സൈബര്‍ സെല്ലുകളെ ഉപയോഗിച്ച് എന്നെ തെറി വിളിച്ച എം.എല്‍.എയുടെ മണ്ഡലമാണല്ലോ, തൃത്താല. ഒരാള്‍ തെറി വിളിക്കുന്നു; മറ്റേയാള്‍ പുതുതലമുറയിലെ ഒരു കുട്ടിക്കു പ്രചോദനമായി രണ്ടു വാക്കു സംസാരിക്കാമോ എന്ന് അഭ്യര്‍ഥിക്കുന്നു. രണ്ടു തരം ജനാധിപത്യ ബോധ്യങ്ങള്‍……
കടുത്ത വിയോജിപ്പോടെയും എം. ബി. രാജേഷിനോടു സംവാദം സാധ്യമാണ്—പ്രശസ്ത എഴുത്തുകാരി കെ.ആര്‍.മീര സി.പി.എം.നേതാവും തൃത്താലയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി എം.ബി.രാജേഷിനെക്കുറിച്ച് എഴുതുന്നു.

രാജേഷ് ആയതു കൊണ്ട്, തെറി വിളിക്കുമെന്നു പേടിയില്ല. ഉത്തരം മുട്ടിയാല്‍ അസഭ്യം പറഞ്ഞും അപകീര്‍ത്തിപ്പെടുത്തിയും നിശ്ശബ്ദയാക്കുന്ന ‘ആല്‍ഫ മെയില്‍ അപകര്‍ഷത’ രാജേഷിന്‍റെ പ്രസംഗങ്ങളിലോ ചര്‍ച്ചകളിലോ ഫെയ്സ് ബുക്ക് പോസ്റ്റുകളിലോ കണ്ടിട്ടില്ല–മീര പറയുന്നു.
തന്റെ എഴുത്തുകള്‍ ഇഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയെ ഇലക്ഷന്‍ പ്രചാരണത്തിനിടയില്‍ എം.ബി. രാജേഷ് അവിചാരിതമായി കണ്ടുമുട്ടിയതിനു ശേഷം സംഭവിച്ച കാര്യങ്ങളാണ് മീര തുറന്നു പറയുന്നത്.

ഏതാനും ദിവസങ്ങള്‍ക്കുമുമ്പ്, ശ്രീ എം.ബി. രാജേഷ് എന്നെ വിളിച്ചു. ‘‘ തൃത്താലയില്‍ പ്രചാരണത്തിനിടയില്‍ ഒരു പെണ്‍കുട്ടിയെ കണ്ടു. നല്ല വായനക്കാരിയാണ്. എഴുത്തുകാരിയുമാണ്. എനിക്കു വളരെ മതിപ്പു തോന്നി. ഇഷ്ടപ്പെട്ട എഴുത്തുകാരെക്കുറിച്ചു ചോദിച്ചപ്പോള്‍ ഏറ്റവും ഇഷ്ടം കെ. ആര്‍. മീരയെ ആണെന്നു പറഞ്ഞു. തീര്‍ത്തും സാധാരണ കുടുംബത്തിലെ കുട്ടിയാണ്. പക്ഷേ, അവള്‍ നിങ്ങളുടെ എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. ഞാന്‍ ആ കുട്ടിയുടെ നമ്പര്‍ തരട്ടെ? തിരക്കൊഴിയുമ്പോള്‍ അവളെ ഒന്നു വിളിച്ചു സംസാരിക്കാമോ? അത് ആ കുട്ടിക്കു വലിയ പ്രചോദനമായിരിക്കും. ’’സൈബര്‍ സെല്ലുകളെ ഉപയോഗിച്ച് എന്നെ തെറി വിളിച്ച എം.എല്‍.എയുടെ മണ്ഡലമാണല്ലോ, തൃത്താല. ഒരാള്‍ തെറി വിളിക്കുന്നു; മറ്റേയാള്‍ പുതുതലമുറയിലെ ഒരു കുട്ടിക്കു പ്രചോദനമായി രണ്ടു വാക്കു സംസാരിക്കാമോ എന്ന് അഭ്യര്‍ഥിക്കുന്നു. –രണ്ടു തരം ജനാധിപത്യ ബോധ്യങ്ങള്‍; രണ്ടു തരം ജനപ്രതിനിധികള്‍. ഞാന്‍ കയ്യോടെ ആ കുട്ടിയുടെ വിലാസം വാങ്ങി. കയ്യൊപ്പോടെ മൂന്നു പുസ്തകങ്ങള്‍ അവള്‍ക്ക് അയയ്ക്കുകയും ചെയ്തു. തപാല്‍ ഇന്നലെ അവള്‍ക്കു കിട്ടി. അവള്‍ എന്നെ വിളിച്ചു. എന്റെ മകളെക്കാള്‍ നാലോ അഞ്ചോ വയസ്സിന് ഇളയവള്‍. അവള്‍ വളരെ സന്തോഷത്തിലായിരുന്നു. ഞാനും. എഴുത്തുകാര്‍ക്കു കിട്ടാവുന്ന ഏറ്റവും വലിയ അവാര്‍ഡ‍് അതാണ് – വായനക്കാരുടെ ശബ്ദത്തിലെ സ്നേഹത്തിന്റെ ഇടര്‍ച്ച. ആ സ്നേഹത്തിന്, ശ്രീലക്ഷ്മി സേതുമാധവനു Sree Lakshmi Sethumadhavan നന്ദി. ശ്രീലക്ഷ്മിയെ പരിചയപ്പെടുത്തിയതിന് എം.ബി. രാജേഷിനും നന്ദി പറയുന്നു. നന്ദി പറഞ്ഞില്ലെങ്കില്‍ തെറി വിളിക്കുമോ എന്നു പേടിച്ചിട്ടല്ല. രാജേഷ് ആയതു കൊണ്ട്, തെറി വിളിക്കുമെന്നു പേടിയില്ല. ഉത്തരം മുട്ടിയാല്‍ അസഭ്യം പറഞ്ഞും അപകീര്‍ത്തിപ്പെടുത്തിയും നിശ്ശബ്ദയാക്കുന്ന ‘ആല്‍ഫ മെയില്‍ അപകര്‍ഷത’ രാജേഷിന്‍റെ പ്രസംഗങ്ങളിലോ ചര്‍ച്ചകളിലോ ഫെയ്സ് ബുക്ക് പോസ്റ്റുകളിലോ കണ്ടിട്ടില്ല. കടുത്ത വിയോജിപ്പോടെയും എം. ബി. രാജേഷിനോടു സംവാദം സാധ്യമാണ്. നമ്മളെയൊക്കെ നിരീക്ഷിക്കുന്ന ശ്രീലക്ഷ്മിയുടെ തലമുറയിലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്കും വേണ്ടി– അതിനു പ്രത്യേകം നന്ദി.കടുത്ത വിയോജിപ്പോടെയും എം. ബി. രാജേഷിനോടു സംവാദം സാധ്യമാണ്.
ശ്രീലക്ഷ്മി സേതുമാധവന്റെ ഫേസ്ബുക്ക് എഴുത്തും വായിക്കൂ….
ചില നിമിഷങ്ങളങ്ങനെയാണ്. ആയിരം വാക്കുകൾ ചേർത്തെഴുതിയാലും ഉള്ളിലുള്ള ആനന്ദത്തിന്റെ ഒരംശം പോലും പുറമെ പ്രകടിപ്പിക്കാൻ ആയെന്ന് വരില്ല. അത്തരത്തിൽ ഒരു അവസ്ഥയിലാണിന്നു ഞാൻ. ഉള്ളിൽ അങ്ങനെ നിറഞ്ഞു തുളുമ്പുന്ന ആനന്ദം അതെ തീവ്രതയിൽ എങ്ങനെ പ്രകടമാക്കണം എന്നറിയാത്ത അവസ്ഥ. അല്ലെങ്കിലും അങ്ങനെയല്ലേ വരൂ.. കാലങ്ങളായി ഞാൻ ആരാധിക്കുന്ന സ്നേഹിക്കുന്ന ബഹുമാനത്തോടെ നോക്കി കാണുന്ന പ്രിയപ്പെട്ട എഴുത്തുക്കാരി കെ ആർ മീരാ K R Meera എനിക്കായ് ഒരു കത്തും പുസ്തകങ്ങളും അയക്കുന്നു. സംസാരിക്കാൻ അവസരം ലഭിക്കുന്നു. ആനന്ദത്തിൽ മതിമറന്നില്ലെങ്കിൽ അല്ലേ അത്ഭുതമുള്ളു.

ആരാച്ചാരിൽ കടന്നു വന്ന് ഓർമ്മയുടെ ഞരമ്പുകളിൽ മീരാസാധുവായി വന്ന് ഹൃദയത്തിൽ നോവ് പടർത്തി ഒടുവിൽ എഡ്വേഡ് റോസിന്റെ സൗമ്യവും മതിവരാത്തതുമായ സൗരഭ്യം പരത്തി നിൽക്കുന്ന മീരാ മാം. ആ അക്ഷരങ്ങളും എഡ്വേഡ് റോസാണ്.. സൗമായ എന്നാൽ മനസ്സിനെ മറ്റൊരു തലത്തിലേക്കെത്തിക്കുന്ന എഡ്വേഡ് റോസ് . ആകാംഷയോടെയല്ലാതെ ഒരേടും വായിച്ചു തീർക്കാൻ സാധിച്ചിരുന്നില്ല. തീവ്രമായ അക്ഷരങ്ങളോട് എനിക്കുള്ള ആരാധന വളരെ വലുതാണ്. ആദ്യമാദ്യം കുറിപ്പുകൾ വായിച്ചാണ് കെ ആർ മീരാ എന്ന പേര് കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത്.. അങ്ങനെയാണ് ആരാച്ചാർ വായിക്കുന്നത് അന്ന് ആദ്യമായി ആരാച്ചാർ വായിച്ചപ്പോൾ ഹൃദയത്തിൽ ഇടം നേടിയതാണ് മീരാ മാം. ഒടുവിൽ വായിച്ച ഖബർ വരേയും ആ സ്ഥാനത്തിന് ഒരിളക്കവും തട്ടിയിട്ടില്ലെന്ന് മാത്രമല്ല കൂടുതൽ ശക്തമാകുന്നു.

ഇന്നത് ആയിരം മടങ്ങായി വർദ്ധിച്ചിരിക്കുന്നു എന്തെന്നാൽ സ്നേഹം നിറച്ച ആ കത്ത്.. പ്രിയപ്പെട്ട പുസ്തകങ്ങൾ.. സംസാരിക്കാൻ സാധിച്ച നിമിഷങ്ങൾ.. കയ്യൊപ്പ്… ഇവയെല്ലാം എനിക്കത്രമേൽ സന്തോഷം നൽകിയവയാണ് വലിയൊരു ഭാഗ്യമാണ്. എങ്ങനെയാണ് പറഞ്ഞറിയിക്കേണ്ടതെന്ന് അറിയില്ല അത്രയും അധികം സന്തോഷമുണ്ട് ഒത്തിരി സ്നേഹവും.ഇങ്ങനെ ഒരു നിമിഷം എന്റെ ജീവിതത്തിൽ സംഭവിച്ചതിനു ഒരാളോടാണ് ഞാൻ കടപ്പെട്ടിരിക്കേണ്ടത്.ശ്രീ എം ബി രാജേഷ്. MB Rajesh എങ്ങനെയാണ് നന്ദി പറയേണ്ടതെന്നറിയില്ല.
അപ്രതീക്ഷിതമായൊരു കൂടിക്കാഴ്ചയിൽ ഏറ്റവും പ്രിയപ്പെട്ട എഴുത്തുക്കാരി ആരെന്ന ചോദ്യത്തിന് ഉത്തരമായി കെ ആർ മീര എന്ന് ഞാൻ പറഞ്ഞത്. അന്ന് മാംമിനോട് പറയാമെന്നും പറഞ്ഞു. ഒരുപാട് നന്ദിയുണ്ട് സർ പറഞ്ഞ വാക്ക് ഇത്രയും മനോഹരമായി പാലിച്ചതിനു. ഇതൊക്കെ സ്വപ്നമാണോ എന്ന തോന്നൽ ഇപ്പോഴും മാറിയിട്ടില്ല.പറഞ്ഞ വാക്ക് പാലിക്കുന്ന ആളാണെന്നു പലപ്പോഴും കേട്ടിട്ടുണ്ട്. ഇപ്പോൾ അത് എന്റെ അനുഭവത്തിൽ വന്നിരിക്കുന്നു. കടപ്പാടിനും നന്ദിയ്ക്കും പുറമെ ബഹുമാനത്തോടെയും ആദരവോടെയും ഞാൻ സാറിന്റെ ഈ പ്രവർത്തിയെ നോക്കികാണുന്നു. കാരണം പൊതുവെ ഒരുപാട് തിരക്കുകൾ ഉള്ള ആളാണ് സർ. കൂട്ടത്തിൽ ഇപ്പോൾ ഇലക്ഷൻ തിരക്കുകളും. ഇതിന്റെയെല്ലാം ഇടയിൽ എന്റെ കാര്യം ഓർത്തു വെച്ചത് തന്നെ വലിയൊരു കാര്യമാണ്. അതിനു ഒരുപാട് നന്ദിയുണ്ട് സ്നേഹവും.
സാറിന്റെ പരിശ്രമത്തിന്റെ ഫലമാണ് എന്റെ ജീവിതത്തിലെ ഈ മറക്കാൻ കഴിയാത്ത അനുഭവം. അല്ലെങ്കിൽ ഇങ്ങനെയൊരു ഭാഗ്യം എന്നിലേക്ക് എത്തുമായിരുന്നില്ല. വലിയ തിരക്കുകൾക്കിടയിൽ എന്നെ ഓർത്തതിന്, ഇത്രയും വലിയൊരു സന്തോഷം എനിക്കായ് സൃഷ്ടിച്ചതിനു നിറയെ സ്നേഹം.ഹൃദയം തൊട്ട് പറയുന്നു..ഒരുപാട് ഒരുപാട് സ്നേഹമുണ്ട് സർThank you so muchമറക്കില്ലൊരിക്കലും. Thankfullyശ്രീലക്ഷ്മി സേതുമാധവൻ