പിണറായി വിജയന് സമ്മതമല്ലാത്ത ഒരു കാര്യവും പറയാന്‍ തയ്യാറാവാത്ത നേതാവാണ് എം.എം.മണി. പിണറായിയുടെ ഉറ്റ വിധേയന്‍. മണി ശബരിമല വിഷയത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശങ്ങളോട് കടുത്ത പരസ്യവിമര്‍ശനം നടത്തിയിരിക്കുന്നു. മാത്രമല്ല, പാര്‍ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞതാണ് പാര്‍ടി നിലപാട് എന്നും മന്ത്രി മണി തുറന്നടിച്ചു. ഇതോടെ മുഖ്യമന്ത്രി നേരിട്ട് അതൃപ്തി പ്രകടിപ്പിച്ചില്ലെങ്കിലും കടകംപള്ളിയോട് അദ്ദേഹത്തിന് ശബരിമല പ്രതികരണക്കാര്യത്തില്‍ കടുത്ത എതിര്‍പ്പാണുള്ളതെന്ന് വ്യക്തമായിരിക്കയാണ്. മീഡിയവണ്‍ ന്യൂസ് ചാനലിലാണ് മന്ത്രി മണി വിമര്‍ശനം തുറന്നു പറഞ്ഞത്.
‘അയാള്‍ വെറുതെ വിഡ്ഡിത്തം പറയുന്നതാണ്. ഒരു കാര്യവുമില്ല. അത് പറയേണ്ട കാര്യം അയാള്‍ക്ക് എന്താണുള്ളത്? എന്തെങ്കിലുമുണ്ടെന്ന് തോന്നിന്നില്ല. എനിക്ക് അതിനോടൊന്നും യോജിപ്പുമില്ല. കേസ് വിശാലബെഞ്ചിന്റെ പരിഗണനയിലാണ്. അത് അന്ന് പറ്റിയ വിഢ്ഢിത്തമാണെന്ന് പറയാന്‍ അയാള്‍ക്ക് എന്താണ് അധികാരം? ഖേദം പ്രകടിപ്പിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. പുള്ളി കയറി ഏറ്റതാണ്. അതിനൊന്നും പാര്‍ട്ടിക്ക് ഉത്തരവാദിത്വമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല,’ മന്ത്രി മണി അഭിമുഖത്തില്‍ പറഞ്ഞു.
കടകംപള്ളി തെരഞ്ഞെടുപ്പായതുകൊണ്ടൊന്നും പറഞ്ഞതല്ല. ബുദ്ധിമോശംകൊണ്ട് പറഞ്ഞതാണെന്നും എം.എം. മണി പരിഹസിച്ചു. ഖേദംപ്രകടിപ്പിക്കാന്‍ ആരെയും പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടില്ലെന്നും എം.എം. മണി പറഞ്ഞു.
സിപിഐ നേതാവ് ആനി രാജ പറഞ്ഞതിലും ശരിയുണ്ടെന്ന് മണി പറഞ്ഞു.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധി ലിംഗസമത്വവുമായി ബന്ധപ്പെട്ടതാണ്. സംസ്ഥാനത്തെ ഒരു മന്ത്രി എന്തെങ്കിലും പറഞ്ഞതുകൊണ്ട് ഇടതുപക്ഷ നിലപാട് മാറില്ലെന്നായിരുന്നു സിപി ഐ അഖിലേന്ത്യാനേതാവും ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ആനിരാജയുടെ പ്രതികരണം.