി ജോണ്‍ എന്നിവര്‍ ചേര്‍ന്ന് ബാക്കിയുള്ള സമയം അക്രമിച്ചു. ഇതിലെ നീതി നിഷേധം ചൂണ്ടിക്കാണിച്ചാണ് ബഹിഷ്‌കരിച്ചത്.
തുടര്‍ന്ന് എ.കെ.ജി സെന്ററില്‍ വന്ന് ഏഷ്യാനൈറ്റ് ന്യൂസ് ചീഫ് എം.ജി രാധാകൃഷ്ണന്‍ ക്ഷമ പറഞ്ഞു. തുടര്‍ന്ന് വിനു വി. ജോണ്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ സിപിഎം പ്രതിനിധികള്‍ പങ്കെടുക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതോടെ വിനു വി. ജോണും എകെജി സെന്ററില്‍ വന്നു മാപ്പു പറഞ്ഞന്ന് എംവി ജയരാജന്‍ പറഞ്ഞു. പിന്നീടാണ് ഏഷ്യാനെറ്റില്‍ ചര്‍ച്ചയ്ക്ക് സിപിഎം പ്രതിനിധികള്‍ പോയി തുടങ്ങിയത്.
ഇപ്പോള്‍ ഏഷ്യാനെറ്റ് വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്. മനസില്‍ ദുഷ്ടത്തരം ഒളിപ്പിച്ചാണ് ചാനല്‍ വാര്‍ത്ത നല്‍കുന്നത്. നിഷ്പക്ഷമെന്നു ഏഷ്യാനെറ്റ് പറയുന്നത് കാപട്യമാണ്. ഇടതുപക്ഷ വിരുദ്ധതയാണ് ചാനല്‍ പ്രചരിപ്പിക്കുന്നത്–സി.പി.എം.ജില്ലാ സെക്രട്ടറി ആരോപിച്ചു.