ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്റെ പ്രഖ്യാപനം. പ്രായം വളരെയായി. രോഗങ്ങള്‍ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. മൂന്ന് തവണ എം.എല്‍.എ. ആയി. ഒരു തവണ മന്ത്രിയായി. എന്നെ ആരോപണ വിധേയനാക്കി, സംശയത്തിന്റെ നിഴലിലാക്കി. എനിക്ക് ജനങ്ങളുടെ മുന്നില്‍ സത്യസന്ധത തെളിയിച്ച് തിരിച്ചു വരണമെന്നുണ്ടായിരുന്നു. അത് സാധിച്ചു. ഇനി തിരഞ്ഞെടുപ്പിലേക്കില്ല. പറഞ്ഞാലും മല്‍സരിക്കാനില്ല. എന്റെ നിലപാട് പാര്‍ടിയെ ബോധ്യപ്പെടുത്തും. പാര്‍ടി അത് മനസ്സിലാക്കും എന്നാണ് ഞാന്‍ കരുതുന്നത്. –ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സീറ്റ് കിട്ടാത്തതിലെ അസംതൃപ്തിയാണോ എന്ന ചോദ്യത്തിന് നിങ്ങള്‍ക്ക് എങ്ങിനെ വേണമെങ്കിലും വ്യാഖ്യാനിക്കാം എന്നായിരുന്നു ജയരാജന്റെ മറുപടി.
എഴുപത് വയസ്സ് അത്ര വലിയ പ്രായമാണോ എന്നും പിണറായി വിജയന്‍ ഇപ്പോഴും രംഗത്തുണ്ടല്ലോ എന്നും മാധ്യമപ്രതിനിധികള്‍ ആരാഞ്ഞപ്പോള്‍ പിണറായി വിജയന്‍ എത്രയോ മഹാനാണെന്നും അദ്ദേഹം എവിടെ ഞാനെവിടെ, അദ്ദേഹത്തിന് അടുത്തൊന്നും എത്താന്‍ കഴിയുന്നില്ലല്ലോ എന്നതാണ് എന്നെപ്പോലുള്ളവര്‍ ചിന്തിക്കുന്നതെന്നും ജയരാജന്‍ പ്രതികരിച്ചു. പാര്‍ടിയിലെ ഗ്രൂപ്പിസത്തിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും പിണറായി വിജയന്റെ വലംകൈ ആയി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ജയരാജന്‍. എം.വി.രാഘവന്റെ പുറത്താക്കലിനു ശേഷം പിണറായിയുടെ പാളയത്തില്‍ നിന്നും ഉയര്‍ത്തിക്കൊണ്ടുവന്ന പ്രധാന കണ്ണൂര്‍ നേതാവാണ് ജയരാജന്‍.

കണ്ണൂര്‍ മട്ടന്നൂര്‍ മണ്ഡലത്തിലെ ജനപ്രതിനിധിയായ ജയരാജന് ഇത്തവണ രണ്ടു തവണ മാനദണ്ഡപ്രകാരം സീറ്റ് നല്‍കിയിരുന്നില്ല. സി.പി.എം. കേന്ദ്രക്കമ്മിറ്റി അംഗമായ ജയരാജന്‍ 1991-ല്‍ അഴീക്കോട് നിന്നാണ് ആദ്യം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2011,2016 തവണകളില്‍ മട്ടന്നൂരില്‍ നിന്നും നിയമസഭയിലെത്തി. ഇപ്പോള്‍ മട്ടന്നൂരില്‍ മല്‍സരിക്കുന്നത് മറ്റൊരു കേന്ദ്രകമ്മിറ്റി അംഗവും മന്ത്രിയുമായ കെ.കെ.ശൈലജയാണ്.
മല്‍സരിക്കാന്‍ അവസരം ലഭിക്കാത്തതില്‍ ഇ.പി.ജയരാജന് നീരസം ഉണ്ടായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ജയരാജന്റെ ഇപ്പോഴത്തെ അപ്രതീക്ഷിതമായ തുറന്നു പറച്ചിലും പിന്‍മാറ്റത്തീരുമാനവും ഉള്ളിലെ അസംതൃപ്തിയുടെ പ്രതിഫലനമാണെന്ന തരത്തിലാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ഇതു സംബന്ധിച്ച ചോദ്യത്തിന് നിങ്ങള്‍ക്ക് എങ്ങിനെ വേണമെങ്കിലും വ്യാഖ്യാനിക്കാം എന്നാണ് ജയരാജന്‍ പ്രതികരിച്ചത് എന്നതും ശ്രദ്ധേയമാകുന്നു.
ദശാബ്ദങ്ങള്‍ക്കു മുമ്പ് പിണറായി-വി.എസ്. പോര് കടുത്തു നില്‍ക്കുന്ന കാലത്ത് ഒരിക്കല്‍ ഇ.പി.ജയരാജന്‍ അപ്രതീക്ഷിതമായി താന്‍ രാഷ്ട്രീയത്തില്‍ നിന്നു തന്നെ വിരമിക്കുകയാണെന്നും ഇനി ജീവകാരുണ്യപ്രവര്‍ത്തനം മാത്രമായി ജീവിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രഖ്യാപിക്കുകയുണ്ടായി. പാര്‍ടിക്കകത്ത് താന്‍ തഴയപ്പെടുന്നു എന്ന തോന്നല്‍ ഉണ്ടാക്കിയ ഒരു സംഭവത്തെ തുടര്‍ന്നായിരുന്നു ഈ പിന്‍മാറ്റ പ്രഖ്യാപനം. ഇപ്പോഴത്തെ പ്രഖ്യാപനവും അന്നത്തെപ്പോലെയുള്ള മാനസികാവസ്ഥയില്‍ നിന്നും വന്നതാണോ എന്നതും ചര്‍ച്ചാവിഷയമായിരിക്കയാണ്.