ബി.ജെ.പി. സ്ഥാനാര്‍ഥികളുടെ പത്രികകള്‍ തലശ്ശേരിയിലും ഗുരുവായൂരിലും ദേവീകുളത്തും തളളിപ്പോയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്കു മാറ്റി. അതേസമയം പത്രിക തള്ളിയതിനെ സംബന്ധിച്ച പരാതിയില്‍ ഇലക്ഷന്‍ ഫലപ്രഖ്യാപനത്തിനു ശേഷമേ കോടതിക്ക് ഇടപെടാന്‍ കഴിയൂ എന്ന് കോടതിയില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ വാദിച്ചു.
തലശേരിയിലെ സ്ഥാനാർഥി എൻ. ഹരിദാസ്, ഗുരുവായൂരിലെ സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യം എന്നിവരുടെ ഹർജി പരിഗണിക്കുന്നതാണു മാറ്റിയത്. തിങ്കളാഴ്ച എതിർ സത്യവാങ്മൂലം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കി.
കേസില്‍ കക്ഷി ചേരാന്‍ തലശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അപേക്ഷ നല്‍കി. തങ്ങളോടു രണ്ടുനീതിയെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ ആരോപിച്ചു. പത്രികയില്‍ സംഭവിച്ചത് സാങ്കേതിക പിഴവെന്നും അവർ വ്യക്തമാക്കി. തെറ്റുകള്‍ തിരുത്താന്‍ പറ്റുന്നവയാണ്. എന്നാല്‍ വരണാധികാരി അതിന് അവസരം നല്‍കിയില്ല. കൊണ്ടോട്ടിയിലും പിറവത്തും ഫോം ബി തിരുത്താന്‍ അവസരം നല്‍കിയെന്നും വാദിച്ചു.