മുന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. കുഞ്ഞഹമ്മദ് കുട്ടിയെ കഴിഞ്ഞ രണ്ടു തവണയായി തഴഞ്ഞതില്‍ പ്രതിഷേധമുള്ള കുറ്റ്യാടിയിലെ സി.പി.എം. അനുഭാവികള്‍ ഇത്തവണ പരസ്യമായി നേതൃത്വത്തെ വെല്ലുവിളിക്കുന്ന കാഴ്ചയാണ് ബുധനാഴ്ചയും ആവര്‍ത്തിക്കുന്നത്. സി.പിഎം.സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ച ദിവസം വൈകീട്ടും കുറ്റ്യാടിയില്‍ നടന്നത് കൂറ്റന്‍ പ്രകടനം.
ജോസ് കെ.മാണിയുടെ കേരള കോണ്‍ഗ്രസ് വിഭാഗത്തിന് മണ്ഡലം വിട്ടുകൊടുത്തതില്‍ പ്രതിഷേധിച്ചാണ് സി.പി.എം. പ്രതിഷേധിക്കുന്നത്. കുറ്റ്യാടിയില്‍ ബൂത്തില്‍ നിര്‍ത്താന്‍ പോലും കേരള കോണ്‍ഗ്രസുകാരനെ കാണാനില്ലാത്ത സാഹചര്യമാണുള്ളതെന്നും കുഞ്ഞഹമ്മദ് കുട്ടിയെ ഒഴിവാക്കാന്‍ മാത്രമാണ് മണ്ഡലമേ വിട്ടുകളഞ്ഞതെന്നും സി.പി.എം. പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
കോട്ട ഉപേക്ഷിച്ചത് എന്തിന്
അസാധാരണമായ ഒരു നടപടിയാണ് സി.പി.എ്മ്മില്‍ നിന്നുണ്ടായത് എന്നത് ഉറപ്പാണ്. കുറ്റ്യാടി പോലെയുള്ള ഒരു സി.പി.എം. കോട്ട ആ പാര്‍ടി ഉപേക്ഷിക്കുമ്പോള്‍ അവിടുത്തെ പ്രവര്‍ത്തകരുടെ വികാരം സ്വാഭാവികമാണ്. സി.പി.എം. ഇത്തവണ ഉപേക്ഷിച്ച കൂത്തുപറമ്പ് നേരത്തെ പി.ആര്‍.കുറുപ്പ് ജയിച്ചിരുന്ന പാനൂര്‍ മണ്ഡലത്തെ കൂടി ഉള്‍ക്കൊള്ളുന്നതാണ്. അതിനാല്‍ അവിടെ എല്‍.ജെ.ഡി.ക്ക് വിട്ടുകൊടുക്കുന്നതില്‍ ആരും പ്രതിഷേധിക്കില്ല. എന്നാല്‍ കേരള കോണ്‍ഗ്രസുകാര്‍ ഒട്ടുമില്ലാത്ത കുറ്റ്യാടി എന്തിനാണ് ജോസ് വിഭാഗത്തിന് വിട്ടു കൊടുക്കുന്നത്…ഇതാണ് ദുരൂഹം.
എന്നാല്‍ പ്രതിഷേധിക്കുന്ന സി.പി.എ്ം പ്രവര്‍ത്തകര്‍ പറയുന്ന സൂചന അനുസരിച്ചു നോക്കിയാല്‍ വേറൊരു തിരക്കഥ മിന്നിമറയുന്നത് കാണാം.. അതറിയാന്‍ ്അല്‍പം പിറകിലോട്ടു പോകണം.
നേരത്തെ മേ്പ്പയൂര്‍ നിയോജക മണ്ഡലമായിരുന്നു ഇപ്പോഴത്തെ കുറ്റ്യാടി. മേപ്പയൂര്‍ എക്കാലത്തും സി.പി.എം-ലീഗ് ബലാബലത്തിന്റെ വേദിയായിരുന്നു. മലബാറില്‍ സി.പി.എം. അഭിമാനപോരാട്ടമായി കണ്ടിരുന്ന മണ്ഡലവുമായിരുന്നു പഴയ മേപ്പയൂര്‍. 1987 മുതല്‍ സി.പി.എം. തുടര്‍ച്ചയായി ജയിച്ചുവരുന്ന മേപ്പയൂര്‍. 87-ലും 96-ലും എ.കണാരനും 2001-ല്‍ മത്തായി ചാക്കോയും 2006-ല്‍ കെ.കെ.ലതികയും ജയിച്ച മണ്ഡലമായിരുന്നു ഇത്. സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ ഭാര്യയായിരുന്നു കെ.കെ.ലതിക. പിന്നീട് കുറ്റ്യാടിയായി പേരു മാറിയപ്പോഴും മണ്ഡലം സി.പി.എമ്മിന്റെ ശക്തികേന്ദ്രമായി തുടര്‍ന്നു.
കെ.കെ.ലതിക 2011-ല്‍ കുറ്റ്യാടിയില്‍ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് 70,258 വോട്ടിനാണ്. മുസ്ലീംലീഗിലെ തീപ്പൊരി നേതാവായ സൂപ്പി നരിക്കാട്ടിരിയെ തന്നെയാണ് ലതിക തോല്‍പിച്ചത്. തീര്‍ച്ചയായും പാര്‍ടിയുടെ ശക്തിയും ശേഷിയും അടിവരയിടുന്ന വിജയം തന്നെയായിരുന്നു അത്.
് 2016-ല്‍ വീണ്ടും ലതികയ്ക്ക് ടിക്കറ്റ് നല്‍കാന്‍ തുനിഞ്ഞപ്പോഴാണ് ഇന്നത്തെ പ്രശ്‌നങ്ങളുടെ തുടക്കം എന്നു പറയാം. അതായത് ലതികയ്ക്ക് തുടര്‍ച്ചയായി മൂന്നാം തവണ അവസരം കിട്ടിയപ്പോള്‍. തുടര്‍ച്ചയായി രണ്ട് തവണ മാത്രം എന്ന നിബന്ധന പാലിക്കാതെയുള്ള ഈ സ്ഥാനാര്‍ഥിത്വത്തിനെതിരെ സി.പി.എമ്മില്‍ പ്രാദേശികമായി വിയോജിപ്പ് പുകഞ്ഞിരുന്നു. പ്രാദേശികമായി അന്ന് ഉയര്‍ന്ന ശക്തമായ ഒരു ആവശ്യം നാട്ടുകാരനായ കെ.പി. കുഞ്ഞഹമ്മദ് കുട്ടിയെ മല്‍സരിപ്പിക്കണം എന്നതായിരുന്നു. പക്ഷേ നേതൃത്വം ഇത് നിരസിച്ചു.
ലതികയും ലീഗിലെ പാറയ്ക്കല്‍ അബ്ദുള്ളയും തമ്മിലായിരുന്നു പ്രധാന പോരാട്ടം. മല്‍സരത്തില്‍ ലതിക തോറ്റു, അപ്രതീക്ഷിതമായ തോല്‍വി. ലതികയ്ക്ക് 70,652 വോട്ട് കിട്ടി. കഴിഞ്ഞ തവണ കിട്ടിയതിലും വെറും 250 വോട്ട് മാത്രം ്അധികം..എന്നാല്‍ പാറയ്ക്കല്‍ അബ്ദുള്ള 71,809 വോട്ട് നേടി വിജയിച്ചു. ലതികയുടെ തോല്‍വിക്കു പിറകില്‍ സി.പി.എം. അനുഭാവികളുടെ രഹസ്യമായ നിസ്സഹകരണം ഉണ്ടായിരുന്നു എന്ന തോന്നല്‍ നേതൃത്വത്തില്‍ ്ഉണ്ടായി. കുഞ്ഞഹമ്മദ് കുട്ടിക്കു വേണ്ടി വാദിച്ചവര്‍ ലതിക പരാജയപ്പെടണമെന്ന് ആഗ്രഹിച്ചു എന്നായിരുന്നു ഒരു പ്രചാരണം. അതെന്തായാലും കുഞ്ഞഹമ്മദ് കുട്ടിയെ പിന്തുണയ്ക്കുന്ന കുറ്റ്യാടിക്കാരെ പ്രോല്‍സാഹിപ്പിക്കേണ്ടതില്ല എന്ന തിരക്കഥ ഇപ്പോഴത്തെ മണ്ഡലം കൈമാറ്റത്തിനു പിറകിലുണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നവരുടെ ആരോപണം. പാര്‍ടി മല്‍സരിച്ചാല്‍ വീണ്ടും കുഞ്ഞഹമ്മദ്കുട്ടിയെ പരിഗണിക്കേണ്ടിവരും.. എന്നാല്‍ അതില്‍ നേതൃത്വത്തിന് താല്‍പര്യമില്ല. മണ്ഡലം തന്നെ കേരള കോണ്‍ഗ്രസിന് നല്‍കി പാര്‍ടിക്കാരെ കൊണ്ട് ഘടകകക്ഷിക്കായി പ്രചാരണം നടത്തിക്കുക എന്ന പ്രതികാരബുദ്ധി കുറ്റ്യാടിയിലെ മണ്ഡലകൈമാറ്റത്തിനു പിന്നിലുണ്ട് എന്ന് പ്രതിഷേധിക്കുന്നവര്‍ പറയുന്നു.