ശ്രീലങ്ക അടുത്തു തന്നെ മുസ്ലീം സ്ത്രീകള്‍ ധരിക്കുന്ന ബുര്‍ഖ നിരോധിക്കാന്‍ പോവുകയാണെന്ന് മഹീന്ദ രാജപക്‌സെ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നു. പൊതു സുരക്ഷാ വകുപ്പു മന്ത്രി ശരത് വീരശേഖര ആണ് സര്‍ക്കാരിന്റ നയം ആണ് ഇതെന്ന മുഖവുരയോടെ തീരുമാനം പ്രഖ്യാപിച്ചത്. ബുര്‍ഖ നിരോധനം മാത്രമല്ല നടപ്പാക്കുക, 1000 മദ്രസകള്‍ പൂട്ടിക്കുകയും ചെയ്യും.
ഭീകരവിരുദ്ധ നിയമം ഉപയോഗിച്ചാണ് ബുര്‍ഖ നിരോധനം. നിയമം ലംഘിക്കുന്നവര്‍ക്ക് മാത്രമല്ല, സര്‍ക്കാര്‍ സംശയിക്കുന്നവര്‍ക്കും രണ്ടു വര്‍ഷം വരെ തടവില്‍ കിടക്കേണ്ടിവരുന്ന വകുപ്പുകള്‍ ആണ് ഈ നിയമത്തിലുള്ളതെന്ന് കൊളംബോയില്‍ നിന്നും ദി ഹിന്ദു ദിനപത്രത്തിന്റെ പ്രതിനിധി മീര ശ്രീനിവാസന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
രണ്ടുകോടിയിലധികം ജനസംഖ്യയുള്ള ശ്രീലങ്കയില്‍ പത്ത് ശതമാനം മുസ്ലീങ്ങളാണ്. എന്നാല്‍ മുസ്ലീം സ്ത്രീകളില്‍ വളരെ ചെറിയൊരു ശതമാനം പേര്‍ മാത്രമേ ബുര്‍ഖ ധരിക്കാറുള്ളു ശ്രീലങ്കയില്‍. മുസ്ലീം സമുദായത്തിലെ സ്ത്രീകളെ ഉന്നം വെച്ചിട്ട് ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കഴിയുമോ എന്ന ചോദ്യം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നു.
2019 ഏപ്രിലില്‍ ഇ്സ്ലാമിക് സ്റ്റേറ്റ് പിന്തുണയോടെ കൊളംബോയില്‍ ഈസ്റ്റര്‍ നാളില്‍ ക്രിസ്ത്യന്‍ ദേവാലയത്തില്‍ നടന്ന ബോംബ് സ്‌ഫോടനത്തിനു ശേഷം പ്രഖ്യാപിച്ച അടിയന്തിരാവസ്ഥയുടെ ഭാഗമായി മുഖവസ്ത്രം ധരിക്കുന്നത് താല്‍ക്കാലികമായി നിരോധിച്ചിരുന്നു. ഈ സമയത്ത് പൊതുസ്ഥലങ്ങളിലും ബാങ്ക് പോലുള്ള സ്ഥാപനങ്ങളിലും സ്ത്രീകള്‍ ചോദ്യം ചെയ്യപ്പെടുകയും പ്രവേശനം വിലക്കപ്പെടുകയും ചെയ്തിരുന്നു.
2019 നവംബറില്‍ നടന്ന ശ്രീലങ്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ജയിച്ച ഗോതബായ രാജപക്‌സെ തിരഞ്ഞെടുപ്പു വാഗ്ദാനമായി നല്‍കിയിരുന്നത് ഭീകരപ്രവര്‍ത്തനം തച്ചുതകര്‍ക്കും, ദേശീയ സുരക്ഷ ഉറപ്പാക്കും എന്നതായിരുന്നു.