മന്നം ജയന്തി പൊതു അവധിയാക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ഗൗരവതരമായി പരിഗണിച്ചുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പൊള്ളത്തരമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കാന്‍ കഴിയാത്തത് പെരുമാറ്റച്ചട്ടം മൂലമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്നും സുകുമാരന്‍നായര്‍ ആരോപിച്ചു. മന്നംജയന്തി പൊതു അവധി ദിവസമാണെങ്കിലും നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന പൊതു അവധിയായിക്കൂടി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് 2017ലും 2018ലും രണ്ടുതവണ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ അനുകൂല മറുപടി ലഭിച്ചില്ല–സുകുമാരന്‍നായര്‍ ആരോപിച്ചു. പുതിയതായി അവധികളൊന്നും അനുവദിക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ പൊതുവായ നയമെന്നും ഈ സാഹചര്യത്തില്‍ ആവശ്യം പരിഗണിക്കാന്‍ നിര്‍വാഹമില്ലെന്നാണ് ആദ്യ നിവേദനത്തിന് മറുപടി ലഭിച്ചത്. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്‌സ് ആക്ട് പ്രകാരം 15 ദിവസത്തിലധികം പൊതുഅവധി അനുവദിക്കരുതെന്ന് കേന്ദ്രധനകാര്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശമുണ്ട്. സംസ്ഥാനത്തെ പൊതുഅവധികള്‍ പ്രഖ്യാപിക്കുമ്പോള്‍ അതിലും കൂടുതലായി അനുവദിക്കേണ്ടിവരുന്നുണ്ടെന്നും 2018 ല്‍ ഇത്തരത്തിലുള്ള 18 അവധികള്‍ അനുവദിച്ചിട്ടുള്ള സാഹചര്യത്തിലും പുതുതായി അവധികളൊന്നും അനുവദിക്കേണ്ടതില്ലെന്ന പൊതുനയത്തിന്റെ അടിസ്ഥാനത്തിലും ആവശ്യം അംഗീകരിക്കുവാന്‍ നിര്‍വാഹമില്ലെന്നാ
യിരുന്നു രണ്ടാമത്തെ മറുപടി എന്ന് സുകുമാരന്‍ നായര്‍ വിശദീകരിച്ചു.
എന്നാല്‍ ഇതില്‍ സംസ്ഥാന സര്‍ക്കാരിന് സ്വന്തമായി എന്താണ് ചെയ്യാന്‍ കഴിയുക എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് സുകുമാരന്‍ നായര്‍ മറുപടി പറഞ്ഞില്ല. റിസര്‍വ് ബാങ്കിന്റെ തീരുമാനം മറികടന്ന് ബാങ്ക് അവധി ഉള്‍പ്പെടെ അനുവദിക്കാനാവുമോ എന്ന കാര്യമാണ് മുഖ്യമന്ത്രിയുടെ ചോദ്യത്തിലുള്ളത്. ഇതേപ്പറ്റി സുകുമാരന്‍ നായര്‍ മൗനം പാലിച്ചുകൊണ്ടാണ് മുഖ്യമന്ത്രിക്ക് മറുപടിയെന്നോണം പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചത്.
