പൊന്നാനി: സ്ഥാനാര്‍ഥിയെ നിശ്ചയിച്ച കാര്യത്തില്‍ പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് വെളിയങ്കോട് ഉള്ള സി.പി.എമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തകര്‍ പൂട്ടിയതും കൊടിതോരണങ്ങളും മറ്റും കത്തിക്കുകയും ചെയ്തത്. ഈ സംഭവം വ്യക്തമായ ഒരു മുന്നറിയിപ്പുകൂടിയാണ് പൊന്നാനിയിലെ പാര്‍ട്ടിയ്ക്ക് നല്‍കുന്നത്.
ഉറപ്പാണ് എല്‍.ഡി.എഫ്. എന്നതാണ് ഇടതുമുന്നണിയുടെ ഇത്തവണത്തെ പ്രചാരണവാക്യം. പൊന്നാനി മണ്ഡലത്തിന്റെ കാര്യത്തില്‍ ഈ വാക്യം എത്രകണ്ട് ഫലിക്കുമെന്നതാണ് രാഷ്ട്രീയ കേരളവും സി.പി.എം. നേതൃത്വവും ഉറ്റുനോക്കുന്നത്.
പ്രതിഷേധങ്ങളെ മുഖവിലക്കെടുക്കാതെ പി.നന്ദകുമാറിനെത്തന്നെ തിരഞ്ഞെടുപ്പ് ഗോദയിലിറക്കിയതിലൂടെ വ്യക്തമായ സന്ദേശമാണ് സി.പി.എം. അണികള്‍ക്ക് നല്‍കിയത്. തെരുവിലെ പ്രതിഷേധങ്ങള്‍ക്കൊണ്ട് പാര്‍ട്ടി തീരുമാനം മാറ്റിമറിക്കാമെന്ന വ്യാമോഹം ആര്‍ക്കും വേണ്ടെന്നതാണ് ആ സന്ദേശം.
ഓദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുപിന്നാലെ പൊന്നാനിയില്‍ പ്രതിഷേധസ്വരമുയര്‍ത്തിയവര്‍ പാര്‍ട്ടിയ്‌ക്കൊപ്പം നില്‍ക്കുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയെന്നതും ശ്രദ്ധേയമാണ്. നിലപാടില്‍ അയവുവരുത്തി പാര്‍ട്ടി തീരുമാനത്തിനൊപ്പംനിന്ന് പ്രവര്‍ത്തിക്കുമെന്ന് അണികള്‍ പറയുന്നുണ്ടെങ്കിലും അതിലെ ആത്മമാര്‍ഥത പരിശോധിക്കേണ്ടതുണ്ട്.
പ്രവര്‍ത്തനരംഗത്ത് സജീവമായി നിലകൊണ്ടാലും ഇക്കൂട്ടരുടെ വോട്ട് ഇടതുസ്ഥാനാര്‍ഥിയുടെ അക്കൗണ്ടില്‍ വീഴ്ത്താന്‍ സാധിച്ചെങ്കില്‍മാത്രമേ പൊന്നാനി മണ്ഡലം നിലനിര്‍ത്താനാകൂ എന്ന ബോധ്യം സി.പി.എമ്മിനുണ്ട്. ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മുന്‍ ഏരിയാ സെക്രട്ടറിയുമായ ടി.എം. സിദ്ദീഖിനുവേണ്ടിയുള്ള അണികളുടെ മുറവിളിയ്ക്ക് സാമൂദായികച്ഛായ വന്നത് അനുഗ്രഹമായാണ് സി.പി.എം. കാണുന്നത്.
നന്ദകുമാറിനെ രംഗത്തിറക്കാനുള്ള പാര്‍ട്ടി തീരുമാനവുമായി മുന്നോട്ടുപോകാന്‍ പ്രേരണയായതും അതാണ്. മണ്ഡലം കൈവിട്ടുപോയാലും മതേതരനിലപാടില്‍ ഉറച്ചുനില്‍ക്കുന്ന പാര്‍ട്ടിയാണിതെന്ന് തെളിയിക്കാന്‍ അവസരം ഉപയോഗപ്പെടുത്താമെന്നതാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
സിദ്ദീഖ് അനുകൂലികളെ സംബന്ധിച്ചിടത്തോളം ഏറേകാലത്തെ കാത്തിരിപ്പിനൊടുവിലാണ് സീറ്റ് ലഭിക്കുന്ന സാഹചര്യം ഉരുത്തിരിഞ്ഞുവന്നത്. രണ്ട്തവണ മത്സരിച്ചു എന്നത് അയോഗ്യതയായി കണക്കാക്കിയിരുന്നില്ല എങ്കില്‍ ശ്രീരാമകൃഷ്ണനുപകരം മറ്റൊരാള്‍ എന്ന ചര്‍ച്ചപോലും പൊന്നാനിയില്‍ ഉണ്ടാകുമായിരുന്നില്ല.
ശ്രീരാമകൃഷ്ണന്‍ മാറും എന്ന് ഉറപ്പായതാണ് സിദ്ദീഖ് അനുകൂലികളില്‍ പ്രതീക്ഷ ജനിപ്പിച്ചത്. 2011-ല്‍ പാലോളി മുഹമ്മദ്കുട്ടി മത്സരരംഗത്തുനിന്ന് മാറിയപ്പോള്‍മുതല്‍ ടി.എം. സിദ്ദീഖിന്റെ പേര് ഉയര്‍ന്നുവന്നതാണ്. അപ്പോഴൊക്കെ തഴയപ്പെട്ടപ്പോഴും പ്രകടമായ പ്രതിഷേധമുണ്ടായില്ല. എന്നാല്‍, ഇനിയും കാത്തിരിക്കാന്‍ ആവില്ലെന്ന അണികളുടെ നിലപാടാണ് ഇ്ത്തവണ തെരുവിലെ പ്രതിഷേധ പ്രകടനത്തിന് വഴിയൊരുക്കിയത്.
പാര്‍ട്ടി തീരുമാനത്തിന് ഈ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കിയില്ലെങ്കില്‍ ടി.എം. സിദ്ദീഖ് എന്ന പേര് ഒരു തിരഞ്ഞെടുപ്പിലും ഉയര്‍ത്താനാകില്ലെന്ന് ചിന്തിക്കുന്ന അണികളുണ്ട്. പാര്‍ട്ടിയുടെ തീരുമാനം തെറ്റായിപ്പോയി എന്ന് പാര്‍ട്ടിയെ ബോധ്യപ്പെടുത്താന്‍ അവര്‍ ഈ അവസരം ഉപയോഗപ്പെടുത്തിയേക്കും.