കണ്ണൂര്‍ ജില്ലയിലെ മലയോര കോണ്‍ഗ്രസ് രാഷ്ട്രീയം കുറച്ചു കാലമായി അസ്വസ്ഥമാണ്. അത് ഇരിക്കൂറിലെ നിയമസഭാ സീറ്റ് വിവാദത്തില്‍ ഒതുങ്ങുന്നതല്ല. കണ്ണൂര്‍ മലയോരത്തെ കോണ്‍ഗ്രസില്‍ എന്ത് അസ്വസ്ഥത ഉണ്ടായാലും അത് വെറും പ്രാദേശിക വിഷയമായി ഒതുങ്ങില്ല. അതിനു കാരണം മലയോര രാഷ്ട്രീയത്തിന് സംസ്ഥാനനേതാക്കളുടമായുള്ള ബന്ധമാണ്.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ കണ്ണൂരിലെ മലയോരം കോണ്‍ഗ്രസ് പാര്‍ടിയെ ഞെട്ടിച്ചു കളഞ്ഞു. കോണ്‍ഗ്രസിന്റെ കോട്ടയായ പയ്യാവൂര്‍ ഗ്രാമ പഞ്ചായത്ത് 22 വര്‍ഷത്തിനു ശേഷം ഇടതു മുന്നണി പിടിച്ചെടുത്തു. കോണ്‍ഗ്രസുകാരനായ നിലവിലെ പ്രസിഡണ്ടിന്റെയും വൈസ് പ്രസിഡണ്ടിന്റെയും ഉള്‍പ്പെടെ വാര്‍ഡുകള്‍ ഇടതു പക്ഷം പിടിച്ചെടുത്തു കളഞ്ഞു. ഇത് സംഭവിച്ചത് കോണ്‍ഗ്രസിലെ ഗ്രൂപ്പുകളി കാരണമായിരുന്നു.

മറ്റൊരു പഞ്ചായത്തായ നടുവില്‍ ഗ്രാമപഞ്ചായത്തില്‍ ഭൂരിപക്ഷം നേടിയിട്ടും കോണ്‍ഗ്രസിന് ഭരണം കിട്ടിയില്ല!! ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറി കൂടിയായ ബേബി ഓടംപളളി യു.ഡി.എഫില്‍ നിന്നും പുറത്തു വന്ന് ഇടതു പിന്തുണയോടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് മല്‍സരിച്ച് വിജയിച്ചു. നീണ്ട നാല്‍പത് വര്‍ഷത്തിനു ശേഷമാണ് നടുവില്‍ പഞ്ചായത്ത് പ്രസിഡണ്ട് പദവി കോണ്‍ഗ്രസിന് നഷ്ടപ്പെടുന്നത്, ഇടതുപക്ഷത്തിന് കിട്ടുന്നത്.
പ്രസിഡണ്ട് പദവിക്ക് ബേബി ആഗ്രഹിക്കുകയും എ്ന്നാല്‍ അദ്ദേഹത്തിനു പകരം വേറൊരാളെ പരിഗണിക്കുകയും ചെയ്ത ഗ്രൂപ്പ് കളിയില്‍ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത് ഭരണം മാത്രമല്ല, രണ്ട് വേറെ അംഗങ്ങളെ കൂടിയാണ്. രണ്ട് പേര്‍ കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ഇപ്പോള്‍ നിയമസഭാ സീറ്റില്‍ തര്‍ക്കമുണ്ടായിരിക്കുന്ന ഇരിക്കൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ട രണ്ട് ഗ്രാമപഞ്ചായത്തുകളാണ് നടുവില്‍, പയ്യാവൂര്‍ എന്നിവ എന്നത് ശ്രദ്ധേയമാണ്. കുറേക്കാലമായി നീറിപ്പുകയുന്ന പല ഗ്രൂപ്പു പ്രശ്‌നങ്ങളും പരിഹരിക്കാതെ കിടക്കുന്നതിനിടയിലാണ് കെ.സി. ജോസഫ് എട്ടു തവണ ജയിച്ച ഇടത്ത് പുതിയ സ്ഥാനാര്‍ഥി ആരാവണം എന്ന കാര്യത്തിലുള്ള വിവാദവും അരങ്ങേറുന്നത്.
1980-ല്‍ ഇടതു പക്ഷത്തിന്റെ ഭാഗമായി രാമചന്ദ്രന്‍ കടന്നപ്പള്ളി ജയിച്ച ഇരിക്കൂര്‍ പിടിച്ചെടുക്കാനായി ചങ്ങനാശ്ശേരിയില്‍ നിന്നും കോണ്‍ഗ്രസ് ഇറക്കുമതി ചെയ്ത സ്ഥാനാര്‍ഥിയായിരുന്നു അന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടായിരുന്ന കെ.സി.ജോസഫ്. 1982-ല്‍ ആദ്യമായി ജയിച്ച ജോസഫ് പിന്നെ അവിടത്തെ സ്ഥിരം ജേതാവായി. ജോസഫ് ഇരിക്കൂറിന്റെ സ്വന്തക്കാരനായി. എ്ട്ടു തവണ തുടര്‍ച്ചയായി ജയിച്ചു. സി.പി.എം രണ്ടു തവണ ശ്രമിച്ചു, സി.പി.ഐ.യും കേരള കോണ്‍ഗ്രസും ജനതാപാര്‍ടിയും ശ്രമിച്ചു, പക്ഷേ എ-വിഭാഗത്തിന്റെ അക്കൗണ്ടിലായി ഇരിക്കൂര്‍ അറിയപ്പെട്ടു. ജോസഫ് മാറുമ്പോള്‍ ആ മണ്ഡലം എ-വിഭാഗത്തിന് തന്നെ കിട്ടണം എ്ന്ന കീഴ് വഴക്കം പാര്‍ടിയില്‍ ഉയര്‍ന്നു. എന്നാല്‍ അവിടെയാണ് കളി നടന്നത്. നേരത്തെ രണ്ടു തവണ കെ.സി.ജോസഫിനൊപ്പം പരിഗണിക്കപ്പെട്ട വ്യക്തിയായിരുന്ന സജീവ് ജോസഫ് ഇത്തവണ എ.ഐ.സി.സി.യുടെ രഹസ്യസര്‍വ്വെയിലും വിജയസാധ്യതാപട്ടികയില്‍ ഇടം നേടിയപ്പോള്‍ ദേശീയ നേതൃത്വം സീറ്റി സജീവിന് നല്‍കി.
ഇക്കാര്യത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ പിന്തുണയും ഉണ്ടായിരുന്നു എന്നത് സത്യം. ദേശീയ നേതൃത്വത്തിന്റെ സര്‍വ്വെ പ്രകാരം കാര്യങ്ങള്‍ കര്‍ക്കശമായി പോകണം എന്ന് വേണുഗോപാലും താരിഖ് അന്‍വറും നിര്‍ബന്ധം പിടിച്ചപ്പോള്‍ പൊതുവെ നഷ്ടമുണ്ടായത് ഉമ്മന്‍ചാണ്ടിയുടെ ഫാന്‍സുകാര്‍ക്കാണ്. കെ.ബാബുവിനെ അവസാനനിമിഷം അത്യധികം അധ്വാനിച്ചാണ്, സമ്മര്‍ദ്ദം ചെലുത്തിയാണ് ഉമ്മന്‍ചാണ്ടി കയറ്റിവിട്ടത് എന്നാണ് കേള്‍വി. ജോസഫിന് കാഞ്ഞിരപ്പള്ളി നല്‍കാന്‍ ശ്രമിച്ചിട്ട് നടന്നുമില്ല. ഇരിക്കൂറില്‍ പകരം എ-വിഭാഗക്കാരന് തന്നെ സീറ്റുറപ്പിക്കാനും കഴിഞ്ഞില്ല.
എ-വിഭാഗക്കാര്‍ ഇതോടെ ആകെ ഇളകി. അവരാണ് ഇരിക്കൂറിലെ പാര്‍ടി. അതിനാല്‍ അവര്‍ ഇടഞ്ഞാല്‍ ഇലക്ഷനില്‍ ഗുലുമാല്‍ ഉറപ്പാണ്. ആ പഴുതില്‍ ഇടതുപക്ഷം കയറിപ്പോയാല്‍ പണി പാളും. അതോടെ പഴി എ-വിഭാഗത്തിനും ഉമ്മന്‍ചാണ്ടിക്കുമാവും.
ഭരണസാധ്യത മുന്നില്‍ കാണുന്ന എ-വിഭാഗം ഉമ്മന്‍ചാണ്ടിയെ ആണ് മുഖ്യമന്ത്രി സ്ഥാനത്ത് പ്രതീക്ഷിക്കുന്നത്. അതിനാല്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞാല്‍ തല്‍ക്കാലം എ-വിഭാഗം ഇരിക്കൂറില്‍ സമാധാനപ്പെടും എന്നുറപ്പാണ്. വെള്ളിയാഴ്ച ഉമ്മന്‍ചാണ്ടി ഇരിക്കൂറിലെത്തുന്നതും ഈ സാന്ത്വന മരുന്നും കൊണ്ടാണ്. സജീവ് ജോസഫിനെ ഇനി മാറ്റുക പററില്ല. അതിനാല്‍ ഒറ്റത്തവണ സ്ഥാനാര്‍ഥി എന്ന ഫോര്‍മുല അംഗീകരിക്കണം, അടുത്ത തവണ ഇതൊരു കീഴ് വഴക്കമാക്കരുത്, എ-വിഭാഗത്തിന്റെ സീറ്റ് അവര്‍ക്ക് തന്നെ ഭാവിയില്‍ ചാര്‍ത്തിക്കിട്ടണം, ഭരണം കിട്ടിയാല്‍ മറ്റ് ചില പദവികളും കിട്ടണം…
ഇങ്ങനെ ഉറപ്പുകളുടെ മടിശ്ശീലയും നിറച്ചായിരിക്കും ഉമ്മന്‍ചാണ്ടിയുടെ പരിഹാരക്രിയ. തല്‍ക്കാലം പ്രശ്‌നം ഒതുക്കാന്‍ ഇതൊക്കെ പ്രയോഗിക്കാം. പക്ഷേ മലയോരത്ത് പലയിടത്തായി പാര്‍ടിയില്‍ പുകയുന്ന ഗ്രൂപ്പുതര്‍ക്കങ്ങളും വ്യക്തിവഴക്കുകളും കണ്ണൂരിലെ പാര്‍ടി ശക്തികേന്ദ്രങ്ങളില്‍ ചതിപ്പണികള്‍ക്ക് വളമിടുക തന്നെ ചെയ്യും.