തൃശ്ശൂര്‍ പൂരത്തില്‍, രാത്രി നടന്ന തിരുവമ്പാടിയുടെ മഠത്തില്‍ വരവ് പഞ്ചവാദ്യത്തിനിടെ ബ്രഹ്മസ്വം മഠത്തിനടുത്ത ആല്‍മരം പൊട്ടിവീണ് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരതരമാണ്. രമേഷ് എന്നയാളാണ് മരിച്ചതെന്ന് പറയുന്നു. കരിയന്നൂര്‍ നമ്പൂതിരി അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റതായും പറയുന്നു.
രാത്രി 12.30 കഴിഞ്ഞാണ് അപകടം ഉണ്ടായത്. പഞ്ചവാദ്യത്തിനിടയിലേക്കാണ് കൂറ്റന്‍ ആല്‍മരത്തിന്റെ വലിയ ശിഖരം അപ്രതീക്ഷിതമായി പൊട്ടി വീണത്. പഞ്ചവാദ്യസംഘത്തിലേക്കാണ് ശിഖരം വീണതോന്നാണ് വിവരം.
ആലിന്റെ കൊമ്പ് മുറിക്കാന്‍ പന്തല്‍ പണിയുന്നവര്‍ മുന്നറിയിപ്പു നല്‍കിയിരുന്നതായി പറയുന്നു. ഇത് സംഘാടകര്‍ പരിഗണിച്ചില്ല എന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ആലിന്റെ കൊമ്പ് പൂതലിച്ചു നില്‍ക്കുകയായിരുന്നുവത്രേ. ഇത് ഏതു നേരവും പൊട്ടിവീഴാനിടയുണ്ടെന്ന് മനസ്സിലായത് പന്തല്‍ പണിയുന്നവര്‍ക്കാണ്. അവര്‍ ഇത് ശ്രദ്ധയില്‍ പെടുത്തിയിരുന്നു എന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.
സാധാരണ വലിയ ആള്‍ക്കൂട്ടം ഉണ്ടാവാറുള്ള പഞ്ചവാദ്യച്ചടങ്ങിന് ഇത്തവണ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ പേരിനു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ഒരു തരത്തില്‍ ഭാഗ്യമായി. വലിയ ദുരന്തം ആണ് ഒഴിവായത്. സംഭവ സ്ഥലത്ത് ജില്ലാകളക്ടറും പൊലീസും ഫയര്‍ഫോഴ്‌സും എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.(ഫോട്ടോ കടപ്പാട്–മാതൃഭൂമി )