മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ അധ്യാപനത്തിലൂടെ നേടിയ, രണ്ട് തലമുറകളിലായി പരന്നുകിടക്കുന്ന അപാരമായ ശിഷ്യസമ്പത്ത്, സ്വന്തം നാട്ടുവഴികളില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന ഹൃദ്യമായ സൗഹൃദത്തിന്റെ ഇഴയടുപ്പങ്ങള്‍–ഇതു മാത്രം മതി അബ്ദുള്‍ വഹാബ് മാഷിനെ വള്ളിക്കുന്നിന് പ്രിയങ്കരനാക്കാന്‍.
സ്ഥാനാര്‍ഥിയെ തീരുമാനിച്ചു പറയാന്‍ എതിരാളികള്‍ കാത്തുനില്‍ക്കുമ്പോള്‍ വഹാബ് മാഷ് തന്റെ നാട്ടുവഴികളിലൂടെ കുശലം പറഞ്ഞ്, പിന്തുണ തേടി ബഹുദൂരം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. ഇത്തവണ ഞങ്ങടെ മാഷിന്–ഇതാണ് ഈ കൊവിഡ് കാലത്തും വള്ളിക്കുന്നുകാര്‍ പ്രൊഫ. അബ്ദുള്‍ വഹാബിന് ഉറപ്പു നല്‍കുന്ന അടുപ്പം. ഉറപ്പാണ് ഇടതു പക്ഷം എന്ന് പറഞ്ഞ് വഹാബ് മാസ്റ്റര്‍ സൗമ്യമായി ചിരിക്കുന്നു, ആത്മവിശ്വാസത്തിന്റെ പുഞ്ചിരി.
മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് നിയോജക മണ്ഡലം മുസ്ലീംലീഗിന്റെ ശക്തികേന്ദ്രമാണ്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ മാത്രമാണ് ഇടതുപക്ഷത്തിന് മേല്‍ക്കൈ. പള്ളിക്കല്‍, ചേലേമ്പ്ര, തേഞ്ഞിപ്പലം, പെരുവള്ളൂര്‍, മൂന്നിയൂര്‍ എന്നീ അഞ്ച് പഞ്ചായത്തുകളില്‍ യു.ഡി.എഫ്. ഭരിക്കുന്നു. എന്നാല്‍ ഇത്തവണ നാട്ടുകാരന്‍ തന്നെ ഇടതു സ്ഥാനാര്‍ഥിയായി ജനവിധി തേടുമ്പോള്‍ വോട്ടുകള്‍ വ്യക്തിസൗഹൃദത്തിനായി വഴിമാറി വീഴും എന്നതാണ് പ്രചാരണത്തിന്റെ ആദ്യഘടത്തില്‍ ലഭിക്കുന്ന സൂചന. ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ തന്നെയാണ് മുസ്ലീംലീഗിന്റെ ഇനിയും പ്രഖ്യാപിക്കാനിരിക്കുന്ന സ്ഥാനാര്‍ഥിയെ തറപറ്റിക്കാന്‍ ജനവിധി തേടുന്നത്.
സ്വന്തം തട്ടകത്തിന്റെ സ്‌നേഹം
തേഞ്ഞിപ്പലം സ്വദേശിയായ പ്രൊഫ. അബ്ദുള്‍ വഹാബ് 31 വര്‍ഷം തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. അതിലൂടെ ആര്‍ജ്ജിച്ച ശിഷ്യസമ്പത്ത് തന്റെ മണ്ഡലത്തിലെ വലിയൊരു വോട്ട് ബാങ്ക് ആണ് എന്നതാണ് മാഷിന്റെ നാട്ടുതട്ടകത്തിലെ ഏറ്റവും വലിയ അനുകൂല ഘടകം.
ആദ്യഘട്ട പ്രചാരണത്തില്‍ യു.ഡി.എഫിനേക്കാളും മുന്നേറിക്കഴിഞ്ഞിരിക്കയാണ് വഹാബ് മാഷ്. എതിര്‍സ്ഥാനാര്‍ഥി ആരാണെന്ന് തീരുമാനം വരാനിരിക്കുന്നതേയുള്ളൂ. കഴിഞ്ഞ തവണ ജയിച്ചത് പി.അബ്ദുള്‍ ഹമീദാണ്. എന്നാല്‍ ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. ഇടതു സ്ഥാനാര്‍ഥിയായ അബ്ദുള്‍വഹാബ് തന്റെ സ്വന്തം നാട്ടിലാണ് ജനവിധി തേടുന്നത്. എതിര്‍ക്കാന്‍ ആരു വന്നാലും സ്വന്തം തട്ടകത്തിന്റെ സ്‌നേഹം തന്നെത്തേടി വരുമെന്ന വിശ്വാസം വഹാബ് മാഷ്‌ക്ക് ഉണ്ട്. പ്രവര്‍ത്തകരും അത് ശരിവെക്കുന്നു.
ഐ.എന്‍.എല്‍-ന്റെ സീറ്റായ വള്ളിക്കുന്നില്‍ 2016-ല്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി പി.അബ്ദുല്‍ ഹമീദിന് ലഭിച്ചത് 12610 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു. ബി.ജെ.പി. സ്ഥാനാര്‍ഥി 22,887 വോട്ട് പിടിച്ച് ശ്രദ്ധേയമായ പ്രകടനവും കാഴ്ചവെച്ചു. ഇത്തവണ രാഷ്ട്രീയേതരമായി ധാരാളം വോട്ടുകള്‍ വ്യക്തി, ശിഷ്യബന്ധത്തിന്റെ അടിസ്ഥാനത്തില്‍ അബ്ദുള്‍ വഹാബിന് കിട്ടും എ്ന്ന് ഉറപ്പായിക്കഴിഞ്ഞിട്ടുണ്ട്. ഒപ്പം സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ധാരാളം രാഷ്ട്രീയ വോട്ടുകളും ഇടതുസ്ഥാനാര്‍ഥിക്ക് ലഭിക്കും എന്നാണ് കണക്കുകൂട്ടുന്നത്.
സംസ്ഥാനത്തെ പ്രധാന വിദ്യാഭ്യാസ, സാമുഹ്യ, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രൊഫ. അബ്ദുള്‍ വഹാബ് പൊതുമണ്ഡലത്തില്‍ സമ്മതനാണ്. ജയിച്ചാല്‍ ഒരു എം.എല്‍.എ.-യെ അല്ല മണ്ഡലത്തിന് പ്രതീക്ഷിക്കാനുള്ളത്, ഇടതുമുന്നണിക്ക് തുടര്‍ഭരണപ്രതീക്ഷയുള്ള ഇത്തവണ വള്ളിക്കുന്നിന് ഒരു മന്ത്രിയെത്തന്നെയാണ്. ഉരുക്കുകോട്ടയില്‍ വിള്ളല്‍വീഴ്ത്തി അട്ടിമറിക്കാന്‍ കരുത്തുറ്റ സൗഹൃദക്കൂട്ടായ്മകളും നാട്ടുകാരന്‍ എന്ന നെഞ്ചുറപ്പും വഹാബ് മാസ്റ്ററെ സഹായിക്കും എന്ന് ആദ്യഘട്ട പ്രചാരണം തുടങ്ങിയപ്പോള്‍ തന്നെ ദൃശ്യമായിത്തുടങ്ങിയിരിക്കുന്നു. വള്ളിക്കുന്ന് പുതിയ വാര്‍ത്തകള്‍ക്കായി കാത്തിരിക്കുകയാണ്…തേഞ്ഞിപ്പലം എന്തിനെ തേടിയോ അത് നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയാണ്.