പൊന്നാനിയില്‍ പി.നന്ദകുമാറിനെ സ്ഥാനാര്‍ഥിയായി വേണ്ടെന്നും ടി.എം.സിദ്ദിഖിനെ വേണമെന്നും ആവശ്യപ്പെട്ടും സി.പി.എമ്മിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചും പാര്‍ടി അനുഭാവികളും പ്രവര്‍ത്തകരും ഉള്‍പ്പെട്ട ജനക്കൂട്ടം നടത്തിയ പ്രതിഷേധപ്രകടനത്തില്‍ സാമുദായികവും വര്‍ഗീയവുമായ ചില ശ്രമങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് സൂചന.
പൊന്നാനി പോലുള്ള സ്ഥലങ്ങളില്‍ വര്‍ഗീയമായ മുതലെടുപ്പിലേക്ക് സി.പി.എമ്മില്‍ തന്നെ ചിലര്‍ ശ്രമം നടത്തിയതായും സംശയിക്കണം. ഇത്തരം മനോഭാവങ്ങളെ പരിഗണിക്കാതെയുള്ള സമീപനമായിരുന്നു സി.പി.എം. വര്‍ഷങ്ങളായി സ്വീകരിച്ചിരുന്നത്. കറ കളഞ്ഞ പാര്‍ടി പ്രവര്‍ത്തകനും മൂന്നു തവണ ഏരിയാ സെക്രട്ടറിയുമായ ടി.എം.സിദ്ദിഖിനെ മുന്‍നിര്‍ത്തി ഇത്തരം വര്‍ഗീയച്ഛായക്ക് ശ്രമം ഉണ്ടായോ എന്ന കാര്യമാണ് ചര്‍ച്ചയാകുന്നത്. എന്തായാലും ഇത്തരം പ്രവണത ഒരു കാരണവശാലും അനുവദിക്കില്ല എന്ന നിലപാട് സി.പി.എമ്മിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്.
പൊന്നാനിയിലെ പ്രതിഷേധപ്രകടനത്തിൽ പങ്കെടുത്ത ആളുകളും മുഴങ്ങിക്കേട്ട മുദ്രവാക്യങ്ങളും വ്യക്തമായ സൂചനകളാണ് നൽകുന്നത്. സി.ഐ.ടി.യു. ദേശീയ സെക്രട്ടറി പി. നന്ദകുമാറിനെ പൊന്നാനിയിൽ മത്സരിപ്പിക്കാനുള്ള സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം പുറത്തുവന്നതുമുതൽ പാർട്ടി അകത്തളങ്ങളിൽ പുകഞ്ഞിരുന്ന പ്രതിഷേധമാണ് തിങ്കളാഴ്ച മറ നീക്കി തെരുവിലിറങ്ങിയത്. നേതൃത്വത്തെ പേരെടുത്ത് പറയാതെ വിമർശിക്കുന്ന മുദ്രവാക്യം ഉയർത്തിയിരുന്നെങ്കിലും ഏറെ മുഴങ്ങിക്കേട്ടത് സിദ്ദീഖിനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യമാണ്. മണ്ഡലത്തിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ കാഴ്ചവെച്ച എം.എൽ.എ. ആണ് പി.ശ്രീരാമകൃഷ്ണൻ. ഇത്തവണ അദ്ദേഹം മത്സരിച്ചാൽ വിജയം സുനിശ്ചിതമാണെന്ന വിലയിരുത്തലും ഉണ്ടായിരുന്നു. എന്നിട്ടും രണ്ട് തവണ മത്സരിച്ചതിൻ്റെ പേരിൽ അദ്ദേഹം മാറ്റി നിർത്തപ്പെടുമ്പോൾ നഗരത്തിൽ രണ്ട് പോസ്റ്ററ്റുകൾ പ്രത്യക്ഷപ്പെട്ടതല്ലാതെ കാര്യമായ പ്രതിഷേധം ഉയർന്നിരുന്നില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അതായത് ശ്രീരാമകൃഷ്ണന്‍ ഇല്ലെങ്കിലും പ്രശ്‌നമില്ല എന്ന വികാരം ഉണ്ടായിരുന്നു എന്നു വ്യംഗ്യം. എന്നാല്‍ പകരം ടി.എം. സിദ്ദിഖല്ല എന്നറിഞ്ഞപ്പോള്‍ പ്രതിഷേധത്തിന്റെ സ്വഭാവം മാറുകയും അതിന് വലിയ പങ്കാളിത്തം ഉണ്ടാവുകയും ചെയ്തു എന്നതാണ് വര്‍ഗീയമായ മനോഭാവം ഇക്കാര്യത്തിലുണ്ടായിരുന്നോ എന്ന സംശയത്തിലേക്ക് നയിക്കുന്നത്.
2011-ൽ പാലോളി മുഹമ്മദ്കുട്ടി മത്സര രംഗത്തു നിന്ന് മാറിയപ്പോൾ മുതൽ ടി.എം. സിദ്ദീഖിൻ്റെ പേര് ഉയർന്നു കേട്ടിരുന്നു. എന്നിട്ടും രണ്ട് തവണ പി. ശ്രീരാമകൃഷ്ണന് പാർട്ടി അവസരം നൽകി. ഇനി അവസരം സിദ്ദിഖിന് നല്‍കണം എന്ന വികാരമായിരുന്നു പൊന്നാനിയില്‍ പാര്‍ടി അനുഭാവികളില്‍ ഉണ്ടായിരുന്നത്.
ഈ വികാരത്തിനിടയിലേക്കാണ് പാർട്ടി നേതൃത്വം പി.നന്ദകുമാര്‍ എന്ന പേര് മുകളില്‍ നിന്നും അടിച്ചേല്‍പിച്ചത്. സാമുദായിക സൗഹാര്‍ദ്ദത്തില്‍ മികച്ചു നില്‍ക്കുന്ന കേന്ദ്രമാണ് പൊന്നാനി. എന്നാല്‍ ഇവിടെ സാമുദായികമായ ഒരു വൈകാരികത സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പില്‍ സി.പി.എമ്മില്‍ കൊണ്ടുവരാന്‍ നോക്കുന്ന അവസ്ഥ നേരത്തെ തന്നെ ചെറിയ തോതില്‍ ഉണ്ടായിരുന്നു. എന്നാല്‍ പാര്‍ടി നേതൃത്വം അതിന് അനുവദിച്ചില്ല. ശ്രീരാമകൃഷ്ണന്റെ സ്ഥാനാര്‍ഥിത്വം തന്നെ അതിന് തെളിവായിരുന്നു. എന്നാല്‍ ശ്രീരാമകൃഷ്ണന്‍ മാറി നന്ദകുമാര്‍ വരുമ്പോള്‍ ഉണ്ടാകുന്ന പ്രതിഷേധത്തില്‍ സാമുദായിക മനോഭാവത്തിന് മുന്‍കൈ ഉണ്ടായി എന്ന് വലിയിരുത്തുന്നവര്‍ പൊന്നാനിയിലുണ്ട്. സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കുക എന്നത് പാര്‍ടിക്കാരുടെ ആവശ്യമാകുമ്പോഴും സിദ്ദിഖിനു പകരം മറ്റൊരു മുസ്ലീം നാമധാരിയായ സഖാവിനെയാണ് തീരുമാനിച്ചിരുന്നതെങ്കില്‍ സിദ്ദിഖിനു വേണ്ടി മാത്രമായി ഇത്ര വലിയ പ്രതിഷേധം അരങ്ങേറുമായിരുന്നില്ല എന്ന് പൊന്നാനിയിലെ പേരു വെളിപ്പെടുത്താനിഷ്ടമില്ലാത്ത ഒരു സി.പി.എം. പ്രവര്‍ത്തകന്‍ അഭിപ്രായപ്പെട്ടു.
പൊന്നാനിയിൽ നിഴലിച്ച വർഗീയത ബി.ജെ.പി. തുറന്നുകാട്ടാൻ തുടങ്ങിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രചാരണമാണ് അവർ നടത്തി കൊണ്ടിരിക്കുന്നത് ‘
പ്രതിഷേധം തെരുവിലിറങ്ങിയതോടെ പി.നന്ദകുമാറിനെ ഇനി ആവശ്യമെങ്കില്‍ മാറ്റാനുള്ള സാധ്യത പോലും അടയുകയാണ് ഉണ്ടായത്. അത്തരത്തിൽ ഒരു മാറ്റത്തിന് വഴങ്ങിയാൽ അത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽക്കുകയെന്ന തിരിച്ചറിവ് സി.പി.എം. നേതൃത്വത്തിനുണ്ട്.
ഒഴിവാക്കാവുന്ന ഒരു ചേരിതിരിവിനാണ് സി.പി.എം. വഴിമരുന്നിട്ടതെന്ന് പൊന്നാനി മണ്ഡലത്തിലെ മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്ക് അഭിപ്രായമുണ്ട്. ടി.എം.സിദ്ദിഖിന് ടിക്കറ്റ് കിട്ടാന്‍ അര്‍ഹതയുള്ളതാണ്. വളരെ ജനകീയനായ മുഖമാണ്. പല തവണ ഉയര്‍ന്ന പേരായതിനാല്‍ ഇത്തവണ ശ്രീരാമകൃഷ്ണന്‍ മാറുമ്പോള്‍ സിദ്ദിഖിനെ ഇഷ്ടപ്പെടുന്നവര്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം ആവശ്യപ്പെടുന്നതില്‍ എന്താണപാകത. എന്നാല്‍ അത് അംഗീകരിക്കാതെ മേലെ നിന്നും സ്ഥാനാര്‍ഥിയെ തീരുമാനിച്ച് ഇങ്ങോട്ടു നിര്‍ദ്ദേശിച്ചപ്പോള്‍ പ്രവര്‍ത്തകരില്‍ വിഷമവും രോഷവും ഉണ്ടാകുക സ്വാഭാവികം. ജമീലയ്ക്ക് മാറേണ്ടിവന്നത് എന്തുകൊണ്ടാണ്, കോഴിക്കോട്ട് സിനിമാക്കാരന്‍ രഞ്ജിത്തിന് മാറേണ്ടിവന്നത് എന്തുകൊണ്ടാണ്…അത് നോക്കിയാല്‍ മതി. പ്രവര്‍ത്തകരുടെ രോഷം ഉണര്‍ത്തി ഇപ്പോഴത് ശരിയല്ലാത്ത മനോഭാവത്തിലേക്കെത്തിച്ചത് പാര്‍ടിയുടെ തന്ത്രപരമായ പരാജയമാണ്–ചമ്രവട്ടത്തെ ഒരു മുതിര്‍ന്ന പാര്‍ടി അനുഭാവി ടെലഫോണില്‍ സംസാരിക്കുമ്പോള്‍ പറഞ്ഞു.
പൊന്നാനിക്കോട്ട പിടിക്കാന്‍ യു.ഡി.എഫ്. ഈ സാഹചര്യം മുതലെടുക്കുമോ എന്നാണ് ഇനി കൗതുകകരം. സി.പി.എമ്മില്‍ ഇപ്പോള്‍ ഉയരുന്ന നീരസത്തിലൂടെ ലഭ്യമാകാനിടയുള്ള നെഗറ്റീവ് വോട്ടുകള്‍ പിടിച്ചെടുക്കാന്‍ പ്രായോഗികമായി സാധിക്കുന്ന വ്യക്തിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ വിജയസാധ്യത പ്രവചിക്കപ്പെടുന്നുണ്ട്. സാമുദായികമായ ഇഷ്ടാനിഷ്ടങ്ങള്‍ വോട്ടാക്കുന്നതിനായി അത്തരം സ്ഥാനാര്‍ഥികളെ ഫീല്‍ഡ് ചെയ്യുന്ന പതിവ് ഇപ്പോള്‍ പുതുമയല്ല.