കളമശ്ശേരി മുട്ടാര്‍ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പതിമൂന്നു വയസ്സുകാരി വൈഗയുടെ പിതാവ് സനുമോഹനെ ഇന്നലെ രാത്രി വൈകി പൊലീസ് കൊച്ചിയിലെത്തിച്ചു. പുലര്‍ച്ചെ നാലുമണിക്കു ശേഷം തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ച സനുവിന്റെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തുക. 27 ദിവസമായി ഒളിവിലായിരുന്നു സനു. കൊല്ലൂര്‍ മൂകാംബിക ക്ഷേതപരിസരത്തുള്ള ഹോട്ടലില്‍ ഒളിച്ചു താമസിച്ച സനു കഴിഞ്ഞ ദിവസം കാര്‍വാറിലേക്ക് രക്ഷപ്പെട്ടിരുന്നു. പിറകെ കൊച്ചി സിറ്റി പൊലീസും പിന്‍തുടര്‍ന്നു കൊണ്ടിരുന്നു. ഒടുവില്‍ കാര്‍വാര്‍ ബീച്ചില്‍ നിന്നാണ് സനു പിടിയിലായത്.
സനുമോഹന്റെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തും മുൻപ് കോവിഡ് പരിശോധനയും മറ്റ് വൈദ്യ പരിശോധനകളും നടത്തേണ്ടതുണ്ട്. തുടര്‍ന്ന് സിറ്റി പോലീസ് കമ്മിഷണറുടെ ഓഫീസിലേക്ക് കൊണ്ടുപോകും. പതിനൊന്നര മണിക്ക് സിറ്റി പോലീസ് കമ്മിഷണറും ഡിസിപിയും വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.