തുടര്‍ച്ചായായി രണ്ടു തവണ ജയിച്ചവര്‍ക്ക് സ്ഥാനാര്‍ഥി ടിക്കറ്റ് നല്‍കില്ലെന്ന് സി.പി.എം. നയം തുടര്‍ച്ചയായി തിരുത്തേണ്ടി വന്ന ഒരേയൊരു മണ്ഡലമേ കേരളത്തിലുള്ളൂ–അത് പത്തനം തിട്ടയിലെ റാന്നി ആണ്. കാരണം തുടര്‍ച്ചയായി രണ്ടല്ല അഞ്ചു തവണയായി അവിടെ ജയിക്കുന്നത് ഒരേയൊരു സി.പി.എം.കാരനാണ്-രാജു ഏബ്രഹാം.1996 മുതല്‍ തുടര്‍ച്ചയായി സി.പി.എമ്മിന് ആ മണ്ഡലം കൈയ്യില്‍ വെക്കാന്‍ കഴിഞ്ഞത് രാജു ഏബ്രഹാമിലൂടെയാണ്. രാജു ഏബ്രഹാമിന് ഈ അസാധാരണമായ ഇളവ് നല്‍കാന്‍ പാര്‍ടിയെ പ്രേരിപ്പിച്ചത് രാജു അല്ലെങ്കില്‍ റാന്നി കിട്ടില്ല എന്ന ബോധ്യം ഉള്ളതിനാലാണ്. എല്ലാ മാനദണ്ഡവും ഒരു വഴിമാറും, വിജയം എന്ന ആവശ്യത്തിനു മുന്നില്‍ എന്ന് റാന്നി തെളിയിക്കുന്നു. റാന്നിക്കു വേണ്ടിയല്ലാതെ ഇത്രയും വലിയ വിട്ടുവീഴ്ച പിണറായി വിജയന്‍ ഒരിടത്തും നടത്തിയിട്ടുണ്ടാവില്ല. 2016-ല്‍ അഞ്ചാംതവണ തുടര്‍ജയം കൊണ്ട് ശ്രദ്ധേയനായപ്പോള്‍ എല്ലാവരും പ്രതീക്ഷിച്ചിരുന്നു, രാജു ഏബ്രഹാം മന്ത്രിയാകും എന്ന്. പക്ഷേ അതുണ്ടായില്ല. ഇത്ര പരിചയമുള്ള ഒരു സാമാജികനെ മന്ത്രിയാക്കാന്‍ പരിഗണിക്കാതിരുന്നത് എന്തുകൊണ്ടാണെന്നത് ഇന്നും വിശദീകരിക്കപ്പെട്ടിട്ടില്ല.
ഇനി ഇത്തവണ റാന്നിയില്‍ ആര് എന്ന ചോദ്യം ഉയരുമ്പോള്‍ വീണ്ടും ഒരു പേരു മാത്രമാണ് മുന്നില്‍–രാജു ഏബ്രഹാം. വിജയസാധ്യത കണക്കിലെടുത്ത് എല്ലാ മാനദണ്ഡവും മാറ്റി വെച്ച് രാജുവിനെ ഇനിയും മല്‍സരിപ്പിക്കണം എന്നാണ് പത്തനം തിട്ടയിലെ പാര്‍ടിയിലെ അഭിപ്രായം. രാജു നിന്നാല്‍ കിട്ടും, ഇല്ലെങ്കില്‍ ഇല്ല.
![thepoliticaleditor](https://thepoliticaleditor.com/wp-content/uploads/2024/02/politics.jpg)
പൊതുവെ കോണ്‍ഗ്രസ് മണ്ഡലമായി അറിയപ്പെട്ടിരുന്ന റാന്നിയില്‍ രാജുവിന്റെ തേരോട്ടം തുടങ്ങുന്ന 1996-നു മുമ്പ് ഒരേയൊരു തവണ, 1967-ല്‍ മാത്രമാണ് സി.പി.ഐയിലെ എം.കെ.ദിവാകരനെ ജയിപ്പിച്ച് ഇടതുപക്ഷത്തേക്ക് ചാഞ്ഞിട്ടുള്ളൂ. രസകരമായി മറ്റൊരു കാര്യം 2011-ല്‍ രാജു പരാജയപ്പെടുത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പീലിപ്പോസ് തോമസ് കഴിഞ്ഞ ലോക്‌സഭാ ഇലക്ഷന്‍ കാലത്ത് സി.പി.എം.പക്ഷക്കാരനായി പാര്‍ലമെന്റിലേക്ക് മല്‍സരിച്ച് തോല്‍ക്കുകയും ഇപ്പോള്‍ കെ.എസ്.എഫ്.ഇ.യുടെ ചെയര്‍മാനായിരിക്കയുമാണ് എന്നതാണ്.
പത്തനം തിട്ട ഇപ്പോള്‍ ഇടതു പക്ഷത്തിന് ഭൂരിപക്ഷം എം.എല്‍.എ.മാരുള്ള ജില്ലയാണ്. അഞ്ചു മണ്ഡലങ്ങളില്‍ അഞ്ചിടത്തും ഇടത് ആണ്, മൂന്നിടത്ത് സി.പി.എം.കാരും. ഇതില്‍ ആറന്‍മുളയിലും കോന്നിയിലും പാര്‍ടി സ്ഥാനാര്‍ഥികളെ തീരുമാനിച്ചു കഴിഞ്ഞു. ആറന്‍മുളയില്‍ വീണ ജോര്‍ജ്ജും, കോന്നിയില്‍ ജനീഷ് കുമാറും. 23 വര്‍ഷം കോണ്‍ഗ്രസിനൊപ്പം നിന്ന കോന്നിയെ ഇടതുഭാഗത്തേക്ക് എത്തിച്ചത് ജനീഷ്‌കുമാര്‍ ആണ്. അടൂര്‍ പ്രകാശ് കോന്നി കൈവിട്ട് ലോക്‌സഭയിലേക്ക് പോയതാണ് അന്ന് മണ്ഡലം കൈവിടാന്‍ ഇടയായത്. ഇത്തവണയും അടൂര്‍ പ്രകാശ് ഇല്ല. അതിനാല്‍ ഇടതിന് പ്രതീക്ഷയാണ്.
റാന്നിയിലെ തീരുമാനം മാത്രമാണ് വൈകുന്നത്. എല്ലാ നയവും മാറ്റിവെച്ച് രാജുവിനെ വീണ്ടും മല്‍സരിപ്പിച്ചാല്‍ മണ്ഡലം കിട്ടാന്‍ സാധ്യത ഏറെയാണ്. ഇല്ലെങ്കില്‍ സാധ്യത ചുരുക്കവുമാണ്. കോഴിക്കോട് എ.പ്രദീപ് കുമാര്‍ എന്ന ജനകീയനെപ്പോലും മാറ്റിയ പാര്‍ടി രാജുവിനെ എന്തു ചെയ്യും എന്നത് അടുത്ത ദിവസത്തെ കൗതുകങ്ങളില്‍ ഒന്നായിരിക്കും.