പൈസ പോക്കറ്റില്‍ വെക്കാതെ ഷര്‍ട്ടിന്റെ കൈമടക്കില്‍ തിരുകിവെക്കുന്ന ഒരു കോടിയേരി ബാലകൃഷ്ണനെ നമ്മള്‍ക്ക് സങ്കല്‍പിക്കാന്‍ കഴിയുമോ….
പിശുക്കന്‍മാരുടെ രാജാവാണ് ഇ.കെ.നായനാര്‍ എന്ന് ഇന്നത്തെ നേതാക്കളുടെ ശൈലി മാത്രമറിയുന്ന നമുക്ക് ചിന്തിക്കാന്‍ കഴിയുകയില്ല….

അതെല്ലാം ഓര്‍മിപ്പിക്കുകയാണ്,പഴയ കമ്മ്യൂണിസ്റ്റ് ജീവിതത്തെ ഓര്‍മിപ്പിക്കുകയാണ് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ജി. ശക്തിധരന്‍.”ഏറിയാൽ ഇരുന്നൂറോ മുന്നൂറോ രൂപക്കപ്പുറം സി.ഭാസ്കരന്റെ കീശയിൽ കണ്ടിട്ടില്ല. കോടിയേരി ബാലകൃഷ്‌ണന്റെ പോക്കറ്റിൽ അത്രപോലും കാണാറില്ല. തീവണ്ടിക്കൂലിയും വഴിച്ചെലവിന് ചില്ലറയും അതായിരുന്നു കോടിയേരിയുടെ ഖജനാവിലെ നിക്ഷേപം. പൈസ പോക്കറ്റിൽ വെക്കുന്നതിനേക്കാൾ കൈമടക്കിൽ തിരുകി വെക്കുന്ന പ്രകൃതക്കാരനായിരുന്നു കോടിയേരി…..
“എസ്.എഫ്.ഐ.യുടെ ആദ്യ പ്രസിഡണ്ടായിരുന്ന സി.ഭാസ്‌കരനെ അദ്ദേഹത്തിന്റെ പത്താം ചരമവാര്‍ഷികദിനത്തില്‍ ഓര്‍മിച്ചെഴുതിയ സാമുഹ്യമാധ്യമ കുറിപ്പിലാണ് ശക്തിധരന്‍ ആ പഴയ കാലം ഓര്‍ത്തെടുക്കുന്നത്.

“അക്കാലത്തു തലസ്ഥാനത്തെ എസ് എഫ് ഐ പ്രവർത്തകർ പലരും ഒരു കുടുംബം പോലെയായിരുന്നു. പലർക്കും വീട്ടിൽ പ്രവേശനം ഇല്ലാതിരുന്ന കാലം. ഉച്ചഭക്ഷണത്തിനു മുട്ടുവരുമ്പോൾ പാർട്ടി സംസ്ഥാനകമ്മിറ്റി ഓഫീസ് സെക്രട്ടറി ബാലകൃഷ്ണൻ ഉദാരമായി അഞ്ചു രൂപ ഭാസ്ക്കരന് കൊടുക്കും. കന്നുകാലികൾക്ക് പിണ്ണാക്ക് കൊടുക്കും പോലുള്ള ഒരു തകര പാത്രം പാർട്ടി ഓഫീസിന്റെ പിന്നിൽ മഴയും വെയിലും കൊണ്ട് കിടക്കുന്നത് എടുത്ത് തങ്കച്ചൻ എന്ന എല്ലും തോലുമായ സഹായി പാളയത്ത് മീരാ ഹോട്ടലിലേക്ക് ഓടും. അഞ്ചുരൂപ കൊടുത്ത് ആറോ ഏഴോ പേർക്കുള്ള ചോറും കറികളും കിട്ടും. ഈ പാത്രം എവിടെനിന്ന് വരുന്നതാണെന്ന് അറിയാവുന്ന ഹോട്ടല്‍ തൊഴിലാളികൾ കറികൾ മൃഷ്ടാന്നം അതിൽ വെക്കും. പാർട്ടി ആസ്ഥാനത്തെ വാഴയിലെ ഇലകൾ ചീന്തിയിട്ട് ഞങ്ങൾ വയറു നിറയെ വിളമ്പി കഴിക്കും.”–ശക്തിധരന്‍ ഇങ്ങനെ എഴുതുമ്പോള്‍ അര നൂറ്റാണ്ടു മുമ്പുള്ള സി.പി.എം നേതാക്കളുടെ ത്യാഗഭരിതമായ ജീവിതമാണ് തെളിയുന്നത്.
ശക്തിധരന്റെ കുറിപ്പിന്റെ പൂർണ രൂപം
എസ് എഫ് ഐ യുടെ സ്ഥാപക പ്രസിഡണ്ട് സി ഭാസ്‌ക്കരൻ ഓർമ്മയായിട്ട് ഇന്ന് ഒരു ദശാബ്ദം പിന്നിടുകയാണ്.ഇന്നത്തെ വിദ്യാർഥിസമൂഹത്തിന് ഈ പേര് അത്ര പരിചിതമായിരിക്കില്ല.കേരളത്തിൽ കെ എസ് യു വിന്റെ അപ്രമാദിത്വം നിലനിന്നിരുന്ന കാലഘട്ടത്തിൽ എസ് എഫ് ഐ യെ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തിയെടുത്തത്തിൽ സി ഭാസ്‌കരന്റെ ബുദ്ധിയും സംഘടനാ വൈഭവവും അനന്യമായിരുന്നു. ഒരു ഇടതുപക്ഷ വിദ്യാർത്ഥി നേതാവ് എന്തായിരിക്കണമെന്നതിന് ഒരു റോൾ മോഡൽ. എന്തെല്ലാം പ്രതിസന്ധികൾ നേരിട്ടപ്പോഴും പാർട്ടി ചട്ടക്കൂടിൽ നിന്ന് മാത്രം ചിന്തിച്ചിരുന്ന സി ഭാസ്‌ക്കരൻ എന്തുകൊണ്ടാണ് പാർട്ടി ഉന്നത നേതൃത്വത്തിൽ എത്താതെ പോയതെന്നത് ഒരു പ്രഹേളിക തന്നെയാണ്.
എസ് എഫ് യുടെ നേതൃനിരയിൽ സഹപ്രവർത്തകരായിരുന്ന ബിമൻ ബസുവും മുൻ മുഖ്യ മന്ത്രി മണിക് സർക്കാരും മറ്റും ദശാബ്ദങ്ങൾ മുൻപ് തന്നെ സിപിഎം പോളിറ്റ് ബ്യുറോയിൽ എത്തിയിരുന്നു. സി ഭാസ്ക്കരന്റെ ശിഷ്യഗണങ്ങളിൽ പെട്ടവർ അത്രപോലും സമയം എടുക്കാതെ ഉന്നത സ്ഥാനങ്ങളിൽ എത്തി..
കാഴ്ചയിൽ പൗരുഷമുള്ള ഒരു ചലച്ചിത്രനടന്റെ ശരീരഭംഗി കൊണ്ട് ആരുടേയും ശ്രദ്ധ യാകർഷിച്ചിരുന്നെങ്കിലും ഏറ്റവും ദരിദ്രമായ, ഒരു നെയ്ത്തുകാരന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ആവാത്ത കുടുംബാന്തരീക്ഷ ത്തിലാണ് ഭാസ്കരൻ ജീവിച്ചിരുന്നത്.
ഞാൻ ഓർക്കുന്നു, കണ്ണൂരിൽ കൂത്തുപ്പറമ്പിനടുത്തു വേങ്ങാട് എന്ന കുഗ്രാമത്തിലെ ഭാസ്ക്കരന്റെ വീട്ടിൽ ഞങ്ങൾ ഇരുവരും എത്തിയ ദിവസം. വീട്ടിൽ ചെന്ന് കയറുന്ന വരാന്തയിൽ ആണ് നെയ്തു പുര. ആകെയുള്ള ഇരിപ്പടം നാല് കാലിൽ ചാഞ്ചാടുന്ന ഒരു കൊച്ചു സ്റ്റൂൾ. ഭാസ്‌കരന്റെ അച്ഛന്റെ ഇരിപ്പടം സ്ഥിരമാണ്. മണ്ണ് ചെത്തി എടുത്ത നെയ്യുന്നതിനുള്ള ഇരിപ്പടം. അവിടെയിരുന്നാണ് അദ്ദേഹം മഗ്ഗം ഓടിക്കുന്നത്. അവിടത്തെ ഏറ്റവും
വലിയ ആഡംബര വസ്തു സദാ പൂ പുഞ്ചിരിയുമായി നില്‍ക്കുന്ന ഭാസ്ക്കരന്റെ അമ്മയായിരുന്നു. പിന്നെ ഒരു ആഡംബര ഇരിപ്പടമായി കണ്ടത് ഉള്ളൊഴിഞ്ഞ ഒരു വീഞ്ഞപ്പെട്ടി. ഇതായിരുന്നു എസ് എഫ് ഐ യുടെ അഖിലേന്ത്യാ പ്രസിഡന്റിന്റെ സാമ്രാജ്യത്തിലെ സ്വത്തുക്കൾ.
വെട്ടിയ കല്ലുകൾ കൊണ്ട് തീർത്ത, തേച്ചു വെടിപ്പാക്കാത്ത ചുമരുകൾ ഉള്ള ഭൂമിയോളം താണ ആ വീട്ടിൽ , അന്ത്യശ്വാസം വരെ ഒരുകല്ലെങ്കിലും എടുത്തു വെച്ച് പുതുക്കാനോ ചുമരുകളിൽ വെള്ളപൂശി വെടിപ്പാക്കാനോ സി ഭാസ്‌ക്കരൻ ശ്രമിച്ചിട്ടില്ല. അദ്ദേഹത്തിന് അതിന് പാങ്ങുമുണ്ടായിരുന്നില്ല. അദ്ദേഹം വീട് നന്നാക്കുന്നതിലല്ല,രാജ്യം പിടിക്കുന്നതിലായിരുന്നല്ലോ ശ്രദ്ധ. ചെങ്കോട്ടയിലേക്ക് ഒരു ചുവന്ന കൊടിയും പിടിച്ചു പോകുന്നതിനുള്ള തിരക്കിലായിരുന്നല്ലോ അദ്ദേഹം.
വെങ്ങാട്ടേക്കുള്ള എന്റെ യാത്ര അവതാർ കൗളിന്റെ ഒരു സിനിമ കണ്ടത് പോലെയായിരുന്നു. ഒരു യാത്രക്കാരെ കുത്തിനിറച്ച ഒരു മിനിബസ്സ് ഡ്രൈവർ സ്റ്റാർട്ട് ആക്കുമ്പോഴേക്കും റോഡ് പൊടിപടലങ്ങൾ കൊണ്ട് മൂടും. ഇത് അന്നത്തെ വേങ്ങോടിന്റെ അവസ്ഥയാണ്. എന്നാലും അവിടെയും ചെറിയ വായനശാലയും പാർട്ടി ഓഫീസും മനസിൽ നക്ഷത്രശോഭപോലെ തിളങ്ങി. ബാലകൃഷ്‌ണൻ എന്നൊരു സഖാവായിരുന്നു ലോക്കൽ സെക്രട്ടറി.

45 വർഷം ആകാറായിട്ടും ആ പേര് മറക്കാൻ കഴിയുന്നില്ല. ഒരു ലക്ഷണമൊത്ത കമ്മ്യുണിസ്റ്റ്. വിപ്ലവം വരും എന്ന് ഉറച്ച് വിശ്വസിച്ച ഒരു കര്‍മ്മധീരന്‍.
സി ഭാസ്ക്കരന്റെ അച്ഛന്റെയും അമ്മയുടെയും ജീവിതത്തിലെ ഏറ്റവും ആഡംബര യാത്ര തിരുവന്തപുരത്തു തുളസിയുമായുള്ള വിവാഹത്തിന് എത്തിയപ്പോൾ താമസിച്ച ആയൂർവേദ കോളജിനടുത്തുള്ള ഭാസ്ക്കരാ ഭവൻ എന്ന ലോഡ്ജ് മുറി യായിരുന്നു.. ഒരു കുടുംബം ആയശേഷവും ഭാസ്ക്കരന്റെ ജീവിതത്തിൽ കാര്യമായ മാറ്റം ഒന്നും ഉണ്ടായില്ല. മക്കളുടെ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിനേക്കാൾ ഇടതുപക്ഷ ചിന്തകൾ വളർത്തുന്ന പുസ്തകങ്ങളിലും ചുമപ്പ് ഒരിക്കലും മാഞ്ഞുപോകാത്ത അക്ഷരങ്ങൾക്ക് തിളക്കം കൊടുക്കുന്നതിലും ആയിരുന്നു ഭാസ്ക്കരന്റെ ശ്രദ്ധ.. കുടുംബ ഭാരം മുഴുവൻ സഹധർമ്മിണിയുടെ തോളിൽ കെട്ടിവെച്ചു പാർട്ടിയുടെ ചുമതലകൾ ഏറ്റെടുത്ത് നടക്കുന്നത് ഒരു വൃതമാക്കിയ നേതാവായിരുന്നു ഭാസ്‌ക്കരൻ. അത്തരക്കാരുടെ നീണ്ട നിര അക്കാലത്തു കാണാമായിരുന്നു..അതാണ് നാം ഇന്നുകാണുന്ന പ്രസ്ഥാനത്തിന്റെ അടിസ്ഥാന ശിലകൾ.
ഇന്ത്യയിലെ കമ്മ്യുണിസ്റ്റ് നേതാക്കളുമായി അടുത്ത സൗ ഹൃദം പുലർത്തിയിരുന്നു ഭാസ്‌ക്കരൻ. വിദ്യാർത്ഥി നേതാവായിരിക്കുമ്പോൾ എല്ലാ മാസവും ആദ്യ ആഴ്ച ഇ കെ നായനാറിൽ നിന്ന് നൂറു രൂപ മണി ഓർഡർ ലഭിക്കുമായിരുന്നു എന്ന് പറഞ്ഞാൽ ഇന്ന് ആരും വിശ്വസിക്കില്ല.എന്തെന്നാൽ പിശുക്കന്റെ രാജാവായിരുന്നു നായനാർ.പക്ഷെ രാജ്യസഭാംഗം ആയിരുന്ന കാലത്തൊന്നും നായനാർ അത് മുടക്കിയിട്ടില്ല. പക്ഷെ ഈ സൗഹൃദം ഒന്നും ഭാസ്കരനെ പാർട്ടിയിൽ എന്തെങ്കിലും ഉയർന്ന സ്ഥാനങ്ങളിലേക്ക് ഉയർത്താനുള്ള ഏണിപ്പടി ആയിട്ടില്ല. അങ്ങിനെ ആയിരുന്നില്ല പാർട്ടിയും.
ദശാബ്ദങ്ങളോളം ഭാസ്ക്കരനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് ഞാൻ .പക്ഷെ ഏറിയാൽ ഇരുന്നൂറോ മുന്നൂറോ രൂപക്കപ്പുറം അദ്ദേഹത്തിൻറെ കീശയിൽ കണ്ടിട്ടില്ല. കോടിയേരി ബാലകൃഷ്‌ണന്റെ പോക്കറ്റിൽ അത്രപോലും കാണാറില്ല. തീവണ്ടിക്കൂലിയും വഴിച്ചെലവിന് ചില്ലറയും അതായിരുന്നു കോടിയേരിയുടെ ഖജനാവിലെ നിക്ഷേപം. പൈസ പോക്കറ്റിൽ വെക്കുന്നതിനേക്കാൾ കൈമടക്കിൽ തിരുകി വെക്കുന്ന പ്രകൃതക്കാരനായിരുന്നു കോടിയേരി. അക്കാലത്തു തലസ്ഥാനത്തെ എസ് എഫ് ഐ പ്രവർത്തകർ പലരും ഒരു കുടുംബം പോലെയായിരുന്നു. പലർക്കും വീട്ടിൽ പ്രവേശനം ഇല്ലാതിരുന്ന കാലം. ഉച്ചഭക്ഷണത്തിനു മുട്ടുവരുമ്പോൾ പാർട്ടി സംസ്ഥാനകമ്മിറ്റി ഓഫീസ് സെക്രട്ടറി ബാലകൃഷ്ണൻ ഉദാരമായി അഞ്ചു രൂപ ഭാസ്ക്കരന് കൊടുക്കും. കന്നുകാലികൾക്ക് പിണ്ണാക്ക് കൊടുക്കും പോലുള്ള ഒരു തകര പാത്രം പാർട്ടി ഓഫീസിന്റെ പിന്നിൽ മഴയും വെയിലും കൊണ്ട് കിടക്കുന്നത് എടുത്ത് തങ്കച്ചൻ എന്ന എല്ലും തോലുമായ സഹായി പാളയത്ത് മീരാ ഹോട്ടലിലേക്ക് ഓടും. അഞ്ചുരൂപ കൊടുത്ത് ആറോ ഏഴോ പേർക്കുള്ള ചോറും കറികളും കിട്ടും. ഈ പാത്രം എവിടെനിന്ന് വരുന്നതാണെന്ന് അറിയാവുന്ന ഹോട്ടല്‍ തൊഴിലാളികൾ കറികൾ മൃഷ്ടാന്നം അതിൽ വെക്കും. പാർട്ടി ആസ്ഥാനത്തെ വാഴയിലെ ഇലകൾ ചീന്തിയിട്ട് ഞങ്ങൾ വയറു നിറയെ വിളമ്പി കഴിക്കും. അതല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥർ താമസിക്കുന്ന കേന്ദ്രങ്ങളിൽ ഉച്ചഭക്ഷണത്തിന് ഇത്തിൾക്കണ്ണികൾ ആയി ഒരു കൂസലുമില്ലാതെ ഭാസ്ക്കരനോടൊപ്പം കടന്നു ചെല്ലും.. അതൊരു കാലം.വിപ്ലവം എത്തിപ്പോയി എന്ന് പാഴ് സ്വപ്നം കണ്ട് നടന്ന കാലം.
ഇന്ന് സി ഭാസ്‌ക്ക രന്റെ ഓർമ്മദിനം എത്തിയപ്പോൾ മനസിൽ പഴയ വിപ്ലവജ്വാലകൾ തിക്കിത്തിരക്കു കയാണ്.എത്ര എഴുതിയാലും മതിവരില്ല. ഇത് തന്നെ ഇത്ര നീണ്ടുപോയതിൽ ക്ഷമിക്കുക. ഒരു ജീവിതം അദ്ദേഹം പാർട്ടിക്കായി നൽകി. അദ്ദേഹത്തിന് തിരിച്ചൊന്നും ലഭിച്ചില്ലെങ്കിലും.ഇനി പാർട്ടിക്കൊപ്പം സ്വന്തം മക്കൾക്കും കുടുംബത്തിനും കാവലാളായി ഒരിക്കൽ കൂടി സി ഭാസ്‌ക്കരൻ ജനിക്കണേ എന്ന് ആഗ്രഹിച്ചു പോകുന്നു.