വനിതാ ദന്തഡോക്ടറെ ക്ലിനിക്കില്‍ എത്തി കുത്തിക്കൊന്ന കേസിലെ പ്രതി മഹേഷിനെ ചോറ്റാനിക്കരയില്‍ തൂങ്ങി മരിച്ച നിലയില്‍. കൂത്താട്ടുകുളത്തിനു സമീപം പാലക്കുഴ മൂങ്ങാംകുന്ന് വലിയകുളങ്ങരയില്‍ കെ.എസ്.ജോസിന്റെയും ഷെര്‍ലിയുടെയും മകള്‍ ഡോ.സോനയുടെ ഒപ്പം താമസിച്ചിരുന്ന ബിസിനസ് പങ്കാളിയായിരുന്നു മഹേഷ്.
കഴിഞ്ഞ വർഷം സപ്തംബർ 29 -നാണ് കുത്തിക്കൊല സംഭവം അരങ്ങേറിയത്. 29നാണു സോനയ്ക്കു കുത്തേറ്റത്. ഒക്ടോബര്‍ 4-നാണു സോന മരിച്ചത്. മഹേഷുമായി സാമ്പത്തിക തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് നേരത്തെ ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ സോന പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് സോനയും മഹേഷും തമ്മിൽ തർക്കം ഉണ്ടായി. വാക്കുതര്‍ക്കത്തിനിടെ മഹേഷ് കുത്തുകയായിരുന്നു എന്നാണ് കേസ്.
രണ്ട് ദിവസമായി ചോറ്റാനിക്കരയില്‍ താമസിക്കുന്ന മഹേഷിനെ ഇന്നലെ ഏറെ നേരമായിട്ടും പുറത്തു കാണാത്തതിനാല്‍ ലോഡ്ജ് ജീവനക്കാരന്‍ പൊലീസിനെ വിളിച്ചുവരുത്തി മുറി തുറന്നപ്പോഴാണു ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കൊലപാതകക്കേസില്‍ അറസ്റ്റിലായിരുന്ന മഹേഷിനു ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഒളിവില്‍പോയ ഇയാള്‍ ഈ മാസം 20നാണ് ചോറ്റാനിക്കരയില്‍ മുറിയെടുത്തത്.