വേനല്‍ച്ചൂടില്‍ വടക്കന്‍ കേരളം ഉരുകുമ്പോള്‍ മധ്യ കേരളത്തില്‍ പല ജില്ലകളിലും കനത്ത മഴയും നാശനഷ്ടവും. കോട്ടയത്തും കൊച്ചിയിലും കനത്ത മഴയും കാറ്റും ഇടിമിന്നലും ഉണ്ടായി. കൊച്ചിയിലും മഴയും കാറ്റും നാശനഷ്ടം വിതച്ചു. കോട്ടയം ജില്ലയില്‍ പലയിടത്തും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് 20 മിനിറ്റോളം നീണ്ട ശക്തമായ കാറ്റും മഴയുമാണ് കൊച്ചി നഗരത്തില്‍ അനുഭവപ്പെട്ടത്. പാലാരിവട്ടം അടക്കം പലസ്ഥലത്തും കാറ്റില്‍ മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെടുകയും ചെയ്തു.
ശക്തമായ കാറ്റിനിടെ മരംവീണ് കൊച്ചിയില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമാണ് വ്യാഴാഴ്ച വൈകീട്ടോടെ വലിയ മരം വീണത്. മധുര സ്വദേശികളായ അരുണ്‍, കതിര്‍ എന്നിവര്‍ മരത്തിനടിയില്‍പ്പെട്ടു. ഇതില്‍ കതിര്‍ എന്ന യുവാവിന്റെ കാലിനാണ് ഗുരുതര പരിക്കേറ്റിട്ടുള്ളത്. അരുണിന്റെ പരിക്ക് നിസാരമാണ്.
