തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ നീട്ടിവെക്കണമെന്ന ആവശ്യവും ചർച്ചകളും വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശങ്ക പരത്തുന്നു.
കോവിഡ് പ്രതിസന്ധികളെ മറികടന്ന് പരീക്ഷക്കുള്ള അവസാന തയാറെടുപ്പുകളും നടത്തിയ േശഷം പരീക്ഷ മാറ്റിവെക്കാനുള്ള നീക്കം കുട്ടികൾക്ക് ഗുണകരമല്ലെന്നാണ് രക്ഷിതാക്കൾ പങ്കുവെക്കുന്ന ആശങ്ക. പരീക്ഷ മാറ്റുന്നത് സംബന്ധിച്ച ചർച്ച ഉയർന്നതോടെ വിദ്യാഭ്യാസ മന്ത്രിയുടെയും വിദ്യാഭ്യാസ വകുപ്പിെൻറ വിവിധ ഒാഫിസുകളിലും ആശങ്ക പങ്കുവെച്ചുള്ള അന്വേഷണങ്ങളാണ്.
മോഡൽ പരീക്ഷ നടത്തിപ്പിലൂടെ ചോദ്യപേപ്പർ പാറ്റേൺ മനസ്സിലാക്കിയ വിദ്യാർഥികളിൽ ആശ്വാസവും മാനസിക പിരിമുറക്കത്തിന് അയവും വന്നിട്ടുണ്ട്. ഇൗ ആത്മവിശ്വാസത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളെ നേരിടാമെന്ന ആശ്വാസത്തിനിടെയാണ് പരീക്ഷ ഒരുമാസത്തോളം നീട്ടണമെന്ന ആവശ്യവും ചർച്ചയും ഉയരുന്നത്.
പരീക്ഷ നീട്ടാൻ ആലോചനയില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ആവർത്തിക്കുേമ്പാഴും ഭരണാനുകൂല സംഘടനയായ കെ.എസ്.ടി.എ ആണ് നീട്ടണമെന്ന ആവശ്യമുയർത്തിയത്. ഇതാണ് ചർച്ച സജീവമാകാൻ കാരണം.
നേരത്തെ, ജനുവരിയില്‍ സ്കൂള്‍ തുറന്ന ഘട്ടത്തില്‍ എല്ലാ അധ്യാപക സംഘടനകളും പരീക്ഷ മാര്‍ച്ചില്‍ നടത്താതെ അല്പം കൂടി കഴിഞ്ഞ് മതിയെന്ന അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തിരിച്ചാണ് ചിന്തിച്ചത്. കൃത്യസമയത്ത് പരീക്ഷ നടത്തി അംഗീകാരം നേടുക എന്നതായിരുന്നു ചിന്ത. നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍-മെയ് മാസത്തിലായിരിക്കും എന്നായിരുന്നു ഭരണരാഷ്ട്രീയക്കാരുടെ ചിന്ത. പക്ഷേ തിരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചതോടെ സീന്‍ മാറുകയാണ്. റിസള്‍ട്ട് മെയ് മാസം ആണെങ്കിലും വോട്ടെടുപ്പ് ഒരു മാസം മുമ്പേ ആണ്. പ്രചാരണമാവട്ടെ പരീക്ഷ നടക്കുന്ന കാലയളവിന് ഇടയിലും.
നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഏപ്രിൽ രണ്ടാം വാരത്തിൽ പരീക്ഷ നടത്തണമെന്നാണ് കെ.എസ്.ടി.എ ആവശ്യം. എന്നാൽ, ഏപ്രിൽ രണ്ടാം വാരത്തിൽ റമദാൻ വ്രതാരംഭവും തൊട്ടടുത്ത ദിവസം വിഷുവും വരുന്നത് വിദ്യാർഥികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. ഏപ്രിലിലേക്ക് കടക്കുന്നതോടെ വേനൽ കടുക്കുന്നതും വിദ്യാർഥികൾക്ക് പ്രതിസന്ധിയാകും.
നിലവിൽ മാർച്ച് 17നു തുടങ്ങുന്ന പരീക്ഷ മാർച്ച് 30ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായുള്ള പരിശീലനമാണ് പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യത്തിന് കാരണമായി കെ.എസ്.ടി.എ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പുതന്നെ പരീക്ഷ അവസാനിക്കുമെന്നതിനാൽ പരിശീലനത്തിനും ഡ്യൂട്ടിക്കും തടസ്സമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.
പരീക്ഷകൾക്കിടയിൽ ഇടവേളകളുള്ളതുകൂടി പരിശീലനത്തിന് ഉപയോഗിക്കാമെന്ന് പരീക്ഷ മാറ്റത്തെ എതിർക്കുന്ന അധ്യാപകരും ചൂണ്ടിക്കാട്ടുന്നു.
സ്കൂളുകളിലെ റിവിഷനും മോഡൽ പരീക്ഷയും പൂർത്തിയാക്കി എത്രയും വേഗം പൊതുപരീക്ഷയുടെ ഭാരം ഇറക്കിവെക്കണമെന്ന വിദ്യാർഥികളുടെ ആഗ്രഹത്തിനിടെയാണ് തീയതി മാറ്റം സംബന്ധിച്ച ചർച്ച സജീവമാകുന്നത്.