ബംഗാളില്‍ ഇടതുപക്ഷത്തെ ചൈതന്യമുള്ളതാക്കി, പുനക്രമീകരിച്ചി, ഊര്‍ജ്ജമുള്ളതാക്കി, പുതുക്കിപ്പണിയണമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം അഭിപ്രായപ്പെട്ടു. അതിനുതകുന്ന രണ്ടു കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്തുകഴിഞ്ഞു. കൂടുതല്‍ യുവാക്കളെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാക്കി, വിശാലമായ ചില സഖ്യങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു-മുഹമ്മദ് സലിം ദ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇന്‍ഡ്യന്‍ സെക്കുലര്‍ ഫ്രണ്ട് എന്ന പാര്‍ടിയുമായുള്ള സഖ്യം ഇത്തവണ തിരഞ്ഞെടുപ്പുഫലത്തില്‍ മാറ്റമുണ്ടാക്കുമെന്ന് മുഹമ്മദ് സലിം സൂചിപ്പിച്ചു.
ന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്തിനെതിരായി തിരിക്കുക എന്നതാണ് തൃണമൂലും ബിജെപിയും ബംഗാളില്‍ ചെയ്യുന്നത്. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ ഞങ്ങളുടെ സ്വാധീന മണ്ഡലമാണ് എന്നതാണ് യാഥാര്‍ഥ്യം-മുഹമ്മദ് സലിം പറഞ്ഞു.
‘അബ്ബാസ് സിദ്ദിഖിയുടെ ഐ.എസ്.എഫ്. ദളിതരുടെയും ആദിവാസികളുടെയും മുസ്ലീങ്ങളുടെയും രാഷ്ട്രീയ കൂട്ടായ്മയാണ്. ജാതിക്കും മതത്തിനും അതീതമായാണ് അവര്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്. ഹിന്ദു-മുസ്ലീം എന്ന രണ്ടു ധ്രുവങ്ങളിലായി രാഷ്ട്രീയത്തെയും വോട്ടര്‍മാരെയും വിഭജിക്കുക എന്നതാണ് ബി.ജെ.പി.യുടെതുള്‍പ്പെടെ ലക്ഷ്യം. അതിനെ തകര്‍ക്കാനുള്ള ഞങ്ങളുടെ രാഷ്ട്രീയ സമീപനമാണ് ഐ.എസ്.എഫുമായുള്ള തിരഞ്ഞെടുപ്പു സഖ്യം. കോണ്‍ഗ്രസിന് ഈ സഖ്യത്തില്‍ അല്‍പം താല്‍പര്യക്കുറവുണ്ടായിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ്-ഇടത്-ഐ.എസ്.എഫ് സഖ്യം തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഞങ്ങളെ നിങ്ങള്‍ നേരത്തെ വിലയിരുത്തിയതില്‍ മാറ്റം വരുത്തേണ്ടിവരും’ –ബംഗാളിലെ മുതിര്‍ന്ന സി.പി.എം.നേതാവ് പ്രതികരിച്ചു.
‘ എല്ലാവരും പറഞ്ഞു, സി.പി.എമ്മിന്റെ വോട്ടുകള്‍ 2019-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യിലേക്ക് പോയി, 2021-ല്‍ ബി.ജെ.പി. ജയിക്കും എ്ന്ന്. എന്നാല്‍ ആദ്യമേ പറയട്ടെ ത്രിപുര മോഡല്‍ ഇവിടെ നടപ്പാവില്ല. ഇപ്പോള്‍ ഒട്ടേറെ മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മല്‍സരമാണ് നടക്കാന്‍ പോകുന്നത്. അതില്‍ ഇടതുപക്ഷസഖ്യം നേട്ടമുണ്ടാക്കും–മുഹമ്മദ് സലിം അഭിമുഖത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചു.