അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം വന്നുകഴിഞ്ഞാല്‍ ഉടനെ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാന്‍ ബി.ജെ.പി. നീക്കം നടത്തുന്നതായി രാഷ്ട്രീയ അഭ്യൂഹം. എല്ലാ മാസവും 100 കോടി രൂപ വീതം പിരിക്കാന്‍ നിര്‍ബന്ധിച്ചു എന്ന മുന്‍ പൊലീസ് കമ്മീഷണറുടെ വെളിപ്പെടുത്തല്‍, മുകേഷ് അംബാനിയുടെ വീടായ ആന്റിലയ്ക്കു മുന്നില്‍ ദുരൂഹ സാഹചര്യത്തില്‍ കാണപ്പെട്ട കാറുമായി ബന്ധപ്പെട്ട് ഒരു പൊലീസ് ഓഫീസര്‍ പ്രതിയാക്കപ്പെട്ട സംഭവം, ഇതുമായി ബന്ധപ്പെട്ട് ഒരു വര്‍ക്ക്ഷാപ്പ് ഉടമ കൊല്ലപ്പെട്ട സംഭവം ഇവയാണ് ബി.ജെ.പി.ക്ക് രാഷ്ട്രീയമുതലെടുപ്പിന് ചില പഴുതുകള്‍ നല്‍കിയിരിക്കുന്നത്. മെയ് രണ്ടിന് തിരഞ്ഞെടുപ്പു ഫലം വന്നുകഴിഞ്ഞാല്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള സാധ്യതയാണ് അവിടുത്തെ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഉയരുന്നത്.
മഹാരാഷ്ട്രയില്‍ ഭരണം പിടിക്കാന്‍ കഴിയാത്തതില്‍ ബി.ജെ.പി.ക്കും കേന്ദ്രസര്‍ക്കാരിനും വലിയ ഇച്ഛാഭംഗം നേരത്തെ ഉണ്ട്. 2019-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് 105 സീറ്റും ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന് 154 സീറ്റും ഉണ്ടായിരുന്നു. ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ആ പഴുതില്‍ എന്‍.സി.പി. നേതാവായ അജിത്പവാറിനെ ഉപയോഗിച്ച് ഒരു കളി നേരത്തെ ബി.ജെ.പി. കളിച്ചതാണ്. കൂടുതല്‍ സീറ്റുള്ള പാര്‍ടിയുടെ നേതാവായ ബി.ജെ.പി. മുന്‍ മുഖ്യമന്ത്രി കൂടിയായ ദേവേന്ദ്ര ഫഡ്‌നാവിസിനെ ഒരു ദിവസം അപ്രതീക്ഷിതമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിക്കുകയും ചെയ്തു. എന്നാല്‍ അജിത് പവാര്‍ കാലുമാറിയില്ല. അതോടെ ആ പദ്ധതി പൊളിഞ്ഞു. കേന്ദ്രസര്‍ക്കാരിനും ബി.ജെ.പി.ക്കും നിരന്തരം അസ്വസ്ഥത ഉണ്ടാക്കുന്ന സര്‍ക്കാരാണ് ശിവസേനയുടെ നേതൃത്വത്തിലുള്ളത്. കൊങ്കണ റണാവത് ഉള്‍പ്പെടെയുള്ളവരെ രംഗത്തിറക്കി ബി.ജെ.പി. നിരന്തരം മഹാരാഷ്ട്ര സര്‍ക്കാരിനെ ശല്യം ചെയ്യുന്നത് പതിവാണ്. എന്നാലിപ്പോള്‍ ബി.ജെ.പി.ക്ക് ചില ആഭ്യന്തര വിഷയങ്ങള്‍ വീണുകിട്ടിയിരിക്കയാണ്.