Categories
kerala

കപ്പക്കൃഷി ചെയ്തു, ടണ്‍ കണക്കിന് കിട്ടി, പക്ഷേ സംഭവിച്ചതോ…

കപ്പ വിറ്റഴിക്കുന്നതിന് ഹനീഫ സഹായം ആവശ്യപ്പെട്ട് മുട്ടാത്ത വാതിലുകളില്ല. സഹായത്തിനായി കൃഷി വകുപ്പിനെ ബന്ധപ്പെട്ട് ദിവസങ്ങള്‍ കാത്തിരുന്നെങ്കിലും ഒന്നും നടന്നില്ല

Spread the love

ഇതൊരു പാവം കര്‍ഷകന്റെ അതിദയനീയ കൃഷിക്കഥയാണ്. കര്‍ഷകര്‍ക്ക് എല്ലാ താങ്ങും തണലും നല്‍കുന്നു എന്ന് അവകാശപ്പെടുന്ന കേരളത്തില്‍ ഈ കഥ ഒരു ദുരന്തകഥ തന്നെയാണ്. കാര്‍ഷിക ജില്ലയായ പാലക്കാട് നിന്നാണ് , ഒരു കപ്പക്കൃഷിക്കാരന്റെ കണ്ണീര്‍ക്കഥ.

ഇത് പാലക്കാട് ചിറ്റൂരിനടുത്ത കുറ്റിപ്പള്ളം കൊടുവാള്‍പ്പാറ കെ.എം.മുഹമ്മദ് ഹനീഫയുടെ വിയര്‍പ്പിന്റെയും കണ്ണീരിന്റെയും കഥയാണ്. ചോര നീരാക്കി അധ്വാനിച്ച് വിളയിച്ചെടുത്ത ടണ്‍കണക്കിന് കപ്പ വാങ്ങാനാളില്ലാതെ, ഒടുവില്‍ കിലോഗ്രാമിന് വെറും രണ്ടര രൂപ വെച്ച് തമിഴ്‌നാട്ടിലെ ഇടനിലക്കാരന് കൈമാറേണ്ടി വന്നതിന്റെ നിസ്സഹായത.

thepoliticaleditor

കപ്പ കമ്പ് ഒന്നിന് രണ്ട് രൂപ നിരക്കില്‍ വാങ്ങിയാണ് ഹനീഫ തന്റെ നാലേക്കര്‍ ഭൂമിയില്‍ കൃഷിയിറക്കിയത്. എല്ലാ ദിവസവും 350 രൂപ കൂലി നല്‍കി 3 സ്ത്രീകളും കൃഷിയിടത്തില്‍ പണിക്കെത്തും. ഇവര്‍ക്കൊപ്പം ഹനീഫയും അധ്വാനിച്ചാണ് കൃഷി നടത്തിയിരുന്നത്. പ്രദേശത്ത് പന്നിശല്യം കൂടുതലായതിനാല്‍ കൃഷിയിടത്തിനു ചുറ്റും സാരി കൊണ്ട് മറച്ചിട്ടുണ്ട്. സാരി ഒന്നിന് 35 രൂപ നിരക്കില്‍ പൊള്ളാച്ചിയില്‍ നിന്നും 170 സാരികളാണ് ഇതിനായി വാങ്ങിയത്. കൂടാതെ മുഴുവന്‍ സമയവും പാടിക്കൊണ്ടിരിക്കുന്ന റേഡിയോയും സംഘടിപ്പിച്ചു. അല്ലെങ്കില്‍ കാട്ടുപന്നികളെത്തി കൃഷി നശിപ്പിക്കും. ഇത്തരത്തില്‍ മൂന്ന് ലക്ഷത്തോളം രൂപയാണ് കപ്പ കൃഷിക്കായി ഹനീഫ ചെലവാക്കിയത്.എന്നാല്‍ വിളവെടുപ്പായപ്പോള്‍ കപ്പ വാങ്ങാന്‍ ആളില്ല,​ വിലയുമില്ല. ഒരു കപ്പ ചെടിയില്‍ നിന്നും 3 മുതല്‍ 5 കിലോഗ്രാം വരെ കപ്പ ലഭിക്കുന്നുണ്ട്. 25 ടണ്ണിലധികം വിളവ് ലഭിക്കുമെന്ന് ഹനീഫ പറയുന്നു. കിലോഗ്രാമിന് രണ്ടര രൂപ നിരക്കില്‍ നല്‍കിയാല്‍ ഒരുലക്ഷം രൂപ പോലും തികച്ച് ലഭിക്കുന്നില്ല. 62,500 രൂപയാണ് ഇതില്‍ ഹനീഫയ്ക്ക് ലഭിക്കുന്നത്. ഇതില്‍ തമിഴ്‌നാട്ടില്‍നിന്നും കച്ചവടക്കാരെ കൊണ്ടുവന്ന ഇടനിലക്കാരന് 50 പൈസ കമ്മിഷനും നല്‍കണം.

വിളവെടുത്തപ്പോള്‍ കപ്പ വിറ്റഴിക്കുന്നതിന് ഹനീഫ സഹായം ആവശ്യപ്പെട്ട് മുട്ടാത്ത വാതിലുകളില്ല. സഹായത്തിനായി കൃഷി വകുപ്പിനെ ബന്ധപ്പെട്ട് ദിവസങ്ങള്‍ കാത്തിരുന്നെങ്കിലും ഒന്നും നടന്നില്ല. ഹോര്‍ട്ടികോര്‍പ് ഉദ്യോഗസ്ഥരെ ബന്ധപ്പെടാനായി ഒട്ടേറെ തവണ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ ഫലമുണ്ടായില്ല. അധ്വാനിച്ച് വിളയിച്ചെടുത്തതു നശിപ്പിക്കാന്‍ മനസ്സനുവദിക്കാത്തതിനാലാണ് കനത്ത നഷ്ടമാണെങ്കില്‍ കൂടിയും തമിഴ്‌നാട്ടിലേക്ക് വിറ്റഴിക്കാന്‍ തയ്യാറായത്.

വിപണിയില്‍ കപ്പ കില്രോഗാമിനു 25 മുതല്‍ 30 രൂപവരെ വിലയുള്ളപ്പോഴാണ് ഇത്രയും തുച്ഛമായ വിലയ്ക്ക് വില്‍ക്കേണ്ടി വന്നത്. കേരളത്തില്‍ കിലോഗ്രാം 12 രൂപ വീതമാണ് സംസ്ഥാന സര്‍ക്കാര്‍ തറവില പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്പ്പന്നങ്ങള്‍ക്ക് വിപണിയില്‍ വിലത്തകര്‍ച്ചയുണ്ടാകുമ്പോള്‍ ഇവ സംഭരിച്ച് തറവില പ്രകാരമുള്ള തുക കര്‍ഷകര്‍ക്ക് നല്‍കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നത്.

Spread the love
English Summary: a tragic story of a tapioca cultivator from palakkad

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick