ഇടതുമുന്നണിയുടെ പ്രകടനപത്രികയ്ക്ക് ബദല്‍ ഒരുക്കി യു.ഡി.എഫിന്റെ പ്രകടന പത്രിക. ഇടതു പക്ഷം ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ യു.ഡി.എഫ് 3000 എന്ന് പ്രഖ്യാപിക്കുന്നു. ക്ഷേമ പെന്‍ഷന്‍ പരിഷ്‌കാര കമ്മീഷന്‍ രൂപീകരിക്കുമെന്നും പറയുന്നു.
വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തും എന്ന് ഇടത് പത്രിക പറയുന്നു, 2000 രൂപ വീതം നല്‍കുമെന്ന് യു.ഡി.എഫ്. പ്രഖ്യാപിച്ചു.മാത്രമല്ല, ന്യായ് എന്ന പദ്ധതി പുതിയതായി പ്രഖ്യാപിക്കുന്നു–മാസം തോറും 6000 രൂപ പാവപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും അവരുടെ അക്കൗണ്ടില്‍ നല്‍കും.
ഇടതുമുന്നണി നല്‍കിയ കൊവിഡ് കാല ഭക്ഷ്യകിറ്റിനെ മറികടക്കാന്‍ കൂടുതല്‍ വിഭവങ്ങളുമായി കൂടുതല്‍ പേര്‍ക്ക് ഭക്ഷ്യകിറ്റ് എന്ന വാഗ്ദാനം യു.ഡി.എഫ്. മുന്നോട്ടു വെക്കുന്നു.
ഇടതുഭരണത്തില്‍ ഫലപ്രദമായി നടപ്പാക്കിയ ലൈഫ് മിഷന്‍ ഭവന പദ്ധതിക്കു ബദല്‍ പദ്ധതിയായി അഞ്ച് ലക്ഷം പേര്‍ക്ക് വീട് പ്രഖ്യാപിക്കുന്നു( ലൈഫില്‍ ഇതു വരെ രണ്ടരലക്ഷം വീടുകളാണ് നല്‍കിയിട്ടുള്ളത്). പട്ടിക ജാതി,വര്‍ഗ മല്‍സ്യത്തൊഴിലാളി വിഭാഗത്തിനുള്ള വീട് നിര്‍മ്മാണസഹായം നാലില്‍ നിന്ന് ആറ് ലക്ഷമാക്കും.
ഇടതു പ്രകടനപത്രികയില്‍ മിനിമം കൂലി 700 രൂപയാക്കുമെന്ന് പറയുമ്പോള്‍ അത് യു.ഡി.എഫും ആവര്‍ത്തിച്ച് വാഗ്ദാനം ചെയ്യുന്നു
സൗജന്യങ്ങളുടെ വലിയ വാഗ്ദാനം തന്നെ യു.ഡി.എഫ്. പത്രികയിലുണ്ട്. അതില്‍ പ്രധാനം എല്ലാ ഉപഭോക്താക്കള്‍ക്കും 100 യൂണിറ്റ് വൈദ്യുതി സൗജന്യം, എല്ലാ വെള്ളക്കാര്‍ഡുകാര്‍ക്കും(ഉയര്‍ന്ന വരുമാനക്കാര്‍ക്ക്) അഞ്ച് കിലോ അരി സൗജന്യം തുടങ്ങിയവ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടതുമുന്നണി വാഗ്ദാനം ചെയ്യാത്ത ചില പ്രധാന കാര്യങ്ങള്‍ യു.ഡി.എഫ്. ഊന്നിപ്പറയുന്നു. അതില്‍ പ്രധാനം ശബരിമലയിലെ ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമം നിര്‍മ്മിക്കും എന്നതാണ്. അഞ്ച് ഏക്കര്‍ വരെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് പ്രളയത്തിനു മുമ്പുണ്ടായിരുന്ന കടം രണ്ടു ലക്ഷം വരെയുള്ള തുക എഴുതിത്തള്ളും. കേരളത്തില്‍ എല്ലായിടത്തും ബില്ല് രഹിത ആശുപത്രികള്‍ തുടങ്ങും എന്ന പുതുമയുള്ള വാഗ്ദാനം യു.ഡി.എഫ്. മുന്നോട്ടു വെക്കുന്നു. ഇടതു സര്‍ക്കാര്‍ രൂപം മാറ്റിയ കാരുണ്യ എന്ന പേരുള്ള ചികില്‍സാ പദ്ധതി വീണ്ടും ആരംഭിക്കും. സമാധാനവും സൗഹാര്‍ദ്ദവും നിലനിര്‍ത്താന്‍ ഒരു പുതിയ വകുപ്പ് രൂപീകരിക്കും എന്നതും പുതുമയുള്ള പ്രഖ്യാപനമാണ്.
കാര്‍ഷിക മേഖലയില്‍ ഇടതുഭരണം നടപ്പാക്കിയ പദ്ധതികള്‍ക്ക് ബദലായി പൊതുബജറ്റിനു പുറമേ പ്രത്യേക കാര്‍ഷിക ബജറ്റ് എന്നതാണ് യു.ഡി.എഫ്. മുന്നോട്ടു വെക്കുന്ന വാഗ്ദാനം.
റബ്ബറിന് 250 രൂപ താങ്ങുവില നല്‍കും. നെല്ലിന് 30 രൂപയും തേങ്ങയ്ക്ക് 40 രൂപയും താങ്ങുവില നല്‍കും. വനാവകാശ നിയമം പൂര്‍ണമായി നടപ്പാക്കും.
ഓട്ടോറിക്ഷ, ടാക്‌സി, മീന്‍പിടുത്തബോട്ടുകള്‍ എന്നിവയ്ക്ക് ഇന്ധനത്തിന് സബ്‌സിഡി നല്‍കുമെന്ന് യു.ഡി.എഫ് വാഗ്ദാനം ചെയ്യുന്നു. സംസ്ഥാനത്തിന് കിട്ടുന്ന ഇന്ധന നികുതിയില്‍ നിന്നാണ് ഈ സബ്‌സിഡി നല്‍കുക.
കൊച്ചി മെട്രോ പൂര്‍ത്തിയാക്കുമെന്നും ലൈറ്റ് മെട്രോകള്‍ നടപ്പാക്കുമെന്നും ഇടതു പ്രകടന പത്രിക വാഗ്ദാനം ചെയ്യുമ്പോള്‍ യു.ഡി.എഫും ഇതിന് ബദലായി തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകള്‍ നടപ്പാക്കുമെന്നാണ് യു.ഡി.എഫ് മുന്നോട്ടു വെക്കുന്ന വാഗ്ദാനം.