തിരഞ്ഞെടുപ്പു പ്രക്രിയയില്‍ ഒരുതരത്തിലും അഭികാമ്യമല്ലാത്ത ബാഹ്യ ഇടപെടലാണ് പ്രീ-പോള്‍ സര്‍വ്വെകള്‍ എന്ന് പ്രശസ്ത എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ സക്കറിയ. മുന്‍കൂര്‍ അറിവുകള്‍, പ്രവചനങ്ങള്‍ ജനങ്ങളിലേക്ക് പ്രക്ഷേപിക്കുന്നത് തിരഞ്ഞെടുപ്പിന്റെ സ്വതന്ത്രമായ സ്വഭാവത്തെയും നിഷ്പക്ഷതയെയും ഹനിക്കുകയാണെന്നതിന് സംശയമില്ലെന്നും സക്കറിയ ചൂണ്ടിക്കാട്ടുന്നു.
ഓരോ സര്‍വ്വെ വരുമ്പോഴും വോട്ടര്‍മാരുടെ മനസ്സില്‍ ഒരു മുന്‍കൂര്‍ ചിന്ത വ്യാപിപ്പിക്കുകയാണ് ഓരോ സര്‍വ്വെയും. സ്ഥാനാര്‍ഥികള്‍ ജനത്തെ സ്വാധീനിക്കുന്നത് നമുക്ക് മനസ്സിലാക്കാം. അവര്‍ അവരുടെ രാഷ്ട്രീയം പറയുന്നു, വാഗ്ദാനം നല്‍കുന്നു…അതൊക്കെ നടക്കുന്നു. പക്ഷേ സര്‍വ്വെകള്‍ അത് മാധ്യമങ്ങള്‍ നടത്തുന്നതായാലും ആര് നടത്തുന്നതായാലും തിരഞ്ഞെടുപ്പു പ്രക്രിയയെ ഒരു പ്രഹസനമാക്കിത്തീര്‍ക്കുന്നു. അല്‍പം പോലും ആരോഗ്യകരമായ നടപടിയല്ല. കേരളത്തില്‍ത്തന്നെ അരഡസന്‍ സര്‍വ്വെയെങ്കിലും വന്നു. ഇതെല്ലാം ആളുകള്‍ക്ക് ഉള്ളിലൂടെ ഒരു സന്ദേശം നല്‍കിയിരിക്കയാണ്, നിങ്ങള്‍ ജനങ്ങള്‍ ഇങ്ങനെയാണ് ചിന്തിക്കുന്നത് എന്ന് ഉപബോധ മനസ്സില്‍ അടിച്ചേല്‍പിക്കുകയാണ്. യഥാര്‍ഥത്തില്‍ ഇങ്ങനെയൊന്നും ആയിരിക്കില്ല ജനം ചിന്തിക്കുന്നത്. ഇത് ഒരു സാംപ്ലിങ്ങാണ്. എത്ര പേരുടെ എടുത്തു എന്ന് പറഞ്ഞാലും പരിമിതിയുണ്ട്. ഇനി ഇത്, സര്‍വ്വെയില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെന്ന് കരുതുക. എങ്കില്‍ പോലും എന്തിന് വേണ്ടിയിട്ടാണ് ഇത് എന്ന ചോദ്യമുണ്ട്.


സ്വതന്ത്രമായ തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന ഒന്നാണ് അഭിപ്രായ തിരഞ്ഞെടുപ്പുകള്‍. നമ്മുടെ മനസ്സില്‍ ഒരു ആശയമുണ്ട്. ഒരു അഭിപ്രായമുണ്ട്. നമുക്ക് ഒരു ജഡ്ജ്‌മെന്റ് ഉണ്ട്. അതിന് നല്‍കുന്നതാണ് വോട്ട്. ഇതിനെ ബാധിക്കുകയാണ് സര്‍വ്വെകള്‍. ഇന്ന കൂട്ടരാണ് ജയിക്കാന്‍ പോകുന്നത് എന്ന ധാരണ തുടര്‍ച്ചയായി വീണ്ടും വീണ്ടും ജനങ്ങളിലേക്ക് കടത്തിവിടുമ്പോള്‍ അതിന്റെ പ്രത്യാഘാതം, ഫലം എന്താണെന്നു വെച്ചാല്‍, അവരാണ് ജയിക്കാന്‍ പോകുന്നതെങ്കില്‍ പിന്നെ നമ്മളെന്തിനാണ് തോല്‍ക്കാന്‍ പോകുന്ന ആള്‍ക്ക് വോട്ടു ചെയ്യുന്നത് എന്ന ഒരു തോന്നല്‍ വരുന്നുണ്ട്.–സക്കറിയ വിലയിരുത്തുന്നു. ഏഷ്യാവില്ലെ മലയാളം ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഇടതുപക്ഷത്തിന് വോട്ടു ചെയ്യുന്ന ആള്‍ എന്ന നിലയ്ക്ക് തനിക്ക് സര്‍വ്വെ ഫലത്തില്‍ അസ്വസ്ഥതയില്ലെങ്കിലും പൗരന്‍ എന്ന നിലയ്ക്ക് ഈ രീതി ശരിയല്ലെന്ന് സക്കറിയ പറയുന്നു. ഇത്തരത്തിലുള്ള മുന്‍കൂര്‍ അറിവുകള്‍, പ്രവചനങ്ങള്‍ ജനങ്ങളിലേക്ക് പ്രക്ഷേപിക്കുന്നത് തിരഞ്ഞെടുപ്പിന്റെ സ്വതന്ത്രമായ സ്വഭാവത്തെയും നിഷ്പക്ഷതയെയും ഹനിക്കുകയാണെന്നതിന് സംശയമില്ല.
കുതിരപ്പന്തയത്തിലെ വാതുവെപ്പു പോലെ
മാധ്യമങ്ങള്‍ നടത്തുന്ന സര്‍വ്വെകള്‍ ഒരു കുതിരപ്പന്തയത്തിലെ വാതുവെപ്പു പോലെ, ചൂതുകളി പോലെയാണ്. മറ്റൊരു വേര്‍ഷനാണ്. മാധ്യമങ്ങള്‍ തിരഞ്ഞെടുപ്പു പ്രക്രിയ പോലെ ഗൗരവമുള്ള ഒരു നടപടിക്രമത്തെ ഐ.പി.എല്‍. പോലെ ഒരു കളിയായിട്ടാണ് അവതരിപ്പിക്കുന്നത്. മല്‍സരക്കാഴ്ചയായി അധപതിപ്പിച്ചു. അതിന്റെ ഭാഗമായാണ് ഇത്തരം സര്‍വ്വെ കളികള്‍. ജനാധിപത്യത്തിന് ഇത്രമാത്രം വില കൊടുത്താണ് ഇത് നടത്തുന്നത്. മാധ്യമങ്ങള്‍ കാണിക്കുന്ന ജനവഞ്ചനയാണിത്. പ്രത്യേകിച്ച് ഇലക്ട്രോണിക് മാധ്യമങ്ങള്‍ ഇതിനെ ഒരു കണ്ണഞ്ചിപ്പിക്കുന്ന ബിസിനസ്സ് ആയിട്ടാണ് കാണുന്നത്. തിരഞ്ഞെടുപ്പു പോലെ പരമ പ്രധാനമായ ഒരു പ്രക്രിയയെ വില്‍ക്കാന്‍ വെക്കുകയാണ് ഇലക്ട്രോണിക് മാധ്യമങ്ങള്‍ ചെയ്യുന്നത്-സക്കറിയ വിമര്‍ശിക്കുന്നു.
മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള സാമ്പിള്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിലൂടെ മാധ്യമസര്‍വ്വെകള്‍ തീര്‍ത്തും നവോത്ഥാന വിരുദ്ധമായ വില്‍പനകളാണ് നടക്കുന്നത്. ഇവര്‍ എന്തിനെയും വില്‍ക്കും. ഹൃദയശൂന്യമായ കച്ചവടമാണ് ഇപ്പോള്‍ നടക്കുന്നത്. മീഞ്ചന്തയിലുള്ളതു പോലുള്ള കോലാഹലമാണ് മിക്ക സര്‍വ്വെകളിലും നടക്കുന്നത്.