ലതിക സുഭാഷിന്റെ വേറിട്ട പ്രതിഷേധം കോണ്‍ഗ്രസിന് തീരാ നാണക്കേടായിരിക്കുന്നു. പ്രതിഷേധിച്ച് സ്ഥാനങ്ങള്‍ രാജിവെക്കുക എന്നത് സാധാരണ കാണാറുള്ളതാണ്. പക്ഷേ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് കെ.പി.സി.സി. ആസ്ഥാനത്തിനു മുന്നില്‍ വെച്ചു തന്നെ തല മുണ്ഡനം ചെയ്ത അതേ മാതൃകയില്‍ ലതിക സുഭാഷ് പ്രതിഷേധിച്ചതിന് വളരെ ഗൗരവതരമായ മാനങ്ങളാണുള്ളത്.
എ.ഐ.സി.സി. നടത്തിയ സര്‍വ്വേയില്‍ പോലും പാസ്സ് മാര്‍ക്ക് വാങ്ങിയ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ കൂടിയായ ലതിക സുഭാഷിന് സീറ്റ് നിഷേധിച്ചത് ഉയര്‍ത്തുന്ന അലയൊലികള്‍ കോണ്‍ഗ്രസിനകത്ത് എളുപ്പം കെട്ടടങ്ങാന്‍ പോകുന്നില്ല. അല്ലെങ്കില്‍ ഇനി തീരുമാനിക്കാനുള്ള ഏതാനും സീറ്റുകളില്‍ അവരെ ഉള്‍പ്പെടുത്തണം.
പാര്‍ട്ടിക്ക് വേണ്ടി പതിറ്റാണ്ടുകളായി പണിയെടുക്കുന്ന വനിതകളെ പട്ടികയില്‍ തഴഞ്ഞുവെന്ന് ആരോപിച്ചുകൊണ്ടാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ ലതിക മാധ്യമങ്ങളെ കണ്ടത്. വികാരഭരിതയായാണ് അവര്‍ തന്റെ വിഷമം പങ്കുവെച്ചത്. തന്റെ പാര്‍ട്ടിയിലേക്കുളള വരവും വര്‍ഷങ്ങള്‍ നീണ്ട പാര്‍ട്ടി പ്രവര്‍ത്തനവും ലതികാസുഭാഷ് എണ്ണിയെണ്ണി പറഞ്ഞു. ഒരു തിരുത്തല്‍ വരുത്തേണ്ടത് ഈ ഘട്ടത്തിലാണ് അതിനാലാണ് തിരഞ്ഞെടുപ്പ് ഘട്ടം തന്നെ പ്രതിഷേധത്തിന് തിരഞ്ഞെടുത്തത് എന്നായിരുന്നു ലതികയുടെ പ്രതികരണം. മറ്റൊരുപാര്‍ട്ടിയിലേക്ക് പോകില്ലെന്ന് വ്യക്തമാക്കിയ അവര്‍ കോണ്‍ഗ്രസുകാരിയായി തുടരുമെന്നും വ്യക്തമാക്കി. സ്വതന്ത്രയായി മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും പറഞ്ഞു.